തായൽ അബൂബക്കർ ഹാജി സംയുക്ത ജമാഅത്ത് പ്രസിഡണ്ടാകും

മൻസൂർ ചെയർമാൻ  കുഞ്ഞാമദ് പാലക്കിയും  ഏ.ഹമീദ് ഹാജിയും പരിഗണനയിൽ

അജാനൂർ: കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത്തിന്റെ പ്രസിഡണ്ട് പദവിയിലേക്ക് പ്രവാസി വ്യവസായി തായൽ അബൂബക്കർ ഹാജിയെ ഉയർത്തിക്കൊണ്ടുവരാൻ മുസ്ലീംലീഗിലെ ഒരു വിഭാഗം ശ്രമം തുടങ്ങി.

അബൂദാബിയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി വ്യാപാരിയായ തായൽ ഔക്കു എന്നു വിളിക്കുന്ന അബൂബക്കർഹാജിയെ കാഞ്ഞങ്ങാട്ടെ സി. എച്ച്. മുഹമ്മദ്കോയ സെന്ററിന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തത് നാലു  ദിവസം മുമ്പാണ്.

മെട്രോ മുഹമ്മദ്ഹാജിയുടെ അകാലനിര്യാണത്തിന് ശേഷം, സംയുക്ത മുസ്ലീം ജമാഅത്തിന്റെ താൽക്കാലിക അധ്യക്ഷ പദവിയിലിരിക്കുന്നത് ഏ. ഹമീദ്ഹാജിയാണ്.

സംയുക്ത ജമാഅത്ത് അധ്യക്ഷ പദവിയിലിരിക്കാൻ യോഗ്യതക്കുറവൊന്നുമില്ലെങ്കിലും, വലിയ സമ്പന്നൻ എന്ന  കാരണത്താലാണ് തായൽ അബൂബക്കർഹാജിയെ സംയുക്ത ജമാഅത്ത് അധ്യക്ഷ പദവിയിലേക്ക്   ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നിൽ.

തായൽ അബൂബക്കർഹാജിയോടാണ് കാഞ്ഞങ്ങാട്ടെ പ്രവാസി മുസ്ലീംവിഭാഗത്തിന് ഒന്നുകൂടി താൽപ്പര്യം.

സംയുക്ത ജമാഅത്ത് അധ്യക്ഷ പദിവിയിലേക്കുള്ള അബൂബക്കർഹാജിയുടെ കാലെടുത്തുവെപ്പിന്റെ  ആദ്യപടിയാണ് സി. എച്ച് സെന്റർ പ്രസിഡണ്ട് പദവി.

അബൂബക്കർഹാജി സംയുക്ത ജമാഅത്തിലെത്തുന്നതിന് തടയിടാൻ ഒരു വിഭാഗം കർട്ടന് പിന്നിൽ കാര്യമായ ചരടുവലികളും തുടങ്ങിക്കഴിഞ്ഞു.

സംയുക്ത ജമാഅത്തിന്റെ ജനറൽ സിക്രട്ടറി നിലവിൽ ബശീർവെള്ളിക്കോത്താണ്. അബൂബക്കർഹാജിയും ബശീറും ഏറെക്കാലമായി നല്ല രസത്തിലല്ല.

ബശീറിന്റെ ചില ചെയ്തികളോട് പരസ്യമായി തന്നെ മുൻ നാളുകളിൽ അബൂബക്കർഹാജി പ്രതികരിച്ചിട്ടുണ്ട്. സംയുക്തജമാഅത്ത് പ്രസിഡണ്ട് പദവിയിൽ തുടരാൻ ഏ. ഹമീദ്ഹാജിക്കും ഏറെ താൽപ്പര്യമുണ്ട്.

തായൽ അബൂബക്കർ ഹാജി സംയു്ത ജമാഅത്ത് പ്രസിഡണ്ട് പദവിയിൽ എത്തുകയാണെങ്കിൽ, പ്രസിഡണ്ട് പദവിയിലേക്ക് കടുത്ത മൽസരമുണ്ടാകും.

അങ്ങിനെ വന്നാൽ ഭൂരിഭാഗം മഹല്ല് ജമാഅത്തുകളും ആരുടെ കൂടെ നിൽക്കുമെന്ന് കണ്ടുതന്നെ അറിയണം.

പ്രസിഡണ്ട് പദവിയിൽ തായൽ അബൂബക്കർ ഹാജി അവരോധിക്കപ്പെടുകയാണെങ്കിൽ, സംയുക്തജമാഅത്ത് ജന.സിക്രട്ടറി സ്ഥാനം ബശീർവെള്ളിക്കോത്തിന് നഷ്ടപ്പെടാനിടയുണ്ട്.

കാരണം, കാലാകാലങ്ങളിൽ ജന. സിക്രട്ടറി സ്ഥാനം ബശീർ തന്നെ കൈപ്പിടിയിലൊതുക്കിയത് പരേതനായ മെട്രോ മുഹമ്മദ്ഹാജിയുടെ അരുമ എന്ന ഏക പരിഗണനയിലാണ്.

ജനറൽ സിക്രട്ടറി പദം “മരണം വരെ തനിക്കു മാത്രം” എന്ന ബശീർ വെള്ളിക്കോത്തിന്റെ ഇന്നുവരെയുള്ള പ്രഖ്യാപനത്തെയും തായൽ അബൂബക്കർ ഹാജി നഖശിഖാന്തം  എതിർത്തിരുന്നു.

“ആരും ആർക്കും അധീതരല്ല, സ്ഥാനമാനങ്ങൾ ആരുടെയും കുത്തകയുമല്ല” തായൽ അബൂബക്കർ ഹാജിയുടെ ഈ വാക്കുകൾ ബശീർവെള്ളിക്കോത്തിന്റെ സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദത്തോട് തന്നെയായിരിക്കണം.

കഴിഞ്ഞ 20 വർഷക്കാലമായി ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി പദവിയിൽ പിടിച്ചുനിന്നത് മെട്രോ മുഹമ്മദ്ഹാജിയുടെ ഒരേയൊരു പച്ചത്തണലിൽ മാത്രമാണ്.

കടുത്ത ലൈംഗീകാരോപണമുയർന്നപ്പോഴും, സംയുക്ത ജമാഅത്തിൽ 10 ലക്ഷം രൂപയുടെ തിരിമറിയുണ്ടായപ്പോഴും, ജനറൽ സിക്രട്ടറിയായിരുന്ന  ബശീർവെള്ളിക്കോത്തിനെ നിലത്തുവീഴാതെ താങ്ങി നിർത്തിയത് മെട്രോ മുഹമ്മദ്ഹാജിയാണ്.

Read Previous

മടിക്കൈ പാർട്ടി ബ്രാഞ്ചുകളിൽ ലേറ്റസ്റ്റ് ചർച്ച

Read Next

രാജ്മോഹൻ ഉണ്ണിത്താന് മുഖ്യമന്ത്രിയുടെ വിമർശനം