പൊതുനിരത്തിലെ പൊതു പരിപാടികളിൽ ജനം പൊറുതിമുട്ടി

കാഞ്ഞങ്ങാട്: നഗര ഹൃദയത്തിൽ സദാസമയവും തിരക്കേറുന്ന കോട്ടച്ചേരി പെട്രോൾ പമ്പിന് മുൻവശത്തെ പൊതു സ്ഥലത്തെ പൊതുപരിപാടികൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രത്തിന് നേരെ കൊഞ്ഞനം കാട്ടുന്നു. വിജയോൽസവം മുതൽ പരാജിതരുടെ പരിഭവം വരെ പറയുന്ന പൊതു പരിപാടികളുടെ വേദിയായി മാറിയിരിക്കുകയാണ് കോട്ടച്ചേരി പെട്രോൾ പമ്പിന് മുൻവശത്തെ പാതയോരം.

നഗരത്തിലെത്തുന്ന ഇരു ചക്രവാഹനങ്ങൾക്കും, ചെറുവാഹനങ്ങൾക്കും അൽപ്പസമയം പാർക്ക് ചെയ്യാനുള്ള ഒരിടമായിരുന്നു ഇത്. ഈയിടെ പെട്രോൾ പമ്പിന്റെ മാനേജ്മെന്റ് മാറിയപ്പോൾ പാർക്കിംഗ് സ്ഥലം പൂർണ്ണമായും പമ്പുടമകൾ വളച്ചിട്ടത് വലിയ പ്രതിഷേധമുയർന്നിരുന്നു. മാധ്യമങ്ങളുടെ ഇടപെടലിലാണ് ഇവിടം പൂർവ്വസ്ഥിതിയിലായത്. എന്നാൽ ഇപ്പോൾ പാർക്കിംഗിന് നീക്കിവെച്ച സ്ഥലമുൾപ്പെടെ പൊതു പരിപാടികൾ നടത്തുന്നവർ കയ്യേറി വേദി ഒരുക്കുകയാണ്. ദിവസവും വൈകിട്ട് നടക്കുന്ന പൊതു പരിപാടികൾക്കായി നഗരം ഉണരും മുമ്പേ തന്നെ സംഘാടകർ കസേരകൾ നിരത്തി സ്ഥലം പിടിക്കുന്നു.

ചെറിയൊരു വൃത്തത്തിലുള്ള സ്ഥലമാണെങ്കിലും രാവിലെ മുതൽ തന്നെ ഇവിടെ പന്തലും, വേദിയുമൊരുക്കി ജനറേറ്ററും, ഉച്ചഭാഷിണിയും മറ്റും കൊണ്ട് വെച്ച് സ്ഥലം പൂർണ്ണമായും സംഘാടകർ കയ്യടക്കുകയാണ്. പാതയോരത്ത് പൊതുയോഗങ്ങൾ നടത്തുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ടെങ്കിലും, ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന വിധത്തിലാണ് സംഘാടകരുടെ സമീപനം. കോട്ടച്ചേരി ബസ് സ്റ്റാന്റിലേക്കും, സമീപത്തെ കടകളിലേക്കും പോവുന്ന കാൽനട യാത്രക്കാരെയും, വാഹനങ്ങളെയും തടസ്സപ്പെടുത്തിക്കൊണ്ടുള്ള പൊതു പരിപാടികൾ നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഒരു നടപടിയും ഉണ്ടാവുന്നില്ല.

പൊതു പരിപാടികളിലെ ശബ്ദഘോഷവും ആളുകളുടെ അനിയന്ത്രിതമായ കൂട്ടു ചേരലുകളും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഇടപാടുകാർക്കെത്താൻ കഴിയാത്ത വിധം ദുസ്സഹമായിരിക്കുന്നു. നിയമത്തെ പരസ്യമായി വെല്ലുവിളിച്ച് അഭിപ്രായ സ്വാതന്ത്രത്തിനും, അവകാശങ്ങൾക്കുമായി ഘോര ഘോരം ഒച്ചയിടുന്നവരറിയുന്നില്ല തങ്ങൾ ജനങ്ങളുടെ സ്വാതന്ത്രത്തിന് നേരെയുള്ള കയ്യേറ്റമാണ് നടത്തുന്നതെന്ന്. അധികൃതരുടെ മൗനസമ്മതം കൂടിയാവുമ്പോൾ ജനം പൊറുതി മുട്ടി സഹിക്കുകയേ നിർവ്വാഹമുള്ളൂ. നിർവ്വാഹമുള്ളൂ.

LatestDaily

Read Previous

വ്യാജ ചികിത്സ: ഹംസ വൈദ്യരുടെ ആദ്യ ഭാര്യ പോലീസ് പിടിയിൽ

Read Next

വർത്തമാനം