പോലീസ് ചമഞ്ഞ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി; വസ്ത്രാലയ ജീവനക്കാരൻ അറസ്റ്റിൽ

Kidnapper Running Away Hostage Character Icon Design Template Vector Illustration

കാഞ്ഞങ്ങാട്: പോലീസ് ചമഞ്ഞ് പതിനഞ്ചു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ കാറിൽ തട്ടിക്കൊണ്ട് പോയി. പെൺകുട്ടിയെ രക്ഷപ്പെടുത്തിയ  നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ ഇരുപത്തഞ്ചിലെ പെൺകുട്ടിയെയാണ് വസ്ത്രാലയ ജീവനക്കാരനായ യുവാവ് പോലീസ് ചമഞ്ഞ് കാറിൽ തട്ടിക്കൊണ്ട് പോയത്.

ചിറ്റാരിക്കാൽ സ്കൂളിൽ 10–ാം തരം വിദ്യാർത്ഥിനിയായ പെൺകുട്ടി ഇന്നലെ വൈകീട്ട് സ്കൂളിലെത്തി ചില രേഖകൾ കൈമാറിയ ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചിറ്റാരിക്കാൽ ടൗണിന് സമീപത്ത് ഒരാൾ കാർ നിർത്തി താൻ പോലീസാണെന്നറിയിച്ചു. രണ്ട് യുവാക്കൾ ശല്യം ചെയ്യാൻ  പിറകെ നടന്ന് വരുന്നുണ്ടെന്നറിയിച്ച വ്യാജ പോലീസുദ്യോഗസ്ഥൻ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കാറിൽ കയറ്റുകയായിരുന്നു.

ബന്തടുക്കയിലെ പോലീസുകാരനാണെന്നും, മൊബൈൽ നമ്പർ വേണമെന്നും,  കാറിൽ യുവാവ് പെൺകുട്ടിയോട് ആവശ്യപ്പെട്ടതു പ്രകാരം പെൺകുട്ടി യുവാവിന് നമ്പർ കൈമാറി. യുവാവ് കാറിൽ നിന്നും പെൺകുട്ടിയെ വീടിന് സമീപം ഇറക്കി വിടുകയും ചെയ്തു. അൽപ്പസമയം കഴിഞ്ഞ് പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച യുവാവ് ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ നേരത്തെ ശല്യം ചെയ്ത യുവാക്കൾക്കെതിരെ പരാതി നൽകണമെന്നും താൻ കാറുമായി വീട്ടിലെത്താമെന്നുമറിയിച്ചു.

പെൺകുട്ടി കാറിൽ കയറി പോകുന്നത് കണ്ട അയൽവാസിയായ സ്ത്രീ സംശയം തോന്നി വിവരം ടാക്സി ഡ്രൈവറായ പെൺകുട്ടിയുടെ ബന്ധുവിനെ അറിയിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്ന കാർ  നാട്ടുകാർ തടഞ്ഞ് പെൺകുട്ടിയെ മോചിപ്പിച്ചു. സ്ഥലത്തെത്തിയ ചിറ്റാരിക്കാൽ എസ്ഐ, അരുണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കാർ സഹിതം കസ്റ്റഡിയിലെടുത്തു. ചെറുപുഴ പ്രാപ്പൊയിൽ സ്വദേശിയായ അനീഷാണ് 36, പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്സിൽ അറസ്റ്റിലായത്. പ്രതിയെ ഇന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രതി വെള്ളരിക്കുണ്ടിൽ  വസ്ത്രാലയ ജീവനക്കാരനാണ്. കഴുത്തിലണിഞ്ഞ തിരിച്ചറിയൽ കാർഡിൽ വസ്ത്രാലയത്തിലെ സെയിൽസുമാനാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ പ്രതി പോലീസുകാരനാണെന്ന് തോന്നുന്ന തരത്തിലായിരുന്നു വേഷം.കുറ്റം തെളിഞ്ഞാൽ 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

LatestDaily

Read Previous

തട്ടിയെടുത്ത സ്വർണ്ണം വീണ്ടെടുക്കാൻ യുവാവിന്റെ കൈവിരൽ മുറിച്ചു

Read Next

ബേബി ബാങ്ക് പ്രസിഡണ്ട് പദവി ഒഴിഞ്ഞില്ല