കാഞ്ഞങ്ങാട് നഗരസഭ; കോൺഗ്രസ്സ് 26 സീറ്റിൽ; മുസ് ലീം ലീഗിന് 16

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി കോൺഗ്രസ്സ് 26 സീറ്റുകളിലും, മുസ്്ലീം ലീഗ് 16 സീറ്റുകളിലും മത്സരിക്കും. സിഎംപിക്ക് ഒരു സീറ്റ് നീക്കി വെച്ചു.

കഴിഞ്ഞ തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച 16 സീറ്റുകൾ തന്നെ ഇത്തവണയും മുസ്്ലീം ലീഗ് ആവശ്യപ്പെട്ടതുപ്രകാരമുള്ള വീതംവെപ്പാണ് പൂർത്തിയായത്. കഴിഞ്ഞ തവണ ലീഗ് സ്ഥാനാർത്ഥി മത്സരിച്ച് വിജയിച്ച സീറ്റുകളിലും പരാജയപ്പെട്ട വാർഡുകളിലും ഇത്തവണ ലീഗ് സ്ഥാനാർത്ഥികൾ തന്നെയാകുമെന്ന് ഇതോടെ ഉറപ്പായി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ്സിന് ഇത്തവണ രണ്ട് സീറ്റുകൾ കൂടുതലായി ലഭിച്ചു. ജനതാദൾ മുന്നണി വിട്ട് എൽഡിഎഫ് പാളയത്തിലേക്ക് പോയതോടെ, ഒഴിവ് വന്ന രണ്ട് സീറ്റുകളിൽ കൂടി മത്സരിക്കാൻ കോൺഗ്രസ്സ് തീരുമാനിക്കുകയായിരുന്നു.

മുസ്്ലീം ലീഗ് തീരുമാനത്തെ എതിർത്തതുമില്ല. കഴിഞ്ഞ തവണ മത്സരിച്ച അതിയാമ്പൂര് വാർഡിൽ തന്നെയായിരിക്കും ഇത്തവണയും സിഎംപി മത്സരിക്കുക. മുൻ നഗരസഭാ ചെയർമാൻ വി. ഗോപിയും, വൈസ് ചെയർമാൻ പ്രഭാകരൻ വാഴുന്നോറടിയും ഇത്തവണ മത്സര രംഗത്തേക്കില്ലെന്ന് പ്രഖ്യാപിച്ചു. മൂന്ന് സീറ്റിൽ നിന്നും രണ്ടക്കത്തിൽ പാർട്ടിയെയെത്തിക്കുകയെന്ന ഭാരിച്ച ലക്ഷ്യത്തിൽ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന നേതാക്കളുടെ മുൻ നിരയിലാണ് ഗോപിയും പ്രഭാകരൻ വാഴുന്നോറടിയും പ്രവർത്തിക്കുന്നത്.

പാർട്ടിക്കകത്തെ പടല പ്രശ്നം മൂലം വി. ഗോപിയും പ്രവർത്തകരും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഹകരിച്ചിരുന്നില്ല. ബാർ വിവാദത്തിൽപ്പെട്ട് കോൺഗ്രസ്സിൽ നിന്നും പുറത്തായ പ്രഭാകരൻ വാഴുന്നോറടി പാർട്ടി റിബലായി മത്സരിച്ചതോടെ ഏഴ് സീറ്റുണ്ടായിരുന്ന കോൺഗ്രസ്സ് കൗൺസിലർമാരുടെ അംഗബലം മൂന്നിലൊതുങ്ങുകയായിരുന്നു. പാർട്ടിക്ക് പുറത്ത് നിന്നവരെയെല്ലാം തിരികെയെത്തിച്ചതോടെ ഇത്തവണ ചിത്രം മാറുമെന്ന വിശ്വാസമാണ് നേതാക്കൾക്ക്.

സീറ്റ് മോഹികൾ തലപൊക്കിയിട്ടുണ്ടെങ്കിലും, രണ്ട് ദിവസത്തിനകം 26 വാർഡുകളിലും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയുമെന്ന് ശനിയാഴ്ച ചേർന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റിയോഗം വിലയിരുത്തി സമ്മർദ്ദത്തിന് വഴങ്ങി സ്ഥാനാർത്ഥി കളെ മത്സരിപ്പിക്കുന്നതിന് പകരം വിജയ സാധ്യതയുള്ളവരെ ഗോദയിലിറക്കണമെന്ന അഭിപ്രായം തത്വത്തിൽ നേതൃത്വം അംഗീകരിച്ചു.

മത്സരിക്കുന്ന 26 സീറ്റുകളിൽ പകുതിയായില്ലെങ്കിലും, വിജയിച്ച് പഴയ പ്രതാപത്തിലെത്തി അതുവഴി നഗരഭരണത്തിന്റെ സാരഥ്യമേറ്റെടുക്കാനുള്ള പോരാട്ടം കാഴ്ച വെക്കാൻ കോൺഗ്രസ്സിൽ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടാണ്.

LatestDaily

Read Previous

നവവധു കോടതിയിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം പോയി

Read Next

തിന്നർ ഒഴിച്ച് തീ കൊളുത്തി : ഭർതൃമതിയുടെ നില ഗുരുതരം