ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും ടി.പി.ആർ തീരുമാനിക്കുന്നതും അശാസ്ത്രീയമെന്ന് വ്യാപാരികൾ. നിലപാടുകളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റിന്റെയും മാവുങ്കാൽ യൂണിറ്റിന്റെയും ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭയ്ക്ക് നിവേദനം നൽകി. അശാസ്ത്രീയ ലോക്ക് ഡൗൺ അജാനൂർ പഞ്ചായത്തിലെ വ്യാപാരികളെ ഒന്നടങ്കം വലിയ ദുരിതത്തിലാക്കിരിക്കുകയാണ്. രോഗവ്യാപന നിരക്കിന്റെ പേരിൽ കടകൾ മുഴുവൻ അടച്ചിട്ട് കൊണ്ടുള്ള ലോക്ക് ഡൗൺ ചെറുകിട വ്യാപാരികളുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നു.
നിത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി കിടപ്പാടവും കെട്ടു താലിയും വരെ പണയം വെച്ച് കച്ചവടം ചെയ്യുന്നവരുണ്ട് ചെറുകിട വ്യാപാരികളിൽ. എന്തിന്റെ പേരിലായാലും അനിശ്ചിതമായി നീണ്ടു പോകുന്ന ലോക്ക് ഡൗണുകൾ ഞങ്ങളുടെ ജീവിതം തന്നെയാണ് മുട്ടിക്കുന്നത്. യഥാർത്ഥത്തിൽ ഇന്ന് ടി പി ആർ തീരുമാനിക്കുന്ന രീതിയും ലോക്ക് ഡൗണും തികച്ചും അശാസ്ത്രീയമാണ്. രോഗ ലക്ഷണങ്ങളുടെ പേരിൽ പരിശോധനയ്ക്ക് എത്തുന്നവരുടെ റിസൾട്ട് മാത്രം അടിസ്ഥാനമാക്കിയുള്ള ടി പി ആർ എപ്പോഴും ഉയർന്നു തന്നെയിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് മുഴുവൻ ലോക്ക്ഡൗൺ തീരുമാനിക്കുന്നത് തെറ്റായ നടപടിക്രമമാണ്. ഇതിനു പകരം വ്യാപകമായി പരിശോധനകൾ നടത്തിക്കൊണ്ട് ടി പി ആർ തീരുമാനിച്ചാൽ അജാനൂർ പഞ്ചായത്തിൽ ടി പി ആർ വളരെ കുറച്ചു മാത്രമേ കാണുകയുള്ളൂ.
രണ്ടാമതായി വേലാശ്വരം പോലുള്ള ഒരു പ്രദേശത്ത് രോഗ നിരക്ക് കൂടിയതിന്റെ പേരിൽ ഏകദേശം 7 കിലോമീറ്റർ ദൂരമുള്ള കൊത്തിക്കാൽ വരെയുള്ള പ്രദേശങ്ങൾ അടച്ചിടുന്നത് അന്ധമായ നടപടിയാണ്. എന്നാൽ തൊട്ടടുത്തുള്ള പല പ്രദേശങ്ങളും പഞ്ചായത്ത് മാറിയതിന്റെ പേരിൽ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നുവെന്നത് പഞ്ചായത്ത് മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ അശാസ്ത്രീയത വെളിവാക്കുന്നതാണ്.
ഇതിന് പകരം കൂടുതൽ കേസുകൾ കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും മാത്രം മൈക്രോ കണ്ടൈൻമെൻറ് പ്രഖ്യാപിക്കുകയാണ് വേണ്ടത്. അതു കൊണ്ട് രോഗവ്യാപന നിരക്ക് നിശ്ചയിക്കുന്നതിലെയും പഞ്ചായത്ത് മുഴുവനുള്ള ലോക്ക്ഡൗണിലെയും അശാസ്ത്രീയത പരിഹരിച്ച് വ്യാപാരികളുടെയും തൊഴിലാളികളുടെയും തൊഴിൽ ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് പ്രസിഡന്റ് ഹംസ പാലക്കി, മാവുങ്കാൽ യൂണിറ്റ് പ്രസിഡന്റ് ലോഹിതാക്ഷൻ, കൊളവയൽ യൂണിറ്റ് പ്രസിഡന്റ് അലവി ഹാജി എന്നിവർ പഞ്ചായത്ത് അധികൃതർക്ക് നൽകിയ നിവേദനത്തിൽ വ്യക്തമാക്കി.