കാഞ്ഞങ്ങാട് ആകാശപ്പാത അജാനൂരിന് ഗുണകരം കാഞ്ഞങ്ങാടിന് നഷ്ടവും

കാഞ്ഞങ്ങാട്: എഴുപത്തിമൂന്ന് കോടി ചെലവിൽ കാഞ്ഞങ്ങാട് നഗരത്തിൽ പണിയാൻ പോകുന്ന ആകാശപ്പാത (ഫ്ലൈഓവർ) അജാനൂരിന്റെ വ്യാപാര മേഖലയ്ക്ക് മുതൽക്കൂട്ടായി മാറും. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ആകാശപ്പാതയ്ക്ക് സംസ്ഥാന ബജറ്റിൽ നേരത്തെ 40 കോടി രൂപ വകയിരുത്തിയിരുന്നു. റോഡ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനായിരിക്കും നിർമ്മാണച്ചുമതല. കോട്ടച്ചേരി പഴയ കൈലാസ് തിയേറ്ററിന് സമീപത്ത് നിന്ന് തുടങ്ങി സംസ്ഥാനപാതയിൽ ഇഖ്ബാൽ റോഡ് ജംഗ്ഷനിലാണ് ആകാശപ്പാത അവസാനിക്കുക. നിർമ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചു.

തുടക്കത്തിൽ അലാമിപ്പള്ളിയിൽ നിന്നാരംഭിച്ച് ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെയായിരുന്നു ആകാശപ്പാത തീരുമാനിച്ചത്. എന്നാൽ നഗരത്തിലൂടെയുള്ള ആകാശപ്പാത കാഞ്ഞങ്ങാട്ടെ വ്യാപാരികൾക്ക് ദോഷകരമാവുമെന്നും നഗരം തൊടാതെ വാഹനങ്ങൾ കടന്നുപോവുന്നത് വ്യാപാര മേഖലയെ തകർച്ചയിലേക്ക് തള്ളിവിടുമെന്നുമുള്ള വാദഗതികൾ ഉയർന്നുവന്നപ്പോൾ അലാമിപ്പള്ളി മുതൽ പുതിയകോട്ട വരെയുള്ള ഭാഗങ്ങളൊഴിവാക്കി പഴയ കൈലാസ് തിയേറ്ററിന് സമീപത്ത് നിന്ന് തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ ആകാശപ്പാതയുടെ ഏറ്റവും വലിയ പ്രായോജകർ അജാനൂർ നോർത്ത് കോട്ടച്ചേരി മുതൽ തെക്കോട്ടുള്ള വ്യാപാരി സമൂഹമായിരിക്കും. ഇപ്പോൾത്തന്നെ കാഞ്ഞങ്ങാട്ടെ വലിയ വ്യാപാര സ്ഥാപനങ്ങളെല്ലാം നോർത്ത് കോട്ടച്ചേരി മുതൽ വടക്കോട്ടാണ്. ഗൃഹോപകരണങ്ങൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, ജ്വല്ലറികൾ, വലിയ ഫർണ്ണിച്ചർ കടകൾ, ഹാർഡ് വെയർസ്ഥാപനങ്ങൾ, ഇലക്ട്രോണിക് കടകൾ തുടങ്ങി ദിനംപ്രതി ലക്ഷങ്ങളുടെ വിൽപ്പന നടക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ഇവിടെയാണ്. നോർത്ത് കോട്ടച്ചേരിയിലെത്താൻ ആകാശപ്പാത വഴിയൊരുക്കുമ്പോൾ നഗരത്തിലെ ട്രാഫിക് കുരുക്കുകളോ പാർക്കിംഗ് പ്രശ്നങ്ങളോ ഇല്ലാതെ ഇടപാടുകാർക്ക് നേരിട്ട് നോർത്ത് കോട്ടച്ചേരി മുതൽ വടക്കോട്ട് സഞ്ചരിക്കാം.

ഇപ്രകാരം അജാനൂർ പഞ്ചായത്തിൽപ്പെട്ട നോർത്ത് കോട്ടച്ചേരി മുതൽ വടക്കോട്ടുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ആകാശപ്പാത വലിയ മുതൽക്കൂട്ടാകും. പുതിയകോട്ട മുതൽ കോട്ടച്ചേരി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ വലിയ കച്ചവട മാന്ദ്യം നേരിടുന്നുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാനിടമില്ലാത്തതും ഓട്ടോ റിക്ഷകളുടെയും സ്വകാര്യ വാഹനങ്ങളുടെയും അനധികൃത പാർക്കിംഗും കാരണം ഉപഭോക്താക്കൾക്ക് കോട്ടച്ചേരിയിലെത്തി വ്യാപാര സ്ഥാപനങ്ങളിൽ കയറാൻ വലിയ പ്രയാസമാവുകയാണ്.

ആകാശപ്പാത യാഥാർത്ഥ്യമായാൽ അജാനൂരിന്റെ വ്യാപാര മേഖല വൻതോതിൽ അഭിവൃദ്ധി പ്രാപിക്കും. ഇപ്പോൾ തന്നെ കാഞ്ഞങ്ങാട് നഗരത്തേക്കാൾ ഭൂമി വില നോർത്ത് കോട്ടച്ചേരി തെക്കേപ്പുറം, അതിഞ്ഞാൽ, മാണിക്കോത്ത് ഭാഗങ്ങളിലാണ്.  ആകാശപ്പാത വന്നാൽ നോർത്ത് കോട്ടച്ചേരി മുതൽ ചിത്താരി വരെ വലിയ വ്യാപാര കേന്ദ്രമായി മാറിവരും. അജാനൂരിന്റെ വികസനത്തിന് വൻ തോതിൽ മുതൽക്കൂട്ടായി മാറുന്നതിനൊപ്പം കോട്ടച്ചേരിയിലെ ഗതാഗതക്കുരുക്ക് തീരെ ഇല്ലാതാവുകയും പാർക്കിംഗ് സുഗമമാവുകയും ചെയ്യും.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗര ബജറ്റിൽ വിനോദ സഞ്ചാരത്തിനും കൃഷിക്കും ഊന്നൽ

Read Next

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഭണ്ഡാര മോഷ്ടാവ് കവർച്ചാ ശ്രമത്തിനിടെ വീണ്ടും അറസ്റ്റിൽ