കാഞ്ഞങ്ങാട് നഗരസഭയിൽ അങ്കം 13 വാർഡുകളിൽ

പടിവാതിൽക്കലെത്തിയ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ യുഡിഎഫ്- എൽഡിഎഫ് നേർക്കുനേർ അങ്കം 13 വാർഡുകളിലായിരിക്കും. നഗരസഭയിൽ മൊത്തം വാർഡുകൾ 43. ഇതിൽ 13 വാർഡുകൾ സിപിഎമ്മിന്റെ എക്കാലത്തെയും ഉറച്ച കോട്ടകൾ എന്നു തന്നെ വിളിക്കാവുന്ന വാർഡുകളാണ്.


11 വാർഡുകൾ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ഉറച്ച വാർഡുകളാണ്. 6 വാർഡുകൾ ബിജെപിയുടെ ഉറച്ച വാർഡുകളാണ്. സിപിഎം-13. ലീഗ്- 11. ബിജെപി- 6. മൊത്തം – 30 വാർഡുകളിൽ ജയാപചയങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമേയില്ല. ശേഷിച്ച 13 വാർഡുകളിലെ വിജയ സാധ്യത മാത്രം കണക്ക് കൂട്ടിയാൽ കിട്ടുന്ന ചിത്രമെടുത്താൽ ഇത്തവണ നഗരഭരണം ആരുടെ കൈകളിലെത്തുമെന്ന് നിഷ്പ്രയാസം തീരുമാനിക്കും. 13 വാർഡുകളിലെ വിജയം ഐഎൻഎൽ ഇത്തവണ ആവശ്യപ്പെട്ടത് 6 വാർഡുകളാണ്. നാല് അല്ലെങ്കിൽ അഞ്ച് വാർഡുകൾ ഇന്ത്യൻ നാഷണൽ ലീഗ് എന്ന ഇടതുമുന്നണിയിലെ ഘടക കക്ഷിക്ക് കൊടുക്കാനിടയുണ്ട്.


4 വാർഡുകൾ ഇത്തവണ ഐഎൻഎൽ ഉറപ്പാക്കുന്നുണ്ട്. ശേഷിച്ച 9 വാർഡുകളിൽ ഒരു വാർഡ് ലോക്താന്ത്രിക് ജനതാദളിന്റെ എക്കാലത്തെയും പ്രസ്റ്റീജ് വാർഡായ അരയി പാലക്കാൽ വാർഡ്, മുന്നണി മാറ്റത്തെ തുടർന്ന് ഇത്തവണ ഇടതുമുന്നണിക്കൊപ്പമാണ്. ശേഷിച്ച 8 വാർഡുകളിൽ യുഡിഎഫും എൽഡിഎഫും നേരിട്ടുള്ളതും തീപാറുന്നതുമായ മൽസരമായിരിക്കും നേരിടേണ്ടി വരിക. നിർണ്ണായകമെന്ന് തന്നെ പറയാവുന്ന ഈ 8 വാർഡുകളിൽ കോൺഗ്രസ്സിനും, ലീഗിനും, ഇടതുമുന്നണിക്കും ലഭിക്കുന്ന സീറ്റുകളാണ് നഗരഭരണത്തിന്റെ ജനാധിപത്യ ചക്രം ഇടത്തോട്ടോ, വലത്തോട്ടോ തിരിച്ചു നിർത്തുക.


ഈ വാർഡുകളിൽ കോൺഗ്രസ്സും ഇടതുമുന്നണിയും ലീഗും കളത്തിലിറക്കുന്ന സ്ഥാനാർത്ഥികളുടെ ജനസമ്മതിയെ അശ്രയിച്ചായിരിക്കും കാഞ്ഞങ്ങാട്ട് ഇത്തവണ ജയാപചയങ്ങൾ. അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ എക്കാലത്തെയും ഹരിത സിംഹാസനത്തിൽ ഇരിക്കാൻ, ധനശേഷിയും തലയെടുപ്പുമുള്ള മറ്റൊരു നേതാവില്ലാത്തതിനാൽ, മുസ്ലീം ലീഗിൽ ആരംഭത്തിൽ തന്നെ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

LatestDaily

Read Previous

കാഞ്ഞങ്ങാട് നഗരസഭ ഇടതു തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

Read Next

ചിത്താരിയിൽ കട കൊള്ളയടിച്ചു നടന്നത് ഹൈട്ടെക് കവർച്ച∙ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തന്നെ കൊണ്ടു പോയി