സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണലിനിടെ കൗൺസിലർ വോട്ട് ചെയ്തു കാഞ്ഞങ്ങാട് നഗരസഭയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു

 
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പ്രക്രിയയ്ക്കിടെ സിപിഎം കൗൺസിലറെ വോട്ട് ചെയ്യാനനുവദിച്ചത് വിവാദമായി. പുതുക്കൈ 21-ാം വാർഡ് കൗൺസിലർ സിപിഎമ്മിലെ പള്ളിക്കൈ രാധാകൃഷ്ണനാണ് വോട്ടെണ്ണൽ നടപടി ആരംഭിച്ച ശേഷം വോട്ട് ചെയ്യാൻ റിട്ടേണിംഗ് ഓഫീസർ അനുവാദം നൽകിയത്. ഇത് പ്രതിപക്ഷം ചോദ്യം ചെയ്തതോടെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പ് അൽപ്പനേരം ബഹളത്തിൽ മുങ്ങി.

തിരഞ്ഞെടുപ്പ് നടപടികൾ നഗരസഭാ കൗൺസിൽ ഹാളിൽ രാവിലെ 11 മണിയോടെ ആരംഭിക്കുകയും, 12 മണിയോടെ വോട്ടെടുപ്പ് പൂർത്തിയാവുകയും ചെയ്തിരുന്നു. ആരെങ്കിലും വോട്ട് ചെയ്യാൻ ബാക്കിയുണ്ടോയെന്ന് റിട്ടേണിംഗ് ഓഫീസർ അന്വേഷിക്കുകയും ചെയ്തു. തുടർന്ന് വോട്ട് നിക്ഷേപിച്ച പെട്ടി റിട്ടേണിംഗ് ഓഫീസർ തുറക്കുന്നതിനിടെയാണ് വോട്ട് ചെയ്യാനായി പള്ളിക്കൈ രാധാകൃഷ്ണൻ എത്തിയത്. വൈകിയെത്തി വോട്ട് ചെയ്യുന്നതിനെ പ്രതിപക്ഷം ശക്തമായെതിർത്തെങ്കിലും, റിട്ടേണിംഗ് ഓഫീസർ വോട്ടെണ്ണൽ നടപടി നിർത്തിവെച്ച് രാധാകൃഷ്ണന് വോട്ട് ചെയ്യാൻ അനുവാദം നൽകുകയായിരുന്നു.

പള്ളിക്കൈ രാധാകൃഷ്ണന് അഞ്ച് വർഷവും സ്റ്റാന്റിംഗ് ചെയർമാൻ പദം നൽകണമെന്ന് സിപിഎമ്മിൽ ആവശ്യമുയർന്നിരുന്നുവെങ്കിലും, ആദ്യഘട്ടത്തിലെ രണ്ടരവർഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പദംപോലും പള്ളിക്കൈയ്ക്ക് ലഭിച്ചിരുന്നില്ല. 32-ാം വാർഡ് കുറുന്തൂരിൽ നിന്നുമുള്ള സിപിഎം കൗൺസിലർ അനീശൻ.കെ. രണ്ടര വർഷത്തിന് ശേഷം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം പള്ളിക്കൈയ്ക്ക് നൽകിയാൽ മതിയെന്നായിരുന്നു സിപിഎം തീരുമാനം.

പള്ളിക്കൈക്കുണ്ടായ അവഗണനയുടെ പ്രതിഫലനമാണ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തിരഞ്ഞെടുപ്പിനിടെ നഗരസഭയിൽ കണ്ടതെന്നാണ് പ്രതിപക്ഷം വിലയിരുത്തിയത്. അനീശനെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും, 18 നിലാങ്കര വാർഡിലെ സിപിഎം കൗൺസിലർ അഹമ്മദലിയെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും തിരഞ്ഞെടുത്തു. 25-ാം വാർഡിലെ സിപിഎം കൗൺസിലർ കെ.വി. സരസ്വതിയാണ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. നഗരസഭാ വൈസ് ചെയർമാൻ ഐഎൻഎല്ലിലെ ബിൽടെക്ക് അബ്ദുല്ലയ്ക്കാണ് ധനകാര്യം.

20-ാം വാർഡിൽ നിന്നും വിജയിച്ച ജനതാ ദളിലെ മായാകുമാരിയെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുത്തു. സിപിഎമ്മിലുണ്ടായ ധാരണപ്രകാരം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പദം രണ്ടരവർഷം വീതം അംഗങ്ങൾ പങ്കിട്ടെടുക്കും. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത നഗരസഭയാവുകയാണ് കാഞ്ഞങ്ങാട്. മുൻ തിരഞ്ഞെടുപ്പുകളിൽ ഭരണ പ്രതിപക്ഷവും ചെയർമാൻ സ്ഥാനം പങ്കിട്ടെടുക്കുന്ന രീതിയായിരുന്നു. ഇത്തവണ പ്രതിപക്ഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പദം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നൽകാൻ സിപിഎം തയ്യാറായില്ല.

LatestDaily

Read Previous

കുഞ്ഞാമത് പാലക്കി സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ഭാരവാഹികളെ കണ്ടെത്തിയത് അഭിപ്രായ വോട്ടെടുപ്പിൽ

Read Next

ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട യുവതിയെ പോലീസെത്തി രക്ഷപ്പെടുത്തി