കാഞ്ഞങ്ങാട് നഗര ഭരണം നിശ്ചലം, തെരുവു വിളക്കുകൾ പോലും കത്തിക്കാൻ കഴിഞ്ഞില്ല

കാഞ്ഞങ്ങാട്:  നഗര ഭരണം കാഞ്ഞങ്ങാട്ട് നിശ്ചലമായി. 43 വാർഡുകളിലും തെരുവു വിളക്കുകൾ കത്തിക്കാൻ പോലും കഴിയാത്ത പരിതാപകരമായ അവസ്ഥാവിശേഷം. മുൻ നഗരസഭ ചെയർമാൻ വി. വി. രമേശന്റെ വാർഡ് 17–ൽ കൊവ്വൽപ്പള്ളി മുതൽ തെക്കോട്ട് കെഎസ്ടിപി റോഡിലുള്ള തെരുവു വിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.

നഗരസഭയിൽ ഇപ്പോൾ ഏറ്റവും വലിയ തർക്കവും ചർച്ചയും തെരുവു വിളക്കുകൾ ആര് കത്തിക്കുമെന്നതിനെക്കുറിച്ചാണ്. കെഎസ്ടിപി റോഡിൽ സ്ഥാപിച്ച തെരുവു വിളക്കുകൾ കത്തിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്ന് വൈദ്യുതി വകുപ്പ് പറയുമ്പോൾ, റോഡും തെരുവു വിളക്കും തങ്ങൾ, കൈമാറിയെന്ന് കെഎസ്ടിപി പറയുന്നു.

2020 ഡിസംബറിലാണ് കെ. വി. സുജാത ചെയർപേഴ്സൺ ആയ രണ്ടാം ഇടതു ഭരണകൂടം അധികാരത്തിലെത്തിയത്. മാസം ഏഴു പൂർത്തിയായിട്ടും കാര്യമായ ഒരു വികസന പ്രവർത്തനവും നഗരത്തിൽ ചൂണ്ടിക്കാണിക്കാൻ നടത്തിയിട്ടില്ല. ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം    ചെയ്തിട്ട് വർഷം മൂന്ന് കഴിഞ്ഞു. കോടികൾ കടമെടുത്ത് പണി തീർത്ത പുതിയ ബസ് സ്റ്റാന്റിലെ മുറികൾ പോലും ലേലത്തിൽ വാടകയ്ക്ക് കൊടുക്കാൻ വി. വി. രമേശനും കഴിഞ്ഞില്ല. 7 മാസക്കാലം നഗരഭരണം കൈയ്യാളിയ ചെയർപേഴ്സൺ കെ. വി. സുജാതയ്ക്കും  കഴിഞ്ഞില്ല. സിപിഎം കാഞ്ഞങ്ങാട് ഏസിയുടെ നിയന്ത്രണത്തിലാണ് നഗരഭരണം മുന്നോട്ടു നീക്കുന്നതെങ്കിലും, നഗരത്തിൽ ചെയ്തു തീർക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഏസി നേതൃത്വത്തിനും വലിയ സ്വപ്നങ്ങളില്ല.

ചുരുങ്ങിയത് നൂറ് ബസ്സുകൾക്ക് ഒരുമിച്ചു കയറാനും ഇറങ്ങാനും സൗകര്യമുള്ള നഗരസഭയുടെ പുതിയ ബസ് സ്റ്റാൻന്റിൽ ഇപ്പോഴും ബസ്സുകളൊന്നും കയറുന്നില്ല. ബസ് സ്റ്റാന്റിൽ ബസ്സുകൾ കയറ്റാമെന്ന് ബസ്സുടമകൾ സമ്മതിച്ചതായി മൂന്ന് മാസം മുമ്പ് ചെയർപേഴ്സൺ പത്രദ്വാരാ വിളംബരം നടത്തിയിരുന്നുവെങ്കിലും, പുതിയ ബസ് സ്റ്റാൻന്റ്  കുറേ സ്വകാര്യ ബസ്സുകളും, ടൂറിസ്റ്റ് ബസ്സുകളും രാപ്പകൽ സുരക്ഷിതമായി നിർത്തിയിടാനുള്ള യാർഡ് മാത്രമായി മാറിയിരിക്കുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ തെക്കും പടിഞ്ഞാറും മൂന്നു നിലകളിലുള്ള ഷോപ്പിംഗ് മുറികളുടെ ഷട്ടറുകൾ  തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്.

Read Previous

ജനാല വഴി പ്ലസ് വൺ പെൺകുട്ടിയെ കയറിപ്പിടിച്ച യുവാവിനെതിരെ കേസ്

Read Next

പാണത്തൂരിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ബസ്സോടിച്ച ഡ്രൈവർക്ക് ലൈസൻസില്ല