ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടി കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്നു.
കൊവ്വൽപ്പള്ളി മുതൽ, നോർത്ത് കോട്ടച്ചേരി വരെ കെ. എസ്. ടി. പി റോഡിൽ വാഹനങ്ങൾ നിറഞ്ഞൊഴുകി പരന്നു കിടക്കുന്ന കാഴ്ച പതിവായി.
ബസ് സ്റ്റാന്റിന് മുൻവശം റോഡിലും, കോട്ടച്ചേരി ട്രാഫിക്ക് സർക്കിൾ, ടി. ബി. റോഡ് സർക്കിൾ, പുതിയകോട്ടയിലും ഗതാഗത കുരുക്ക് അതിരൂക്ഷമാണ്. നഗരത്തിൽ ട്രാഫിക് സംവിധാനം പാടെ കുത്തഴിഞ്ഞു കിടക്കുന്നു.

ഏതാനും ഹോം ഗാർഡുകൾ മാത്രമാണ് ട്രാഫിക് ഡ്യൂട്ടിയിലുള്ളത്. പിങ്ക് പോലീസ് നഗരത്തിൽ കാഴ്ചക്കാരായി മാറുന്നു. ട്രാഫിക് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരെ നഗരത്തിൽ കാണാതായിട്ട് മാസങ്ങൾ കഴിഞ്ഞു. സർവ്വീസ് റോഡുകൾ പാർക്കിംഗ് കേന്ദ്രങ്ങളായി മാറി. അരമണിക്കൂറിലേറെ ട്രാഫിക് കുരുക്കിൽ കുടുങ്ങി കിടക്കാതെ വാഹനങ്ങൾക്ക് നഗരത്തിന് പുറത്തു കടക്കാനാവില്ല.

കണ്ടെയ്നർ ലോറികൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്ക് കെഎസ്ടിപി റോഡിലൂടെ സഞ്ചാര സ്വാതന്ത്ര്യം നൽകിയത് ഗതാഗത കുരുക്കിന്റെ പ്രധാന കാരണമാണ്. മൽസ്യം കയറ്റിയുള്ള മിക്ക വാഹനങ്ങളുമിപ്പോൾ കടന്നു പോകുന്നത് കെഎസ്ടിപി റോഡിലൂടെയാണ്. കാഞ്ഞങ്ങാട്– കാസർകോട് റൂട്ടിൽ 10 കിലോ മീറ്റർ ദൂരം ലാഭിക്കുന്നതിനാണ് ദേശീയ പാത ഒഴിവാക്കി, വലിയ വാഹനങ്ങളും, മൽസ്യ– ചരക്ക് വാഹനങ്ങളും കെഎസ്ടിപി റോഡിനെ ആശ്രയിക്കുന്നത്. ഇത്തരം വാഹനങ്ങൾ കെഎസ്ടിപി റോഡിൽ പ്രവേശിക്കുന്നതിന് മുമ്പ് കർശന വിലക്കുണ്ടായിരുന്നു.

കെഎസ്ടിപി റോഡ് ആരംഭിക്കുന്ന കാഞ്ഞങ്ങാട് സൗത്തിലും, കാസർകോട് പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിൽ നിന്നും വലിയ വാഹനങ്ങളെ ദേശീയ പാത വഴി തിരിച്ചു വിടാൻ പോലീസ് നടപടി നേരത്തെയുണ്ടായിരുന്നുവെങ്കിലും, ഇപ്പോഴതില്ലാത്തതാണ് വലിയ വാഹനങ്ങൾ കെഎസ്ടിപി റോഡ് കീഴടക്കാനുള്ള പ്രധാന കാരണം.

LatestDaily

Read Previous

പൂക്കോയയെ തേടിപ്പോയ പോലീസ് വെറും കൈയ്യോടെ മടങ്ങി

Read Next

നടിയുടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു