സംയുക്ത ജമാഅത്ത് തെരഞ്ഞെടുപ്പിനിടെ ബഹളം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെ അതിഞ്ഞാൽ ജമാഅത്ത് പ്രസിഡണ്ടും, ജനറൽ സിക്രട്ടറിയും തമ്മിൽ നടന്ന വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തി. അതിഞ്ഞാൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തെരുവത്ത് മൂസഹാജി, ജനറൽ സിക്രട്ടറി പി. എം. ഫാറൂഖ് എന്നിവരാണ് സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പിനിടെ പരസ്പരം കൊമ്പു കോർത്തത്.

സംയുക്ത ജമാഅത്ത് പൊതു യോഗത്തിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തന്റെ പേര് നിർദ്ദേശിക്കാത്തതിനാണ് തെരുവത്ത് മൂസഹാജി ജമാഅത്ത് ജനറൽ സിക്രട്ടറിയായ പി. എം. ഫറൂഖിനോട് കയർത്തത്. ഇരുവരും തമ്മിലുള്ള വാക്കേറ്റം പരസ്പരമുള്ള വെല്ലുവിളിയിലെത്തി. ഇരുവരേയും മറ്റ് മഹല്ലുകളിൽ നിന്നെത്തിയ ഭാരവാഹികൾ പിടിച്ചു മാറ്റുകയായിരുന്നു.

കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിലെ അംഗ ജമാഅത്തായ അതിഞ്ഞാൽ ജമാഅത്തിന് മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്ന പേരിലാണ് അതി
ഞ്ഞാൽ ജമാഅത്ത് പ്രസിഡണ്ട് ജനറൽ സിക്രട്ടറിയെ കയ്യേറ്റം ചെയ്യാനൊരുങ്ങിയത്.  നാട്ടിലെത്തിയാൽ കാണിച്ചു തരാമെന്ന വെല്ലുവിളിയോടെയാണ് ഇരുവരും യോഗസ്ഥലത്തു നിന്നും പിരിഞ്ഞു പോയത്.

Read Previous

സംയുക്ത ജമാഅത്ത്: സി. കുഞ്ഞാമത് ഹാജി പാലക്കി വീണ്ടും പ്രസിഡന്റ്; എം. മൊയ്തു മൗലവി ജനറൽ സിക്രട്ടറി

Read Next

ഔഫ് വധം: കുറ്റപത്രം സമർപ്പിച്ചു