മിനുട്ട്സ് ബുക്കിന്റെ ചുമതലക്കാരൻ സിക്രട്ടറിയാണെന്ന ഹസീനയുടെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു

നഗരസഭ സിക്രട്ടറിയുമായി നഗരസഭ അധ്യക്ഷയ്ക്ക് അനുരജ്ഞനത്തിലേർപ്പെടാതെ മിനുട്ട്സ് തിരുത്താൻ കഴിയില്ലെന്നും കീഴ് ക്കോടതിയ്ക്കുള്ള അധികാരം കൊള്ളയടിക്കാൻ ഹൈക്കോടതിക്ക് കഴിയില്ലെന്നും ജസ്റ്റിസ്. പി. സോമരാജൻ

കാഞ്ഞങ്ങാട്: നഗരസഭ കൗൺസിൽ തീരുമാനിക്കാത്ത കാര്യം കൃത്രിമമായി മിനുട്ട്സ് ബുക്കിൽ രേഖപ്പെടുത്തിയ കാഞ്ഞങ്ങാട് നഗരസഭ യുഡിഎഫ് ചെയർപേഴ്സൺ ലീഗിലെ ഹസീന താജൂദ്ദീൻ ഈ കേസ്സിൽ നിന്ന് തലയൂരാൻ കേരള ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ കണ്ടെത്തൽ അവസരോചിതം. നഗരസഭ മിനുട്ട്സ് ബുക്കിന്റെ ചുമതലക്കാരൻ നഗരസഭ ചെയർപേഴ്സൺ അല്ലെന്നും ചുമതല തീർത്തും ഉദ്യോഗസ്ഥനായ സിക്രട്ടറിക്കാണെന്നും, എന്നതിനാൽ ഈ കേസ്സ് തള്ളിക്കളണമെന്നും വാദിച്ചാണ് ഹസീന 2014-ൽ ഹൈക്കോടതിയെ സമീപിച്ചത്.

കേരളത്തിൽ മദ്യശാലകൾ മുഴുവൻ യുഡിഎഫ് സർക്കാർ പൂട്ടിയിട്ട 2014-ൽ കാഞ്ഞങ്ങാട്ടെ രാജ് റസിഡൻസി മദ്യശാല തുറന്നു പ്രവർത്തിക്കാൻ ഹസീന അദ്യക്ഷയായ യുഡിഎഫ് ഭരണകൂടം ഈ ബാറിന് നിരാക്ഷേപപത്രം (എൻഒസി) നൽകിയിരുന്നു. ബാറിന് നിരാക്ഷേപ പത്രം നൽകാൻ അന്നത്തെ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നില്ലെങ്കിലും, കൗൺസിൽ മിനുട്ട്സ് ബുക്കിൽ രാജ് റസിഡൻസി ബാറിന് നിരാക്ഷേപപത്രം നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചുവെന്ന പച്ചക്ള്ളം കൃത്രിമമായി എഴുതിച്ചേർത്താണ് ഹസീനയും, അന്നത്തെ നഗരസഭ സിക്രട്ടറിയും ഒത്തുകളിച്ചത്.

നഗരസഭ മിനുട്ട്സിൽ കള്ളം എഴുതിച്ചേർത്ത ഹസീനയ്ക്കും സിക്രട്ടറിക്കുമെതിരെ സ്വാഭാവികമായി പോലീസിൽ പരാതി നൽകേണ്ടത് അന്നത്തെ പ്രതിപക്ഷമായ സിപിഎമ്മാണെങ്കിലും, കൃത്രിമരേഖ ചമച്ച ഗുരുതരമായ കുറ്റകൃത്യത്തിനെതിരെ ആരും പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് തെളിവുകൾ സഹിതം ഹൊസ്ദുർഗ് കോടതിയിൽ 2014-ൽ അന്യായം ഫയൽ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 466,468 (യഥാർത്ഥ വസ്തുതകൾ ബോധപൂർവ്വം മറച്ചുവെച്ച് കൃത്രിമ രേഖയുണ്ടാക്കൽ) എന്നീ വകുപ്പുകളനുസരിച്ചാണ് 2014-ൽ ഹൊസ്ദുർഗ് കോടതിയിൽ ക്രിമിനൽ കേസ്സ് ഫയൽ ചെയ്തത്.

മിനുട്ട്സ് ബുക്കിന്റെ സൂക്ഷിപ്പുകാരൻ നഗരസഭ സിക്രട്ടറിയാണെന്നും, ചെയർപേഴ്സൺ എന്ന നിലയിൽ തനിക്ക് മിനുട്ട്സിൽ കാര്യങ്ങളൊന്നുമില്ലെന്നും, അപേക്ഷിച്ചുകൊണ്ട് ഹൊസ്ദുർഗ് കീഴ്കോടതിയിലുള്ള കേസ്സ് തള്ളിക്കളയാനാണ് ഹരജിയുമായി ഹസീന താജുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചത്. ഹസീനയുടെ ഹരജി സ്വീകരിച്ച ഹൈക്കോടതി ഹൊസ്ദുർഗ് കോടതിയിലുള്ള കേസ്സ് അന്ന് താൽക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഇപ്പോൾ 6 വർഷങ്ങൾക്ക് ശേഷം ഹൈക്കോടതി ഈ കേസ്സിലുള്ള സ്റ്റേ തള്ളിക്കളയുകയും, ഹസീനയ്ക്കെതിരായ അന്യായത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

നഗരസഭ ചെയർപേഴ്സണുമായി “അനുരജ്ഞനത്തിൽ” ഏർപ്പെടാതെ സിക്രട്ടറിക്ക് മാത്രം ഈ മിനുട്ട്സ് തിരുത്താനുള്ള സാഹചര്യമില്ലെന്ന് ഹസീന സമ്പാദിച്ച സ്റ്റേ ഉത്തരവ് തള്ളിക്കളഞ്ഞുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് പി. സോമരാജൻ ഉത്തരവിട്ടു. അന്യായക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്നും, കീഴ്ക്കോടതിക്ക് ഈ കേസ്സിലുള്ള അധികാരം ‘കൊള്ളയടിക്കാൻ’ ഹൈക്കോടതിക്ക് കഴിയില്ലെന്നും, സ്റ്റേ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ജഡ്ജ് അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്.

കേസ്സിൽ 6 വർഷക്കാലമായുള്ള സ്റ്റേ നീക്കിയതിനാൽ ഈ മിനുട്ട്സ് തിരുത്തൽ കേസ്സ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് കോടതി ഉടൻ വിചാരണയ്ക്ക് പരിഗണിക്കും. 2014 മെയ് 13-ന് ചേർന്ന നഗരസഭ കൗൺസിൽ യോഗം രാജ് റസിഡൻസി ബാറിന് അുകൂലമായ വ്യാജരേഖ ഉൾപ്പെട്ട മിനുട്ട്സിന്റെ തനിപ്പകർപ്പ് അന്യായക്കാരൻ അരവിന്ദൻ മാണിക്കോത്ത് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയിരുന്നു.

LatestDaily

Read Previous

മർദ്ധനമേറ്റ ഡിവൈഎഫ്ഐ പ്രവർത്തകന് ഗുരുതരം

Read Next

യോഗ പരിശീലകൻ ഹരി നമ്പ്യാർ ജീവനൊടുക്കി