സാമൂഹിക അകല ലംഘനം, കാഞ്ഞങ്ങാട്ട് ഇന്നലെ മാത്രം ആറു കേസ്സുകൾ

കാഞ്ഞങ്ങാട്: സാമൂഹിക അകലം പാലിക്കണമെന്നുള്ള പോലീസ് ബോധവൽക്കരണം ഇനി ഉണ്ടാവില്ലെന്നും, നിയമം ലംഘിക്കുന്നവരുടെ പേരിൽ കേസ്സെടുക്കുമെന്നുമുള്ള സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ കർശ്ശന നിർദ്ദേശം പുറത്തുവന്നിട്ട് രണ്ടു മണിക്കൂർ തികയും മുമ്പ് കാഞ്ഞങ്ങാട്ട് പോലീസ് പിടികൂടി റജിസ്റ്റർ ചെയ്തത് 6 കേസ്സുകൾ.

കോവിഡ് വ്യാപനം തടയാൻ ഓർഡിനൻസ് വഴി കേരളത്തിൽ നടപ്പിലാക്കിയ എപ്പിഡെമിക് ആക്ട് ചുമത്തിയാണ് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ പോലീസ് കേസ്സെടുത്തത്.

കാഞ്ഞങ്ങാട് നയാ ബസാറിൽ തുറന്നിട്ട മെജസ്റ്റിക് മൊബൈൽ കടയുടമ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താറിന്റെ 26, പേരിൽ കേസ്സെടുത്തു.

ഈ കടയിൽ മൊബൈൽ വാങ്ങാനെത്തിയ അഞ്ചിലധികം പേരെ ഒരുമിച്ചു കയറ്റി വ്യാപാരം നടത്തുന്നത് നേരിൽക്കണ്ട ഹൊസ്ദുർഗ്ഗ് സബ് ഇൻസ്പെക്ടർ കെ. അജിതയാണ് കടയുടമയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു.

കല്ലൂരാവിയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ് ഉടമ സി.എച്ച് മൂസ്സയുടെ പേരിൽ കേസ്സെടുത്തത് പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ, കെ.പി വിനോദ്കുമാറാണ്. ഈ സൂപ്പർ മാർക്കറ്റിലും ഇടപാടുകാർ നിറഞ്ഞിരുന്നു.

കല്ലൂരാവി ജംഗ്ഷനിൽ മാസ്ക് ധരിക്കാതെയും, സാമൂഹിക അകലം പാലിക്കാതെയും, കൂട്ടംകൂടി നിന്ന അഞ്ചു യുവാക്കളെ എസ്ഐ, കെ. രാജീവൻ കാലത്ത് 11.30 മണിക്ക് അറസ്റ്റ് ചെയ്തു.

നൗഷാദ് 25, നൗഫൽ 22, ഇസ്്മായിൽ 34, ഫൈസൽ 26, ഇക്ബാൽ 29, എന്നിവർക്കെതിരെ കേസ്സെടുത്തു. അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നു മുതൽ എപ്പിഡെമിക് നിയമം കർശ്ശനമാക്കാനും നിയമ ലംഘിക്കുന്നവർക്കെതിരെ കൂടുതൽ കേസ്സുകൾ റജിസ്റ്റർ ചെയ്യാനും പോലീസ് രംഗത്തിറങ്ങും.

ഒരു കടയിൽ ഒരു നേരത്ത് മുന്നിൽ കൂടുതൽ ഉപഭോക്താക്കൾ പാടില്ലാത്തതാണ്.

LatestDaily

Read Previous

ഷംന കാസിം പ്രതികൾ മനുഷ്യക്കടത്തും നടത്തി

Read Next

തടഞ്ഞത് എം.പിയെ അല്ല: ഡിവൈഎഫ്ഐ