ഇടതു ഹർത്താലിനെതിരെ വ്യാപാരികൾ

കാഞ്ഞങ്ങാട്: പഴയകടപ്പുറത്ത് ഡിവൈഎഫ്ഐ യൂനിറ്റംഗം ഔഫ് അബ്ദുറഹ്മാൻ വെട്ടേു മരിച്ച സംഭവത്തിൽ ഇന്ന് കാഞ്ഞങ്ങാട്ട് ഹർത്താലിൽ ആഹ്വാനം ചെയ്ത ഇടതുമുന്നണി നടപടിക്കെതിരെ വ്യാപാരികൾ. കാഞ്ഞങ്ങാട് നഗരസഭയിൽ ഹർത്താലാചരിക്കാനായിരുന്നു ഇടതുമുന്നണി മുൻസിപ്പൽ കമ്മിറ്റി ആഹ്വാനം ചെയ്തത്. എന്നാൽ ക്രിസ്മസ്സിന്റെ തലേന്നാളായ ഇന്ന് ഹർത്താലാചരിക്കുന്നതിനെതിരെ വ്യാപാരികളിൽ വലിയ തോതിലുള്ള പ്രതിഷേധമാണുയർന്നത്.

ഹർത്താലിനെതിരായ പ്രതിഷേധമറിയിക്കാൻ കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ 11 മണിക്ക് പ്രസ് ഫോറത്തിൽ വാർത്താസമ്മേളനം വിളിച്ചു. എന്നാൽ സിപിഎം ഏരിയാ സിക്രട്ടറി കെ. രാജ്മോഹന്റെ അഭ്യർത്ഥനയെ തുടർന്ന് വാർത്താ സമ്മേളനം മാറ്റിവെക്കുകയായിരുന്നു. ഹർത്താലാഹ്വാനങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവ്, നില നിൽക്കെ, ഹർത്താൽ പ്രഖ്യാപിച്ചത് അന്യായവും വ്യാപാരികൾക്ക് ഏറെ പ്രയാസങ്ങൾ ഉണ്ടാക്കുന്നതുമാണെന്ന് വ്യാപാരഭവനിൽ ചേർന്ന മർച്ചന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് സി. യൂസഫ് ഹാജി അധ്യക്ഷനായി. ഭാരവാഹികളായ എം. വിനോദ്, രാജേന്ദ്രകുമാർ, സി.കെ. ആസിഫ്, ബി. ആർ. ഷേണായ്, പ്രമോദ്, നിത്യാനന്ദ നായക് തുടങ്ങിയവർ സംസാരിച്ചു. ഹർത്താലാഹ്വാനം ചെയ്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

LatestDaily

Read Previous

എറണാകുളം സ്വദേശി കാലിച്ചാനടുക്കത്ത് ബൈക്കപകടത്തിൽ മരിച്ചു

Read Next

സുഗതകുമാരി