സീബ്രലൈനിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന കന്യാസ്ത്രീയുടെ കാലിൽ ലോറി കയറി

കാൽപാദം ചതഞ്ഞരഞ്ഞു; ഡ്രൈവർക്ക് മർദ്ദനം; യുവാവ് കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരമധ്യത്തിൽ സീബ്രലൈനിൽ കൂടി റോഡ് മുറിച്ചുകടക്കുകയായിരുന്ന കന്യാസ്ത്രീയുടെ കാൽപാദത്തിൽ നാഷണൽ പെർമിറ്റ് ലോറി കയറിയിറങ്ങി. അപകടത്തിൽ കന്യാസ്ത്രീയുടെ കാൽപാദം ചതഞ്ഞരഞ്ഞുപോയി. അപകടം കണ്ട് നിന്ന വഴിയാത്രക്കാരൻ രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവറുടെ മുഖത്തടിച്ചു. ഡ്രൈവറെ മർദിച്ചയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് 3.30 മണിക്ക് കോട്ടച്ചേരി ബസ് സ്റ്റാന്റിന് മുൻവശം റോഡിലെ പ്രധാന സീബ്ര ലൈനിലാണ് അപകടം. പടിഞ്ഞാറ് ഭാഗത്ത് നിന്നും കിഴക്ക് ബസ് സ്റ്റാന്റ് ഭാഗത്തേക്ക് റോഡ് മുറിച്ചു കടക്കുകയായിരുന്നു കന്യാസ്ത്രീ.

കൂടെയുണ്ടായിരുന്ന കന്യാസ്ത്രീ റോഡ് മുറിച്ചുകടന്നിരുന്നു. കണ്ണൂരിൽ നിന്നും കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കന്യാസ്ത്രീയുടെ കാലിൽ കയറിയിറങ്ങിയാണ് നിന്നത്. ഒരു കാൽപാദം പാടെ ചതഞ്ഞുപോയ കന്യാസ്ത്രീയെ വഴി യാത്രക്കാർ ചേർന്ന് ഒാട്ടോയിൽ തൊട്ടടുത്ത സ്വകാര്യാശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സിവിൽ സപ്ലൈസിന്റെ അരി ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്. അമിത വേഗതയിൽ വന്ന ലോറിയുടെ ഡ്രൈവർ യാത്രക്കാർ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നത് കണ്ടിട്ടും ബ്രേക്കിടാത്തതാണ് അപകടത്തിന് കാരണമായത്.

അപകടത്തിന് ശേഷം ലോറിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കാസർകോട് ബന്തിയോട് സ്വദേശി ജനാർദ്ദനന്  55, മർദ്ദനമേറ്റു. അപകട ദൃശ്യം നേരിൽക്കണ്ട യുവവാണ് ജനാർദ്ദനനെ മർദ്ദിച്ചത്.മർദ്ദനമേറ്റ്  ജനാർദ്ദനന്റെ മൂക്കിൽ നിന്നും രക്തമൊഴുകി. ഡ്രൈവറെ മർദ്ദിച്ച മൈലാട്ടി സബ് സ്റ്റേഷനിലെ താത്ക്കാലിക ജീവനക്കാരനായ പരപ്പ ബിരിക്കുളം സ്വദേശി രാജേഷിനെ 45, പോലീസ് കസ്റ്റഡിയിലെടുത്തു. മർദ്ദനത്തിനിരയായ ഡ്രൈവർ കാസർകോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

ജനാർദ്ദന്റെ പരാതി ലഭിച്ചാൽ രാജേഷിനെതിരെ കേസ്സെടുക്കുമെന്ന് എസ്ഐ, കെ.പി. സതീഷ് പറഞ്ഞു. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടയിൽ നിന്നും പച്ചക്കറി സാധനം വാങ്ങി ബസ് സ്റ്റാന്റിലേക്ക് പോകവെയാണ് അപ്രതീക്ഷിത അപകടമുണ്ടായത്. അപകടമുണ്ടാക്കിയ സിവിൽ സപ്ലൈസിന്റെ ലോറി ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരടുക്കം സ്വദേശിനി സിസ്റ്റർ റോസിലിനാണ് ലോറി കയറി കാൽപാദം ചതഞ്ഞരഞ്ഞ് ഗുരുതരമായി പരിക്കേറ്റത്.

LatestDaily

Read Previous

വഖഫ് ബോർഡ് പ്രവർത്തനം താളം തെറ്റി, സമുദായ നേതൃത്വം ഇടപെടണമെന്ന് വഖഫ് ബോർഡ് അംഗങ്ങൾ

Read Next

കാണിയൂർ പാത മുഖ്യമന്ത്രിയും മിണ്ടിയില്ല, കാഞ്ഞങ്ങാട് –മൈസൂർ പാത ഭാരത് മാല പദ്ധതിയിൽ