കാഞ്ഞങ്ങാട് നഗരസഭ ലീഗിൽ പ്രതിസന്ധി; യുഡിഏഫ് വാർത്താസമ്മേളനം മാറ്റി

കാഞ്ഞങ്ങാട്: മുസ്്ലീം ലീഗിൽ നഗരസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉരുണ്ടുകൂടിയ പ്രതിസന്ധി രൂക്ഷമായി.  ഇതേതുടർന്ന് ഇന്നലെ വൈകീട്ട് യുഡിഎഫ് നഗരസഭ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ വിളിച്ച് ചേർത്ത വാർത്താ സമ്മേളനം അവസാന നിമിഷം മാറ്റിവെച്ചു.

ഇന്നലെ വൈകീട്ട് 4 മണിക്കായിരുന്നു യുഡിഎഫ് പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനം വിളിച്ച് ചേർത്തത്. പത്രസമ്മേളനം ആരംഭിക്കുന്നതിന് ഏതാനും നിമിഷം മുമ്പ് സമ്മേളനം മാറ്റിവെച്ചതായി അറിയിക്കുകയായിരുന്നു. നഗരസഭ 37-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് സി.കെ. അഷ്റഫിനെയായിരുന്നു. എന്നാൽ മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം മുൻ ജനറൽ സിക്രട്ടറിയും നിലവിൽ മുസ്്ലീം ലീഗ് ജില്ലാ പ്രവർത്തകസമിതിയംഗവുമായ എം. ഇബ്രാഹിമിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ലീഗിൽ പ്രബലമായ ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഇബ്രാഹിം ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയുണ്ടായി.

സംസ്ഥാന എക്സൈസ് സർവ്വീസിൽ നിന്ന് വിരമിച്ച ടി. അസീസിനെ 18-ാം വാർഡിൽ സ്ഥാനാർത്ഥി യാക്കിയതിനെയും മുസ്്ലീം ലീഗിൽ ഒരു വിഭാഗം എതിർക്കുന്നുണ്ട്. അസീസിനെതിരെ മത്സരിക്കാൻ പ്രമുഖ ലീഗ് പ്രവർത്തകൻ കെ. കെ. ഇസ്മയിൽ കഴിഞ്ഞ ദിവസം റിബലായി പത്രിക സമർപ്പിച്ചു. 37-ാം വാർഡിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ മുൻനഗരസഭാ കൗൺസിലർ ഖദീജ രംഗത്തുണ്ട്. കൂളിയങ്കാൽ വാർഡിൽ യുഡിഎഫിനെതിരെ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി മുത്തലിബ് കഴിഞ്ഞ ദിവസമാണ് ലീഗ് വിട്ട് ഐഎൻഎല്ലിൽ ചേർന്നത്.

പടന്നക്കാട് വാർഡിൽ കൗൺസിലറായിരുന്ന അബ്ദുറസാക്കിന്റെ ഭാര്യ ഹസീനയാണ് ഇത്തവണ അവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥി. മുസ്്ലീം ലീഗിൽ ഒരു വിഭാഗത്തിന് ഇതിൽ എതിർപ്പുണ്ട്. മുസ്്ലീം ലീഗിന്റെ ശക്തി കേന്ദ്രമായ തീരദേശ വാർഡുകളിൽ പലതിലും ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായ എതിർപ്പുകൾ പ്രത്യക്ഷപ്പെട്ടതും ലീഗിനെ കുഴക്കുകയാണ്. ഇത്തവണ നഗരസഭാ ഭരണം തിരിച്ച് പിടിക്കാൻ യുഡിഎഫ് കോപ്പ് കൂട്ടുന്നതിനിടയിലാണ് യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്്ലീം ലീഗിൽ പരക്കെ റിബൽ സ്ഥാനാർത്ഥികൾ രംഗത്ത് വന്നത്. എല്ലായിടത്തും നല്ലൊരു വിഭാഗം പ്രവർക്കർ റിബലുകൾക്കൊപ്പമുണ്ട്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിനിരയായവരുടെ സംഗമം 20– ന്

Read Next

കോൺഗ്രസ്സിന്റെ 27 സ്ഥാനാർത്ഥികളും പത്രിക നൽകി കോൺഗ്രസ്സ് സ്ഥാനാർത്ഥികളിൽ ഡോക്ടറും