കാഞ്ഞങ്ങാട്ട് ഷട്ടർ തകർത്ത് കവർച്ച, വാഹനത്തിൽ കയർ കെട്ടി വലിച്ച് ഷട്ടർ തകർത്തു

കവർച്ചയുടെ പുതിയ രീതി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപം ഫാൽകോ ടവറിലെ രണ്ട് കടകളിൽ ഷട്ടർ തകർത്ത് കവർച്ച. ഫാൽകോ ടവറിൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഫ്രീക്ക് ജൻസ് വസ്ത്രാലയത്തിലും, തൊട്ടടുത്ത മർസ ലേഡീസ് വസ്ത്രാലയത്തിലുമാണ് രാത്രി കവർച്ച നടന്നത്. ലോക് ഡൗൺ ഇളവിനെ തുടർന്ന് ഇന്നലെ കട തുറന്നതിനെത്തുടർന്ന് ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള കച്ചവടം നടന്നിരുന്നു.

ഇന്നലത്തെ കളക്ഷൻ കടയിൽ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് കരുതിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയതെന്നാണ്  അനുമാനം. മേശവലിപ്പിൽ സൂക്ഷിച്ച 2,500  രൂപ ചാരിറ്റി ഭണ്ഡാരപ്പെട്ടിയും ഫ്രീക്ക് വസ്ത്രാലയത്തിൽ നിന്ന് മോഷണം പോയി. വസ്ത്രങ്ങൾ വാരിവലിച്ചിട്ട് നശിപ്പിച്ച നിലയിലാണ്. ഇരു വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വസ്ത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല.

മർസ വസ്ത്രാലത്തിൽ നിന്നും ചില്ലറതുക നഷ്ടപ്പെട്ടു. വിദ്യാനഗർ സ്വദേശി നൗഷാദിന്റെതാണ് ഫ്രീക്ക് വസ്ത്രാലയം. നായന്മാർ മൂലയിലെ ബഷീറിന്റേതാണ് മർസ ലേഡീസ് കളക്ഷൻ. വാഹനത്തിൽ കെട്ടിയ കയർ, പൂട്ടിയ കടയുടെ ഷട്ടറിൽ ബന്ധിപ്പിച്ച് വാഹനം മുന്നോട്ടെടുത്ത ശേഷം ഷട്ടറിന്റെ താഴ്ഭാഗം വലിച്ചുയർത്തി മോഷ്ടാക്കൾ കടയ്ക്കകത്ത് കയറിയെന്നാണ് കരുതുന്നത്. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നു.

LatestDaily

Read Previous

മന്ത്രി ഉദ്ഘാടനം ചെയ്ത സെമിനാറിൽ നൂറ് പേർ

Read Next

മാക്കുട്ടം ചുരം പാതയിൽ ബസ്സ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു