ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് വീണ്ടും ഇരുചക്ര വാഹന മോഷണം. പള്ളിയിലേക്ക് പോയ ആളുടെ സ്ക്കൂട്ടി പള്ളി പരിസരത്ത് നിന്നും മോഷണം പോയി. അജാനൂർ മുട്ടുന്തലയിലെ എം. ഹുസൈന്റെ കെഎൽ 60 ജി 3383 നമ്പർ ആക്ടീവ സ്ക്കൂട്ടിയാണ് ഇന്നലെ സന്ധ്യയ്ക്ക് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്തെ സലഫി മസ്ജിദിന് മുന്നിൽ നിന്നും മോഷണം പോയത്. മഗ്്രിബ് നിസ്ക്കാരത്തിന് പള്ളിയുടെ ഗേറ്റിന് സമീപം സ്ക്കൂട്ടി നിർത്തിയിട്ടതായിരുന്നു. ഹുസൈൻ താക്കോൽ വാഹനത്തിൽ തന്നെ സൂക്ഷിച്ചാണ് പള്ളിയിലേക്ക് പോയത്.
നിസ്ക്കാരം കഴിഞ്ഞ് തിരിച്ചെത്തിയ പത്ത് മിനിറ്റിനകം മോഷണം നടന്നു.
ഏതാനും ദിവസങ്ങൾക്കിടെ കാഞ്ഞങ്ങാട്ട് അഞ്ച് ഇരുചക്ര വാഹനങ്ങൾ മോഷണം പോയി. അജാനൂർ ഇഖ്ബാൽ ഹയർസെക്കന്ററി സ്ക്കൂളിന് സമീപത്ത് നിന്നും, ചിത്താരിയിൽ നിന്നും ബൈക്കുകൾ മോഷണം പോയി.
മുറിയനാവിയിലും, കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് നിന്നും സ്ക്കൂട്ടറുകൾ മോഷണം പോയി. ഇന്നലെ സലഫി പള്ളിപ്പരിസരത്ത് നിന്നും മോഷണം പോയ സ്ക്കൂട്ടി ഒഴികെ നാല് വാഹനങ്ങളും കാസർകോട്, പയ്യന്നൂർ ഭാഗങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് കാഞ്ഞങ്ങാട്, ബേക്കൽ ഭാഗങ്ങളിൽ തുടർച്ചയായി പത്തിലേറെ ബൈക്കുകൾ മോഷണം പോയിരുന്നു.
ചട്ടഞ്ചാൽ സ്വദേശിയെ ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്തതോടെ ബൈക്ക് മോഷണത്തിന് അൽപ്പം ശമനം കണ്ടിരുന്നു. ഇപ്പോൾ നടക്കുന്ന ഇരുചക്ര വാഹന മോഷണങ്ങൾക്ക് പിന്നിൽ ചട്ടഞ്ചാൽ സ്വദേശിയായ പ്രതിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വാഹനത്തിൽ താക്കോൽ സൂക്ഷിക്കുന്ന ഇരുചക്രവാഹനങ്ങളാണ് പ്രധാനമായും മോഷണം പോകുന്നത്.