ആകാശപ്പാതയിലെ ആശങ്കകൾ

കാഞ്ഞങ്ങാട് നഗരത്തിന് മുകളിൽക്കൂടി നിർമ്മിക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട ആകാശപ്പാത ലക്കും ലഗാനുമില്ലാതെയുള്ള കാഞ്ഞങ്ങാട്ടെ വാഹനത്തിരക്കിന് അൽപ്പം ആശ്വാസം നൽകുെമങ്കിലും നഗരത്തിന് മുകളിലൂടെയുള്ള പാത കാഞ്ഞങ്ങാട്ടെ വ്യാപാര മേഖലയെ സ്തംഭിപ്പിക്കുമെന്ന ആശങ്കകൾ നിലനിൽക്കുകയാണ്. വ്യാപാരികളുടെ ഈആശങ്ക തീർത്തും അസ്ഥാനത്താണെന്ന് പറയാൻ കഴിയില്ല.

നാനൂറ് കോടി മുതൽമുടക്കിയുള്ള ഫ്ലൈഓവർ നിർമ്മാണത്തിനാണ് സംസ്ഥാന സർക്കാർ കാഞ്ഞങ്ങാട്ട് അനുമതി നൽകിയിട്ടുള്ളത്.  പ്രാരംഭ നടപടികൾക്കായി നാൽപ്പത് കോടി നീക്കി വെച്ച സാഹചര്യത്തിൽ ആകാശപ്പാത നിർമ്മാണം പ്രസ്താവനയിലും വാഗ്ദാനത്തിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് വ്യക്തവുമാണ്. അലാമിപ്പള്ളിയിൽ നിന്നുമാരംഭിച്ച് അജാനൂർ പഞ്ചായത്തിലെ ഇഖ്ബാൽ ജംഗ്ഷനിലെത്തുന്ന മൂന്നര കിലോമീറ്റർ ദൂരത്തിനിടയിൽ കാഞ്ഞങ്ങാട്ടെ  തന്ത്രപ്രധാനമായ വ്യാപാര കേന്ദ്രങ്ങളെല്ലാമുൾപ്പെടും.

കെഎസ്ടിപി റോഡ് പദ്ധതിയുടെ പൂർത്തീകരണത്തോടെ ദേശീയപാത വഴി പോയ്ക്കൊണ്ടിരിക്കുന്ന മുഴുവൻ വാഹനങ്ങളും ഗതിമാറ്റിയിരിക്കുകയാണ്. കാഞ്ഞങ്ങാട്ടെ അനിയന്ത്രിതമായ  വാഹനത്തിരക്കിന് കാരണവും ഇതാണ്. നിന്നു തിരിയാനിടമില്ലാത്ത കാഞ്ഞങ്ങാട് നഗരം വഴി ദീർഘദൂര ചരക്ക് വാഹനങ്ങളടക്കം യാത്ര തുടങ്ങിയതോടെയാണ് നഗരം വാഹനയാത്രക്കാർക്ക് രാവണൻ കോട്ടയായത്. നഗരത്തിന് മുകളിലൂടെയുള്ള ഫ്ലൈഓവർ ദീർഘദൂരം വാഹനങ്ങളെ വഴി തിരിച്ചുവിടാൻ അനുയോജ്യമാണെങ്കിലും നഗരം ഒറ്റപ്പെടാനുള്ള സാധ്യത വളരെ ഏറെയാണ്.

ഈയൊരു സാഹചര്യത്തിലാണ് വ്യാപാരികളുടെ ആശങ്കകൾ അസ്ഥാനത്തല്ലെന്ന് വ്യക്തമാകുന്നത്. നഗരം ആൾത്തിരക്കൊഴിഞ്ഞ് വിജനമായാൽ മുഴുവൻ കച്ചവടസ്ഥാപനങ്ങളെയും അത് ബാധിക്കും. കോവിഡ് ലോക്ഡൗണോടെ തകർച്ചയുടെ വക്കിലെത്തിയ കാഞ്ഞങ്ങാട്ടെവ്യാപാരമേഖലയ്ക്ക്  ഇനിയൊരു തിരിച്ചടി കൂടി നേരിടാനുള്ള ത്രാണിയുമുണ്ടാകില്ല. മേൽപ്പാതയെന്ന സങ്കൽപ്പം  വളരെ ദീർഘ വീക്ഷണമുള്ളതാണെങ്കിലും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകൾ വലുതാണ്. ഇവ പരിഹരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. 

കാഞ്ഞങ്ങാട് നഗരത്തെ ഒറ്റപ്പെടുത്തുന്ന രീതിയിലായിരിക്കരുത് പാലത്തിന്റെ രൂപ കൽപ്പന. ഇത്തരത്തിലൊരു പദ്ധതി വ്യാപാര മേഖലയ്ക്ക് കോട്ടം വരാതെ എങ്ങിനെ രൂപകൽപ്പന ചെയ്യാമെന്നതിനെക്കുറിച്ച് വ്യാപാരികളെയും ഉൾപ്പെടുത്തി ചർച്ചകൾ നടത്താൻ സർക്കാർ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.  കോടിക്കണക്കിന് രൂപയുടെ വ്യാപാരം നടക്കുന്ന ജില്ലയിലെ തന്ത്രപ്രധാനമായ വ്യാപാര മേഖലയാണ് കാഞ്ഞങ്ങാട് മൂന്ന് കിലോമീറ്ററിനുള്ളിൽ റോഡിന്റെ ഇരുവശവുമായാണ് കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. വ്യാപാര കേന്ദ്രങ്ങളുടെ തകർച്ച അതിനെ ആശ്രയിച്ചുകഴിയുന്നവരുടെ കുടുംബങ്ങളുടെയും ജീവനക്കാരെയും  ബാധിക്കുമെന്നതിനാൽ ആശങ്കകൾ തീരെ ചെറുതുമല്ല.  നിർദ്ദിഷ്ട ആകാശപ്പാതയിൽ നിശ്ചിത സ്ഥലങ്ങളിലായി പൊതു ജനങ്ങൾക്ക് നഗരവുമായി ബന്ധപ്പെടാനുള്ള വഴികൾ കൂടി ഉൾപ്പെടുത്തുന്നത് ഏറെ പ്രയോജനപ്രദമാകും.

പാതയുടെ വശങ്ങളിൽ കാൽനടയാത്രികർക്ക് നഗരത്തിലിറങ്ങാനുള്ള വഴികൾ കൂടി രൂപകൽപ്പനയിലുൾപ്പെടുത്തണം. വാഹനങ്ങൾക്ക് നഗരമധ്യത്തിലിറങ്ങാവുന്ന വിധത്തിൽ ആകാശപ്പാത രൂപകൽപ്പന ചെയ്താൽ നഗരം ഒറ്റപ്പെടാനുള്ള സാധ്യതയും കുറവാണ്. വ്യാപാരികളുടെയും പൊതു സമൂഹത്തിന്റെയും ഇച്ഛകൾക്കനുയോജ്യമായ പദ്ധതിയായിരിക്കണം കാഞ്ഞങ്ങാട്ടെ നിർദ്ദിഷ്ട ആകാശപ്പാത. വികസന പദ്ധതികൾ ആദ്യ ഘട്ടങ്ങളിൽ പൊതു ജനങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടുണ്ടാകുമെങ്കിലും  കാലക്രമേണ ജനം അതുമായി പൊരുത്തപ്പെടുക തന്നെ ചെയ്യും. കാഞ്ഞങ്ങാട്ടെ ആകാശപ്പാതയെ വ്യാപാരികൾ എതിർക്കാൻ സാധ്യതയില്ലെങ്കിലും  അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതു തന്നെയാണ്.  സർക്കാർ ഇവ പരിഹരിക്കുമെന്ന് തന്നെ കരുതാം. 

LatestDaily

Read Previous

റംല നയിച്ചത് അടിപൊളി ജീവിതം

Read Next

കോട്ടച്ചേരി മേൽപ്പാലം ഗർഡറുകൾ സ്ഥാപിക്കാനുള്ള അപേക്ഷ റെയിൽ സുരക്ഷാ കമ്മീഷൻ മടക്കി