കാഞ്ഞങ്ങാട് ടൗണിൽ ഗതാഗതം തോന്നുംപടി

കോട്ടച്ചേരി ട്രാഫിക് സർക്കിളിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് കണ്ണടച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും സിഗ്നൽ  സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല.

ട്രാഫിക് സിഗ്നൽ  സംവിധാനം ഇല്ലാതായതോടെ ജംഗ്ഷനിൽ വാഹനങ്ങൾ തോന്നിയപോലെ സഞ്ചരിക്കുന്നതിനാൽ അപകട ഭീഷണിയും വർധിച്ചു.

കെ.എസ് ടിപി  റോഡ് നിർമ്മാണം പൂർത്തിയായതോടെ കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ സ്ഥാപിച്ച ഓട്ടോ മാറ്റിക്  സിഗ്നൽ  സംവിധാനത്തെക്കുറിച്ച് തുടക്കം മുതൽ പരാതികളുണ്ടായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും  ടൗണിലേക്ക് വരികയും പോകുകയും ചെയ്യുന്ന വാഹനങ്ങൾക്ക് ഏറ്റവും കൂടിയ സമയമാണ് സിഗ്നൽ സംവിധാനം വഴി അനുവദിച്ചിരുന്നത്.

റെയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ടൗണിലേക്ക് പ്രവേശിക്കുന്നവർ എങ്ങോട്ട് പോകണമെന്ന് നിശ്ചയിക്കാത്ത വിധത്തിലാണ് ആരംഭഘട്ടത്തിൽ  സിഗ്നൽ പ്രവർത്തിച്ചിരുന്നത്.

പിന്നീട് പരാതികളുയർന്നതോടെ റെയിൽവേ സ്റ്റേഷൻ റോഡ് വഴി വരുന്ന വാഹനങ്ങൾക്കും നിശ്ചിത  സമയം അനുവദിച്ചു. ഓട്ടോ മാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം വന്നതോടെ അന്ന് ട്രാഫിക് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവായിത്തീർന്നു. 

യാത്രക്കാരുടെ വഴി മുടക്കിയായ സിഗ്നലിന്റെ പ്രവർത്തനം ഏറെ താമസിയാതെ നിലയ്ക്കുകയും, പിന്നീട് സിഗ്നലിനെ അധികൃതർ തിരിഞ്ഞു നോക്കാത്ത സ്ഥിതി വന്നു. കാഞ്ഞങ്ങാട്ടെ ഗതാഗത നിയന്ത്രണത്തിന്റെ കാര്യത്തിൽ വഞ്ചി ഇപ്പോഴും  തിരുനക്കരെ ത്തന്നെ. തിരക്കേറിയ ടൗണിൽ തീർത്തും അപരിഷ്കൃതമായ രീതിയിലാണ് ഗതാഗത നിയന്ത്രണം നടക്കുന്നത്.

കാൽ നടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാവരകൾ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജീവൻ കൈയ്യിലെടുത്താണ് കാഞ്ഞങ്ങാട് ടൗണിൽ കാൽ നടയാത്രക്കാർ  റോഡ് മുറിച്ചു കടക്കുന്നത്.

Read Previous

മുണ്ടോട്ട് വൻ ചൂതാട്ട സംഘം പിടിയിൽ

Read Next

സൗഹൃദം മാത്രം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടില്ല: ശിവശങ്കർ