പി. ഒ. കാഞ്ഞങ്ങാട് സൗത്ത്

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് തപ്പാലാപ്പീസിന് വർഷങ്ങൾക്ക് ശേഷം സ്വന്തം കെട്ടിടമൊരുങ്ങിയെങ്കിലും, കെട്ടിടം പൂർണ്ണമാകാൻ ഇനിയും വേണം അരലക്ഷം രൂപ.
രണ്ടരലക്ഷം രൂപയോളം ചിലവഴിച്ചാണ് നാട്ടുകാരുടെ കമ്മിറ്റി 2 സെന്റ് ഭൂമിയിൽ നല്ല ഒന്നാന്തരം കോൺക്രീറ്റ് കെട്ടിടം പണി തീർത്തത്.  തപ്പാലാപ്പീസിന് 2 സെന്റ് സ്ഥലം ദാനം ചെയ്തത് ഹോമിയോ ഡോ. കെ. പി. സുധാകരനാണ്.

അദ്ദേഹത്തിന്റെ മാതുലനും വീര ജവാനുമായ സുകുമാരൻ നായരുടെ സ്മരണയ്ക്കുള്ള കെട്ടിടമെന്ന വ്യവസ്ഥയിൽ ദേശീയപാതയിൽ കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷന് പടിഞ്ഞാറുഭാഗം ഒരു വിളിപ്പാടകലത്താണ് തപ്പാൽ ഒാഫീസ് കെട്ടിടം പൂർത്തിയായത്. ഇനി കെട്ടിടത്തിന്റെ മുന്നിൽ ഷീറ്റിടുന്ന ജോലി ബാക്കി കിടക്കുന്നു.  കല്ലൂരാവി, പുഞ്ചാവി, അരയി, കാർത്തിക, ഐങ്ങോത്ത്, പനങ്കാവ്, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയ വലിയൊരു പ്രദേശം ഈ തപ്പാലാപ്പീസിന്റെ പരിധിയിലുണ്ട്.

കല്ലൂരാവിയിൽ മാത്രം നാലായിരം വീടുകൾ ഈ തപ്പാലാപ്പീസിന്റെ കീഴിലാണ്. പുറമെ അരയിയും, കാർത്തികയും ഉൾപ്പെടുന്നുണ്ട്. ഇവിടങ്ങളിൽ കത്തുകൾ എത്തിക്കാൻ ആകെയുള്ളത് 2 പോസ്റ്റ്മാൻമാരാണ് ഒരു പോസ്റ്റ് മാസ്റ്റരുമുണ്ട്. ആനന്ദാശ്രമം സബ് തപ്പാലാപ്പീസിന്റെ കീഴിൽ 13 ബ്രാഞ്ച് തപ്പാൽ ഒാഫീസുകളിൽ ഉൾപ്പെടുന്ന തപ്പാലാപ്പീസാണ് കാഞ്ഞങ്ങാട് സൗത്ത്.

നാട്ടുകാർ രൂപീകരിച്ച കമ്മിറ്റിയുടെ ഫലമായിട്ടാണ് സ്വന്തം കെട്ടിടം പൂർത്തിയായതെങ്കിലും, കെട്ടിടത്തിന് മുന്നിൽ ഷീറ്റിടുന്ന ജോലി ഇനി പൂർത്തിയാക്കേണ്ടതുണ്ട്. മുൻ കൗൺസിലർ ഉണ്ണികൃഷ്ണൻ, വി. വി. രമേശൻ, ആർട്ടിസ്റ്റ് ബാലൻ, തപ്പാൽ ജീവനക്കാരൻ കെ. ദാമോദരൻ, മുട്ടിൽ പ്രകാശൻ, കോൺട്രാക്ടർ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട കമ്മിറ്റി നിലവിലുണ്ട്.

LatestDaily

Read Previous

കാസർകോട്ടേക്ക് കർണ്ണാടക പാൻമസാല ഒഴുകുന്നു

Read Next

മതം പറഞ്ഞ് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനും മാതാവിനുമെതിരെ കേസ്