സാന്ത്വന സ്പര്‍ശം: രണ്ടാം ദിനം 1791 പരാതികള്‍ രണ്ടു ദിവസം ആകെ 4261 പരാതികള്‍

കാസർകോട്:  ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ട മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിന്റെ രണ്ടാംദിനം കാസര്‍കോട്ട് ആകെ പരിഗണിച്ചത് 1791 പരാതികള്‍. ആദ്യദിനം കാഞ്ഞങ്ങാട്ട് 2470 പരാതികളും പരിഗണിച്ചു. രണ്ടു ദിവസങ്ങളിലായി ആകെ പരിഗണിച്ചത് 4261 പരാതികള്‍. കാസര്‍കോട് താലൂക്കില്‍ ഓണ്‍ലൈനായി 824 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ 534 പരാതികള്‍. ആകെ 1358. മഞ്ചേശ്വരം താലൂക്കില്‍ അദാലത്തിലാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്-238. ഓണ്‍ലൈനായി ലഭിച്ചത് 195. ആകെ 433 പരാതികള്‍.

മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകള്‍ക്കായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരാതികള്‍ക്ക് മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ തല്‍സമയം പരിഹാരം നിര്‍ദേശിച്ചു.  ചികില്‍സാ സഹായം, ചികില്‍സാ ഉപകരണങ്ങള്‍ നല്‍കല്‍, പട്ടയം, വീട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം തേടിയത്. അംഗപരിമിതരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് മന്ത്രിമാര്‍ പരാതികള്‍ കേട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഹോസ്ദുര്‍ഗ് താലൂക്കില്‍ 1390000 രൂപയും വെള്ളരിക്കുണ്ട് താലൂക്കില്‍ 1.85 ലക്ഷം രൂപയും അനുവദിച്ചു. ജന്മനാ മൂത്രസഞ്ചിയില്ലാത്ത ആയിഷ സിയാന എന്ന മൂന്നുവയസ്സുകാരിക്ക് സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഉറപ്പാക്കി ആരോഗ്യ മന്ത്രി. മുഖ്യമന്ത്രിയുടെ സാന്ത്വനസ്പര്‍ശം അദാലത്തിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിനു മുന്നില്‍ പിതാവ് ചെമ്പരിക്കയിലെ എന്‍.എം ഫൈസലാണ് മകളുടെ ദൈന്യത അറിയിച്ചത്. 

മൂത്രസഞ്ചിയോടൊപ്പം മൂത്രം പോകാന്‍ കുഴലും ഇല്ലാത്ത അവസ്ഥയാണ് ഈ കുഞ്ഞിന്റേത്. പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ അണുബാധയായി വൃക്കയില്‍ അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഒരു തവണ നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടെങ്കിലും മൂന്ന് ശസ്ത്രക്രിയകള്‍ കുഞ്ഞിന് ആവശ്യമാണെന്നും നിലവില്‍ 15 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നതെന്നും തനിക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും ഫൈസല്‍ മന്ത്രിയോട് പറഞ്ഞു.

ഫൈസലിന്റെ വിഷയം ശ്രദ്ധയോടെ ശ്രവിച്ച ആരോഗ്യ മന്ത്രി ഉടന്‍ ആസ്റ്റര്‍ മിംസ് സി.ഇ.ഒയുമായി സംസാരിച്ചു. കുഞ്ഞിന് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് കൊടുക്കാമെന്ന് സി.ഇ.ഒ ഉറപ്പ് നല്‍കിയതായി മന്ത്രി ഫൈസലിനെ അറിയിച്ചു. സാന്ത്വന സ്പര്‍ശത്തില്‍ സ്വകാര്യ ആശുപത്രികളെക്കൂടി കൂടി ചേര്‍ത്ത് പ്രശ്നങ്ങള്‍ക്ക് വേഗത്തില്‍ തീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍.

Read Previous

വീഡിയോ ഗ്രാഫർ തൂങ്ങിമരിച്ചു

Read Next

പൂക്കോയയെ പോലീസ് സംരക്ഷിക്കുന്നു: എം.സി ഖമറുദ്ദീൻ