കിണറിന്റെ കപ്പിയിൽ തൂങ്ങിയ വൃദ്ധൻ കയർ പൊട്ടി വീണ് മുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: കിണറിന്റെ കപ്പിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധൻ കയർ പൊട്ടി വീണ് കിണറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പള്ളിക്കര പാക്കം പട്രച്ചാലിലെ കൃഷ്ണനാണ് 70, മരണപ്പെട്ടത്. ഇന്നലെ രാവിലെ 11.30 മണിയോടെ മകൾ രാധികയുടെ പാക്കത്തെ വീടിനടുത്തുള്ള കിണറ്റിലാണ് കൃഷ്ണൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. 10 അടി താഴ്ചയുള്ള കിണറ്റിലേക്ക് കയർ പൊട്ടി വീണ കൃഷ്ണൻ രണ്ടാൾ താഴ്ച്ചയുള്ള വെള്ളത്തിൽ മുങ്ങി മരിക്കുകയായിരുന്നു.

ഹൊസങ്കടി സ്വദേശിയായ കൃഷ്ണൻ 30 വർഷം മുമ്പ് പട്രച്ചാലിലെ നാരായണിയെ വിവാഹം കഴിച്ച് പാക്കത്ത് താമസമാക്കിയതാണ്. മൂന്ന് വർഷം മുമ്പ് നാരായണി മരിച്ചതിനു ശേഷം മകൾ രാധികയ്ക്കൊപ്പം താമസിക്കുകയായിരുന്നു. ആടിനെ മേയ്ക്കാൻ രാധിക പുറത്ത് പോയ സമയത്താണ് കൃഷ്ണൻ ആത്മഹത്യ ചെയ്തത്. കിണറ്റിൽ നിന്നും ശബ്ദം കേട്ട് രാധിക ഓടിയെത്തിയപ്പോൾ കൃഷ്ണൻ കിണറ്റിൽ വീണ് കിടക്കുന്നതായി കണ്ടു. ഓടിക്കൂടിയ നാട്ടുകാർ കിണറ്റിലിറങ്ങുമ്പോഴേക്കും മരണപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്ട് നിന്നുമെത്തിയ അഗ്നിരക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്.

തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. വീഴ്ച്ചയിൽ കിണറ്റിന്റെ പടയ്ക്ക് തലയിടിച്ചതിനെത്തുടർന്നാണ് മുറിവേറ്റതെന്ന് വ്യക്തമാണ്. തലയ്ക്കേറ്റ മുറിവാണോ, മുങ്ങിമരണമാണോ അതല്ല കയർ കഴുത്തിൽ മുറുകി ശ്വാസം മുട്ടിയാണോ കൃഷ്ണൻ മരണപ്പെട്ടതെന്നത് വ്യക്തമല്ല. കാസർകോട് ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജൻ ഇന്ന് ജഡം പോസ്റ്റ്മോർട്ടം ചെയ്യും. കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ഫോറൻസിക് സർജനില്ലാത്തതിനെതുടർന്ന് മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

LatestDaily

Read Previous

സുനിൽ ഇറക്കിയ പലിശപ്പണം പത്തുകോടി സുനിലിന് പ്രതിമാസ പലിശ വരുമാനം 70 ലക്ഷം രൂപ

Read Next

കാണിയൂർ പാത തെരഞ്ഞെടുപ്പ് വിഷയമാക്കി കോൺഗ്രസ്സ്