കോവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തി വിദ്യാർത്ഥികൾ പരിശോധന ശക്തമാക്കി പോലീസ്

കാഞ്ഞങ്ങാട്: വിദ്യാലയങ്ങൾ സജീവമായതിനൊപ്പം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുകയാണ് വിദ്യാർത്ഥികൾ.  പോലീസിന്റെയും ആരോഗ്യ പ്രവർത്തകരുടെയും മുന്നറിയിപ്പുകൾ അവഗണിച്ചാണ് വിദ്യാർത്ഥികളുടെ തന്നിഷ്ട പ്രകടനം. ഹൊസ്ദുർഗിലെ സ്കൂളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥിനികൾ കൂട്ടംകൂടി റോഡിലൂടെ പോകുന്ന കാഴ്ച പതിവായി. മാസ്ക് ധരിക്കുന്നുണ്ടെങ്കിലും, സാമൂഹിക അകലം പാലിക്കുന്നതിലും കൈകൾ ശുദ്ധീകരിക്കുന്നതിലും വിദ്യാർത്ഥികൾ ഏറെ പിന്നിലാണ്.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പോലീസുദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂൾ അധികൃതരോട് വിദ്യാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതായി ഉറപ്പ് വരുത്തണമെന്ന് കർശ്ശന നിർദ്ദേശം നൽകിയിരുന്നു.  ക്ലാസ്സ് മുറികളിലെ ഇരിപ്പിടം സാമൂഹിക അകലം പാലിച്ചായിരിക്കണമെന്നും നിർദ്ദേശം നൽകി. ആദ്യ ദിവസങ്ങളിൽ നിർദ്ദേശം ഏറെക്കുറെ പാലിക്കപ്പെട്ടുവെങ്കിലും, പിന്നീട് കാര്യങ്ങൾ കൈവിടുകയായിരുന്നു. വിദ്യാർത്ഥികൾ കൂട്ടംകൂടി നടക്കുന്നതാണ് പ്രധാന വെല്ലുവിളി. അധികൃതരുടെ ശ്രദ്ധ വിദ്യാർത്ഥികളുടെ മേലില്ലാതായതോടെ, കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്.

നഗരത്തിലെയും ബസ് യാത്രക്കിടയിലെയും കോവിഡ് മാനദണ്ഡം കൈവിട്ട നിലയിലാണ്.  സാമൂഹിക അകലം പാലിക്കപ്പെടാതെയായി. പലരുടെയും മുഖത്ത് നിന്നും മാസ്കുകൾ ആപ്രത്യക്ഷമാവുകയും, താടിക്ക് താഴെയെത്തുകയും ചെയ്തു. പോലീസ് പരിശോധന നടത്തി പെറ്റിക്കേസ്സുകൾ റജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും, ഇതൊന്നും നിയമ ലംഘനം തടയാൻ പര്യാപ്തമല്ല.

LatestDaily

Read Previous

യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു

Read Next

മകളുടെ ചികിത്സയ്ക്ക് കുവൈത്തിൽ നിന്നും നാട്ടിലെത്തിയ യുവാവ് മഞ്ഞപ്പിത്ത ബാധയെത്തുടർന്ന് മരണപ്പെട്ടു