കാഞ്ഞങ്ങാട് യതീംഖാനയുടെ പേരിൽ ലുലു ഗ്രൂപ്പിന്റെ ഫ്ളാറ്റുപയോഗിച്ച് 58 ലക്ഷം രൂപ തട്ടി

യൂസഫലിയുടെ ലുലു ഗ്രൂപ്പിൻെറ പരാതിയിൽ അജാനൂർ സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട് : വ്യവസായ പ്രമുഖൻ യൂസഫലിയുടെ നിയന്ത്രണത്തിൽ അബുദാബിയിലുള്ള ലുലു ഗ്രൂപ്പിന്റെ ഫ്ളാറ്റ് കാഞ്ഞങ്ങാട് യതീം ഖാനയുടെ പേരിൽ മേൽ വാടകയ്ക്ക് നൽകി 58 ലക്ഷം രൂപ ലുലു ഗ്രൂപ്പിൽ നിന്നും തട്ടിയെടുത്ത പരാതിയിൽ അജാനൂർ സ്വദേശിക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.

ലുലു ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ അബുദാബിയിലുള്ള നാഷണൽ യൂണിയൻ റിയൽ എസ്റ്റേറ്റിന്റെ മൂന്ന് ഫ്ളാറ്റുകൾ മേൽ വാടകയ്ക്കെടുത്ത് പണം തട്ടിയെടുത്തതായുള്ള കമ്പനിയുടെ റിയൽ എസ്റ്റേറ്റ് സെയിൽ മാനേജർ സിദ്ദിഖ് കൊടുങ്ങല്ലൂരിന്റെ പരാതിയിൽ അജാനൂർ ബല്ലാ കടപ്പുറത്തെ ഇട്ടമ്മൽ എം. കെ. മുഹമ്മദിനെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.

അബുദാബിയിലുള്ള ലുലു ഗ്രൂപ്പിന്റെ മൂന്ന് ഫ്ളാറ്റുകളായിരുന്നു മുഹമ്മദ്, ലുലു ഗ്രൂപ്പിൽ നിന്നും മേൽ വാടകയ്ക്ക് ഏറ്റെടുത്തത്. കാഞ്ഞങ്ങാട് യതീം ഖാനയ്ക്ക് ഫ്ളാറ്റിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതം നൽകുമെന്ന വാഗ്ദാനത്തിലാണ് കുറഞ്ഞ വാടകയ്ക്ക് ലുലു ഗ്രൂപ്പിൽ നിന്നും മുഹമ്മദ് ഫ്ളാറ്റുകൾ ഏറ്റെടുത്തതെന്ന് ലുലു ഗ്രൂപ്പ് കമ്പനിയുടെ നാഷണൽ യൂണിയൻ റിയൽ സെയിൽസ് മാനേജർ സിദ്ദിഖ് പറഞ്ഞു.

2018 മുതൽ ലുലു കമ്പനിക്ക് ഭീമമായ തുക ബാക്കി വെച്ച് ബാധ്യതയുണ്ടാക്കിയ മുഹമ്മദ്, യതീംഖാനയുടെ പേരിൽ വ്യാജ ലെറ്റർ പേഡും സീലും നിർമ്മിച്ച് ലുലുവിനെ പറ്റിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. പണം മുഴുവൻ യതീംഖാനയ്ക്ക് വേണ്ടി ഉപയോഗിച്ചതായും കോട്ടച്ചേരി മേൽപ്പാലം പൂർത്തിയാകുന്നതോടെ തീരദേശത്തുള്ള സ്ഥലത്തിന് വില ഉയരുമെന്നും, സ്ഥലം വിറ്റ് ഒരു വർഷത്തിനകം ബാധ്യത തീർക്കാമെന്നും മുഹമ്മദ് അറിയിച്ചിരുന്നു.

കമ്പനി പല തവണ അവധി നൽകിയിട്ടും ലുലു ഗ്രൂപ്പിന് ലഭിക്കാനുള്ള 58 ലക്ഷം രൂപ തിരിച്ച് ലഭിക്കാതെ വന്നതോടെയാണ് പരാതിയുമായി കമ്പനി പോലീസിലെത്തിയത്.  ലുലു ഗ്രൂപ്പ് നടത്തിയ അന്വേഷണത്തിൽ കമ്പനിക്കുണ്ടായ കട ബാധ്യതയിൽ കാഞ്ഞങ്ങാട് യതീം ഖാനയ്ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് വ്യക്തമായി. മുഹമ്മദ് ബോധപൂർവ്വം കമ്പനിയെ തെറ്റിദ്ധരിപ്പിക്കാൻ യതീം ഖാനയുടെ പേര് വലിച്ചിഴക്കുകയായിരുന്നു.

LatestDaily

Read Previous

പ്രവാസി വ്യപാരിയുടെ വീട്ടിൽ ക്വട്ടേഷൻ ആക്രമം

Read Next

കാരുണ്യ പ്രവർത്തനങ്ങൾ മുഖമുദ്രയാക്കി ബിൽടെക്ക് അബ്ദുല്ല