മരുമകന്റെ പരാതി വ്യാജമെന്ന് വൈസ് ചെയർമാൻ

കാഞ്ഞങ്ങാട്: മകളുടെ ഭർത്താവ് തനിക്കെതിരെ പോലീസിൽ നൽകിയത് വ്യാജ പരാതിയെന്ന് കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷൻ ബിൽടെക്ക് അബ്ദുല്ല. വിവാഹ സമയത്ത് മകൾക്ക് കൊടുത്ത സ്വർണ്ണത്തെച്ചൊല്ലിയുള്ള തർക്കമാണ് പരാതിക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ബിൽടെക്ക് അബ്ദുള്ളയുടെ മകൾ ഫർഹാനയുടെ ഭർത്താവായ കൊളവയലിലെ സി. എം. ഷാഹുൽ ഹമീദാണ് അബ്ദുള്ളയ്ക്കെതിരെ ഹൊസ്ദുർഗ് പോലീസിൽ പരാതി കൊടുത്തത്.

ഭാര്യാപിതാവ് തന്നെ മർദ്ദിച്ചെന്നായിരുന്നു ഷാഹുൽ ഹമീദിന്റെ പരാതി. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6 ന് ഭാര്യാഗൃഹത്തിന് സമീപത്തെത്തിയ തന്നെ ഭാര്യാപിതാവായ ബിൽടെക്ക് അബ്ദുള്ള മർദ്ദിച്ചെന്നാണ് ഷാഹുൽ ഹമീദിന്റെ ആരോപണം. തെരഞ്ഞെടുപ്പ് ബൂത്ത് ഏജന്റിന്റെ ചുമതലയിലായിരുന്ന താൻ അന്നേ ദിവസം വീട്ടിലുണ്ടായിരുന്നില്ലെന്നും, പരാതി വ്യാജമാണെന്നുമാണ് ബിൽടെക്ക് അബ്ദുല്ലയുടെ വിശദീകരണം.

വിവാഹ സമയത്ത് ഷാഹുൽ ഹമീദിന് 65 പവൻ സ്വർണ്ണവും, 15 സെന്റ് സ്ഥലവും, അബ്ദുള്ള സമ്മാനമായി നൽകിയിരുന്നു. ഇതിൽ 45 പവൻ സ്വർണ്ണം ഷാഹുൽ ഹമീദ് നശിപ്പിച്ചതായും ബാക്കിയുള്ള 20 പവൻ സ്വർണ്ണാഭരണങ്ങൾ കൊടുക്കാത്തതിന്റെ പേരിൽ തനിക്കെതിരെ വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് നഗരസഭാ ഉപാധ്യക്ഷന്റെ വിശദീകരണം. ഭർതൃഗൃഹത്തിലെ ശാരീരിക മാനസിക പീഡനത്തെത്തുടർന്ന് ബിൽടെക്കിന്റെ മകൾ സ്വന്തം വീട്ടിലാണ്. ഷാഹുൽ ഹമീദിന്റെ ശല്യം സഹിക്കാത്തതിനെത്തുടർന്ന് ഒരു വർഷം മുമ്പ് മകൾ ജില്ലാ പോലീസ് മേധാവിക്ക് കൊടുത്ത പരാതി പിന്നീട് ഒത്തുതീർപ്പാക്കുകയായിരുന്നു.

LatestDaily

Read Previous

പറക്കളായി ആക്രമണം: അച്ഛനും മകനുമെതിരെ കേസ്

Read Next

അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ വീണ്ടും പോലീസ് അന്വേഷണം