ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പത്തോളം വീടുകൾ വെള്ളത്തിൽ

കാഞ്ഞങ്ങാട്: അശാസ്ത്രീയമായ രീതിയിലുള്ള  നഗരസഭയുടെ ഇൻഡോർ സ്റ്റേഡിയ നിർമ്മാണം ഒരു പ്രദേശത്തെയാകെ വെള്ളത്തിനടിയിലാക്കി. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് പിറക് വശം കല്ലംചിറ ഭാഗത്തെ പത്തോളം വീടുകൾ പ്രത്യക്ഷത്തിലിപ്പോൾ വെള്ളപ്പൊക്ക ഭീതിയിലാണ്. മഴ ശക്തിയാർജ്ജിക്കുന്നതോടെ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുമെന്ന സ്ഥിതിയാണ്. കല്ലംചിറ ഭാഗത്ത് നിന്നും വയലുകളിലുൾപ്പെടെ നിറയുന്ന വെള്ളം ആവിക്കര ഭാഗത്തേക്കും, കാരാട്ടുവയലിലേക്കുമാണ് ഒഴുകിപ്പോയത്.

അലാമിപ്പള്ളി ബസ് സ്റ്റാന്റിന് പിറക് വശം വയലുകൾക്ക് മധ്യത്തിലായി നഗരസഭ ഇൻഡോർ സ്റ്റേഡിയ നിർമ്മാണമാരംഭിച്ചതാണ് ഒരു പ്രദേശത്തെയാകെ ദുരിതത്തിലാക്കിയത്. താഴ്ന്ന പ്രദേശമായതിനാൽ ഈ ഭാഗത്ത് മണ്ണിട്ട് ഉയർത്തി നാല് ഭാഗത്തും പൂർണ്ണമായും കോൺക്രീറ്റ് സ്ലാബ് വാർത്താണ്  സ്റ്റേഡിയ നിർമ്മാണം നടക്കുന്നത്. നിർമ്മാണത്തിലിരിക്കുന്ന സ്റ്റേഡിയത്തിന്റെ  തെക്ക് ഭാഗത്ത് നീളത്തിലുള്ള സ്ലാബ് വാർത്തതോടെ കല്ലംചിറ ഭാഗത്തെ തോടുകളിൽ നിന്നും, വയലുകളിൽ നിന്നുമൊഴുകിയെത്തുന്ന വെള്ളത്തിന് കടന്നുപോകാനിടമില്ലാതായി.

സ്റ്റേഡിയത്തോട് തൊട്ട് ചേർന്നുള്ള വയലിൽ നിറയുന്ന വെള്ളം പ്രദേശത്തെ വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ കല്ലംചിറ പ്രദേശം പൂർണ്ണമായും വെള്ളത്തിനടിയിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. സ്റ്റേഡിയ നിർമ്മാണത്തിന്റെ പ്രാരംഭത്തിൽ വെള്ളം കടന്നുപോകാൻ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ, ഒരു പ്രദേശം വെള്ളത്തിലാകില്ലായിരുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. പ്രദേശത്തുള്ള കലുങ്കുകൾ മണ്ണിട്ട് മൂടിയത് മറ്റു ചില സ്വകാര്യ വ്യക്തികളാണെന്ന് പരാതിയുയർന്നു.

LatestDaily

Read Previous

മദ്യം പിടികൂടിയ കേസിൽ ജ്വല്ലറിയുടമ മുങ്ങി

Read Next

വൈരജാതൻ ചിട്ടിത്തട്ടിപ്പ്: കോടികൾ ബാങ്കിൽ നിക്ഷേപിച്ചതായി തട്ടിപ്പിനിരയായവർ