മന്ത്രി ചന്ദ്രശേഖരന്റെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനം ചെയർമാൻ രമേശൻ തള്ളി

കാഞ്ഞങ്ങാട്: കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളിൽ ജില്ലയിലെ വ്യാപാരികൾക്ക് കടകൾ തുറക്കാനും അടക്കാനും മന്ത്രി ഇ. ചന്ദ്രശേഖരന്റെയും ജില്ലാ കലക്ടർ ഡോ. സജിത്ത്ബാബുവിന്റെയും സാന്നിദ്ധ്യത്തിൽ  നടത്തിയ വീഡിയോ കോൺഫറൻസിൽ നടന്ന ചർച്ചകളെ അടിസ്ഥാനപ്പെടുത്തി നൽകിയുള്ള ഇളവുകൾ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ തള്ളി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ കടകൾ അടച്ചിടണമെന്ന ആവശ്യം ഉന്നയിച്ചാണ് നഗരസഭാ ചെയർമാൻ വി.വി. രമേശൻ വ്യാപാരികളുടെ യോഗം  ഇന്നലെ വിളിച്ച് കൂട്ടിയത്.

നഗരത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന നിർദ്ദേശമായിരുന്നു വി.വി. രമേശൻ മുന്നോട്ട്വെച്ചത്.

കാഞ്ഞങ്ങാട് നഗരസഭയിൽ മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്നായിരുന്നു വ്യാപാരി പ്രതിനിധികൾ പറഞ്ഞത്. കോവിഡ് പ്രോട്ടോക്കോൾ കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ കൃത്യമായി പാലിക്കാൻ സന്നദ്ധമാണെന്ന ഉറപ്പ് വ്യാപാരി നേതാക്കൾ നൽകുകയുണ്ടായി.

ശാരീരിക അകലം നിർബ്ബന്ധമായും നടപ്പിലാക്കാനും, മാസ്കും ഗ്ലൗസും ഉപയോഗിക്കുന്നത് കർശ്ശനമാക്കാനും ഉൾപ്പെടെ തീരുമാനങ്ങളാണ്  യോഗത്തിലെടുത്തത്.

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശ്ശനമാക്കാൻ നിർദ്ദേശിച്ച വ്യാപാരികൾ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വ്യാപാരികൾക്കെതിരെ കർശ്ശന  നടപടിയെടുക്കാനും തീരുമാനമുണ്ടായി.

നിയമങ്ങൾ കർശ്ശനമായി നടപ്പിലാക്കുമെന്ന വ്യാപാരികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് യോഗം പിരിഞ്ഞത്.

എന്നാൽ വൈകീട്ട് നഗരത്തിൽ നഗരസഭാ മൈക്ക് കെട്ടി പ്രചാരണം നടത്തിയത് കടകൾ രാവിലെ 9 മുതൽ വൈകീട്ട് 7 വരെ മാത്രമെ പ്രവർത്തിപ്പിക്കാൻ പാടുള്ളു എന്നായിരുന്നു. വിശദ ചർച്ചയ്ക്ക് ശേഷം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനത്തിന്  വിരുദ്ധമായാണ് നഗരസഭ ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിച്ചത്.

എന്നാൽ കണ്ടയിൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ കർശ്ശനമാക്കാനും തീരുമാനമുണ്ടായിരുന്നു.

അതേസമയം വ്യാപാരികളുടെ യോഗത്തിൽ നടത്തിയ ചർച്ചയിൽ എടുക്കാത്ത തീരുമാനങ്ങളാണ് നഗരസഭ പ്രചരിപ്പിച്ചത്. ഇത് വലിയ ആശയക്കുഴപ്പമാണ് വ്യാപാരികൾക്കിടയിലുണ്ടാക്കിയത്.

നഗരസഭാ ചെയർമാന് പുറമെ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. ജാഫർ, സിക്രട്ടറി ഗിരീഷ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് സി.യൂസഫ്ഹാജി, വ്യാപാരി വ്യവസ്യായി എകോപന സമിതിയുടെയും  വ്യാപാരി വ്യവസായിയുടെയും നേതാക്കൾ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുകയുണ്ടായി.

LatestDaily

Read Previous

ചികിൽസയിലുളള സ്ത്രീക്കും ഭർത്താവിനും ബന്ധുവിനും കോവിഡ്

Read Next

പടന്നക്കാട് ദേശീയപാതയിലെ കുഴികൾ കോൺക്രീറ്റ് ചെയ്യും