ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: 2017-18 വർഷം കാഞ്ഞങ്ങാട് നഗര പരിധിയിൽ കുടിവെള്ളം വിതരണം ചെയ്ത പദതിയിൽ 6,56,262 ലക്ഷം രൂപയുടെ വൻ അഴിമതി. വി.വി.രമേശൻ ചെയർമാൻ പദവിയിലിരുന്ന കാലത്ത് വരൾച്ചയുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യാനുള്ള ടെണ്ടർ ഏറ്റെടുത്തതായി രേഖകളിൽ കാണുന്നത് പടന്നക്കാട് സ്വദേശി ടി.വി. ഗിരീശനാണ്. 2017 മെയ് 2 മുതൽ ജൂൺ 7 വരെ വെറും 37 ദിവസം ലോറി ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്തുവെന്ന കള്ളക്കണക്കുകളും, കള്ള വൗച്ചറുകളും എഴുതിയുണ്ടാക്കിയാണ് 6.56 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്ന് അടിച്ചു മാറ്റിയിട്ടുള്ളത്.
2017 ഏപ്രിൽ 18-ന് നഗരസഭ ഓഫീസിലെ നോട്ടീസ് ബോർഡിൽ പോലും പതിക്കാതെ മറച്ചു വെച്ച കുടിവെള്ള വിതരണ ടെണ്ടർ അറിയിപ്പ് നോട്ടീസിന്റെ നമ്പർ നഗരസഭാ രേഖകളിൽ കാണുന്നത് 3389/2017 ആണ്. 2017 ഏപ്രിൽ 24-ന് ടി.വി ഗിരീശനിൽ നിന്ന് മാത്രമായി എഴുതിവാങ്ങിയ ടെണ്ടർ വി.വി. രമേശൻ ചെയർമാനായ ഭരണ സമിതി അംഗീകരിച്ചതായി നഗരസഭ ഫയലിൽ എഴുതിവെച്ചിട്ടുണ്ട്. 2017 മെയ് 29-ന് തീരുമാനം നമ്പർ 9/2017 അനുസരിച്ച് മെയ് 2-ന് ടി.വി. ഗിരീശനുമായി കരാർ ഒപ്പിടുകയും അന്നുതന്നെ ടി. വി. ഗിരീശൻ നഗരത്തിലെ വരണ്ട പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ആരംഭിച്ചതായും രേഖകളുണ്ടാക്കിയിട്ടുണ്ട്.
ആകെ 37 ദിവസം 138 ട്രിപ്പുകൾ ഓടി കുടിവെള്ളം വിതരണം ചയ്തുവെന്നതിന് ട്രിപ്പ് ഒന്നിന് 4,600 രൂപ പ്രകാരം 138 ട്രിപ്പുകൾക്ക് 6,34,800 രൂപയും 14 കൂടുതൽ വരുന്ന അധിക ട്രിപ്പുകൾക്ക് 1533 രൂപ വീതം 21,462 രൂപയുമടക്കം 6,56,262 രൂപയുടെ ബില്ലാണ് ടി . വി. ഗിരീശന്റെ പേരിൽ അന്നത്തെ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ ഒപ്പിട്ട നിലയിൽ ഹാജരാക്കിയിട്ടുള്ളത്. ഈ കുടിവെള്ള ബിൽ 2017 ആഗസ്ത് 21-ന് ചേർന്ന കൗൺസിൽ യോഗം 25-ാം നമ്പർ അജണ്ട തീരുമാന പ്രകാരം കൗൺസിൽ പാസ്സാക്കി 52853 നമ്പർ ചെക്ക് തീയ്യതി 2017 ആഗസ്ത് 29-ന് ടി.വി.ഗിരീശന് നൽകിയതായും രേഖകളിൽ കാണുന്നു.
വരൾച്ചക്കാലത്ത് കുടിവെള്ളം വിതരണം ചെയ്യാൻ കൃത്യമായ ട്രിപ്പ് ഷീറ്റ് എഴുതി ഹാജരാക്കണമെന്ന് ജില്ലാ കലക്ടറുടെ കെ-1-48037/2016 കർശ്ശന നിർദ്ദശം നില നിൽക്കെയാണ് മേൽ നിർദ്ദേശം പൂർണ്ണമായും മറി കടന്ന് സാധാരണ വെള്ളക്കടലാസിൽ പേരിന് മാത്രമായി ഒരു സാധാ ട്രിപ്പ് ഷീറ്റ് എഴുതിയുണ്ടാക്കി ടി.വി.ഗിരീശൻ കുടിവെള്ള വിതരണം നടത്തിയതെന്നാണ് രേഖയിലുള്ളത്. കുടിവെള്ളം ടാങ്കർ ലോറിയിൽ ശേഖരിച്ച സ്ഥലം, സഞ്ചരിച്ച ദൂരം, വിതരണം ചെയ്ത സ്ഥലം എന്നിവയൊന്നും ട്രിപ്പ് ഷീറ്റിൽ കാണിച്ചിട്ടില്ല. വാർഡ് മെമ്പർ, നഗരസഭ സിക്രട്ടറി, സ്ഥലം വില്ലേജ് ഓഫീസർ എന്നിവർ ഒപ്പിട്ട ട്രിപ്പ് ഷീറ്റാണ് സമർപ്പിക്കേണ്ടതെങ്കിലും, ഈ ഉദ്യോഗസ്ഥർ ആരും ഒപ്പിടാത്ത ട്രിപ്പ് ഷീറ്റാണ് ടി.വി ഗിരീശൻ നഗരസഭയിൽ ഹാജരാക്കി 6,56 ലക്ഷം രൂപ കൈപ്പറ്റിയതായി രേഖകളിലുള്ളത്.
കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിന് ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരിക്കണമെന്ന ജില്ലാ കലക്ടറുെട കർശ്ശന നിർദ്ദേശവും ടി.വി ഗിരീശൻ പാലിച്ചതായി കാണുന്നില്ല. മാത്രമല്ല, കുടിവെള്ളം വിതരണം ചെയ്തുവെന്ന് പറയുന്ന 138 ട്രിപ്പുകൾക്ക് പുറമെ 14 അഡീഷണൽ ട്രിപ്പുകൾ നടത്തിയതിന് കരാറുകാരൻ മുൻകൂർ അനുമതി വാങ്ങിയിട്ടുമില്ല. ഇതുസംബന്ധിച്ച് ലോഗ്ബുക്കും ഹാജരാക്കിയിട്ടില്ല. ഗിരീശൻ കൈപ്പറ്റിയ 6,56,262 രൂപയുടെ ഒരു ശതമാനം തുക 6563 രൂപ ഗിരീശനിൽ നിന്ന് ആദായ നികുതി പിടിക്കേണ്ടതുണ്ടെങ്കിലും , ഈ തുക നികുതി പിടിച്ചതായും നഗരസഭ രേഖകളില്ല. ടെണ്ടറിൽ ഒപ്പിടും മുമ്പ് ഗിരീശൻ 10,000 രൂപ ഇ.എം.ഡി. അടക്കണം. ഈ പണവും നഗരസഭയിൽ അടച്ചിട്ടില്ല.
ഫലത്തിൽ 137 ട്രിപ്പ് കുടിവെള്ളം നഗരത്തിൽ വിതരണം ചെയ്തിട്ടില്ലെന്ന് കണക്കുകൾ തുറന്നു കാട്ടുന്നു. വിതരണം ചെയ്യാത്ത കുടിവെള്ളത്തിനാണ് 6,56 ലക്ഷം രൂപ 2017-18 വർഷം നഗരസഭ ഫണ്ടിൽ നിന്ന് ചിലവഴിച്ചിട്ടുള്ളത്. ഈ കുടിവെള്ളത്തിന്റെ പേരിൽ 6,56 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ നിന്ന് പിൻ വലിച്ചിട്ടുണ്ടെങ്കിലും, ഈ പണം ആരുടെ കൈകളിലാണ് എത്തിപ്പെട്ടതെന്ന് താമസിയാതെ പുറത്തു വരും.