പുഞ്ചാവി വാക്സിൻ കേന്ദ്രത്തിൽ സംഘർഷം; നഗരസഭ കൗൺസിലറെ വളഞ്ഞ് സ്ത്രീകൾ

കാഞ്ഞങ്ങാട്: പുഞ്ചാവി നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ നടന്ന വാക്സിൻ കുത്തിവെപ്പിനിടെ സംഘർഷം. സിപിഎം–ഐഎൻഎൽ അനുഭാവികൾക്ക് മുൻകൂട്ടി ടോക്കൺ നൽകി മറ്റുള്ളവരെ തിരിച്ചയച്ചതോടെയാണ് പുഞ്ചാവി  വാക്സിൻ കേന്ദ്രത്തിൽ സംഘർഷമുടലെടുത്തത്. ഒാൺലൈൻ ബുക്കിംഗ് ചെയ്ത 120 പേർക്കും നേരിട്ടെത്തുന്ന  നാട്ടുകാരായ 120 പേർക്കും വാക്സിൻ കുത്തിവെപ്പ് നടക്കുമെന്നായിരുന്നു അറിയിപ്പ്. ഇതനുസരിച്ച് നാട്ടിലെ വാട്സ് ആപ്പ്  ഗ്രൂപ്പുകളിൽ പ്രചാരണമുണ്ടായിരുന്നു.

കുത്തിവെപ്പെടുക്കാൻ രാവിലെ 6 മണി മുതൽ പുഞ്ചാവി വാക്സിൻ കേന്ദ്രത്തിൽ ക്യൂ നിന്നവർക്ക് ഉച്ച കഴിഞ്ഞിട്ടും വാക്സിൻ ലഭിച്ചില്ല. വാക്സിനെടുക്കാനെത്തിയവരും സ്ഥലത്തെത്തിയ യുഡിഎഫ് കൗൺസിലർമാരും ഇത് ചോദ്യം ചെയ്തതോടെ സംഘർഷമുണ്ടായി. സിപിഎമ്മും ഐഎൻഎല്ലും രാഷ്ട്രീയം കളിക്കുകയാണെന്നും പാർട്ടിക്കാർക്ക് മാത്രം വാക്സിൻ കുത്തിവെക്കുകയാണെന്നും  പ്രതിപക്ഷം ആരോപിച്ചു.

സംഘർഷത്തെതുടർന്ന് വാക്സിൻ കുത്തിവെപ്പ് തടസ്സപ്പെട്ടു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തിയ ശേഷമാണ് സംഘർഷത്തിന് അയവുണ്ടായത്. നേരിട്ടെത്തുന്ന 120 പേർക്കുള്ള വാക്സിൻ കുത്തിവെപ്പിന്റെ ടോക്കൺ തലേദിവസം ഭരണകക്ഷിക്കാർ 28, 29 വാർഡുകളിലെ വേണ്ടപ്പെട്ടവർക്ക് വിതരണം ചെയ്തെന്നാണ് ആരോപണം. വാക്സിൻ കേന്ദ്രത്തിലെത്തിയ നാട്ടുകാരെ അപമാനിച്ചതായി ആരോപിച്ച് ഒരു സംഘമാളുകൾ 35–ാം വാർഡ് ഐഎൻഎൽ കൗൺസിലറായ ഫൗസിയ ഷെരീഫിനെ  ചോദ്യം ചെയ്തു.  സിപിഎം അനുഭാവികളടക്കമുള്ള സ്ത്രീകളാണ് കൗൺസിലറെ ചോദ്യം ചെയ്തത്.

രാവിലെ മുതൽ ക്യൂ നിന്ന് വാക്സിൻ ലഭിക്കാത്ത സ്ത്രീ കൗൺസിലറോട് പരാതി അറിയിച്ചപ്പോൾ അപമാനിച്ച് വിട്ടതായി പ്രതിഷേധിച്ച സ്ത്രീകൾ പറഞ്ഞു. നടുറോഡിൽ കൗൺസിലർക്ക് നേരെ സ്ത്രീകൾ ഏറെ നേരം രോഷപ്രകടനം നടത്തി. വാക്സിൻ കുത്തിവെപ്പിൽ രാഷ്ട്രീയം കലർത്തി ടോക്കൺ വിതരണം പതിവായതോടെ ജില്ലയിൽ വാക്സിൻ കേന്ദ്രങ്ങളിൽ സംഘർഷം പതിവായത് പോലീസിന് തലവേദനയായി മാറി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ അധികാരമുപയോഗിച്ച് സ്വന്തക്കാർക്ക് മുൻകൂട്ടി ടോക്കൺ നൽകുന്നതാണ് സംഘർഷത്തിനിടയാക്കുന്നത്.

LatestDaily

Read Previous

എൻസിപി ജില്ലാ നേതൃത്വത്തിൽ അഴിച്ചുപണി രവി കുളങ്ങര ജില്ലാ പ്രസിഡണ്ടായേക്കും

Read Next

വാക്സീൻ സ്വീകരിച്ചശേഷം അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു