കൗൺസിൽ യോഗം പൊതുസ്ഥലത്ത് ചേരണം ഒന്നും രഹസ്യമല്ല; എല്ലാം ജനങ്ങളറിയണം

കാഞ്ഞങ്ങാട്: നഗരസഭാ- ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനങ്ങളെടുക്കാനുള്ള യോഗങ്ങൾ ഒരിക്കലും രഹസ്യമല്ല. നഗരത്തിലെ ജനങ്ങൾക്ക് അഭിപ്രായം പറയാൻ പാടില്ലെങ്കിലും, കൗൺസിൽ യോഗങ്ങൾ വിളിച്ചു ചേർക്കേണ്ടത് പൊതു സ്ഥലത്താണെന്ന് കേരള മുൻസിപ്പൽ ചട്ടത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. നഗരസഭ കൗൺസിൽ യോഗങ്ങൾ നടക്കുമ്പോൾ ആ യോഗം കേൾക്കാൻ പൊതുജനങ്ങൾക്ക് കൂടി സൗകര്യം ചെയ്തുകൊടുക്കേണ്ട ഉത്തരവാദിത്തം നഗരഭരണകർത്താക്കളിൽ നിക്ഷിപ്തമാണെന്ന് കൂടി നഗരസഭ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നഗരസഭ നിയമം മേൽ രീതിയിൽ വ്യക്തമാക്കുമ്പോഴാണ്, നഗരസഭ കൗൺസിൽ യോഗം മാധ്യമ പ്രവർത്തകരിൽ നിന്ന് പോലും മറച്ചുവെക്കാൻ കാഞ്ഞങ്ങാട് നഗരസഭ ഇടതുഭരണാധികാരികൾ കഴിഞ്ഞ ദിവസം ശ്രമിച്ചത്. 2015-20 വർഷം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ നഗരസഭയിൽ നടത്തിയ അഴിമതികൾ അക്കമിട്ടു പറഞ്ഞുകൊണ്ടുള്ള 2018- 19 വർഷത്തെ സർക്കാർ ഓഡിറ്റ് റിപ്പോർട്ട് കൗൺസിൽ മുമ്പാകെ ചർച്ചയ്ക്ക് വെച്ചത് 2021-ൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിക്ക് മുന്നിലാണെന്ന കാര്യം തന്നെ രമേശന്റെ അഴിമതികൾ അദ്ദേഹം ചെയർമാൻ പദവിയിരുന്ന നാളുകളിൽ ഒളിപ്പിച്ചുവെച്ചതിനാലാണ്.

പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് നൽകാൻ തീരുമാനിച്ച സൈക്കിൾ വിതരണത്തിലും, കുടിവെള്ള വിതരണത്തിലും, ലാപ്ടോപ്പ് വിതരണത്തിലും, സ്റ്റീൽ പ്ലേറ്റും ഗ്ലാസ്സും വിതരണത്തിലും രമേശൻ ഭരണത്തിൽ നടന്ന അഴിമതികൾ അക്കമിട്ടു നിരത്തിയ ഓഡിറ്റ് റിപ്പോർട്ടാണ് 2021 ഫിബ്രവരി 15-ന് തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ ചർച്ചയ്ക്ക് വെച്ചത്. സ്വാഭാവികമായും ഈ ഓഡിറ്റ് റിപ്പോർട്ട് ചർച്ചയ്ക്കെടുത്താൽ, മുസ്ലീം ലീഗും കോൺഗ്രസ്സും, ബിജെപിയുമടങ്ങുന്ന പ്രതിപക്ഷത്തുള്ള കൗൺസിലർമാർ രമേശൻ ഭരണത്തിലെ അഴിമതികൾ വിളിച്ചുപറഞ്ഞാൽ, ഈ അഴിമതിക്കഥ മാധ്യമങ്ങൾ പുറത്തുവിടുമെന്ന് ഭയപ്പെട്ടതിനാലാണ് ഫിബ്രവരി 15-ന്റെ കൗൺസിൽ അജണ്ട വി. വി. രമേശനെ അനുകൂലിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരിൽ നിന്നു പോലും പൂർണ്ണമായും ഒളിപ്പിച്ചു വെച്ചത്.

മാധ്യമങ്ങൾക്ക് കൗൺസിൽ അജണ്ട നൽകുന്നതിൽ അധ്യക്ഷ കെ. വി. സുജാത എതിരല്ലെങ്കിലും, സുജാതയെ മറികടന്ന് ഇടതു നഗരഭരണത്തിന്റെ രണ്ടാം ആരംഭത്തിൽ തന്നെ വി. വി. രമേശൻ നേതൃത്വം നൽകുന്ന ഉപജാപസംഘം നഗരഭരണത്തിൽ പിടിമുറുക്കിയതിന്റെ തെളിവാണ് അജണ്ട ഒളിപ്പിച്ച സംഭവം.

LatestDaily

Read Previous

യുവാവ് ഭാര്യയുടെ കാൽ തല്ലിയൊടിച്ചു

Read Next

ജില്ലാ ആസ്ഥാനം ലഹരിമരുന്ന് വിതരണ കേന്ദ്രം ഒരു വർഷത്തിനിടെ പിടികൂടിയത് 192 കിലോ ലഹരിവസ്തുക്കൾ