കൗൺസിൽ യോഗം സുജാതയും രഹസ്യമാക്കുന്നു

കാഞ്ഞങ്ങാട്: നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്സൺ കെ. വി. സുജാതയും രഹസ്യമാക്കിത്തുടങ്ങി. 2016 മുതൽ 2020 വരെ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി. വി. രമേശൻ കൗൺസിൽ യോഗം മാധ്യമപ്രവർത്തകരിൽ നിന്ന് രഹസ്യമാക്കി വെച്ചിരുന്നു. കൗൺസിൽ യോഗത്തിൽ പാസ്സാക്കാൻ വെക്കുന്ന അജണ്ഡകളുടെ അച്ചടിച്ച കോപ്പി യുഡിഎഫ് ഭരണകാലത്ത് കൃത്യമായി കാഞ്ഞങ്ങാട്ടെ മാധ്യമങ്ങളുടെ ഓഫീസുകളിൽ എത്തിച്ചിരുന്നുവെങ്കിലും, വി. വി. രമേശൻ 2015‑ൽ ഇടതു ഭരണസമിതി അധ്യക്ഷനായി അധികാരമേറ്റ ശേഷം 2016 മുതൽ കൗൺസിൽ അജണ്ഡകൾ മാധ്യമങ്ങൾക്ക് നൽകാതെ രഹസ്യമാക്കിവെക്കുകയായിരുന്നു.

പിന്നീട് രമേശന്റെ ഭരണ കാലാവധി തീർന്ന 2020 വരെ മാധ്യമങ്ങൾക്ക് അജണ്ഡ നൽകാതിരുന്നപ്പോഴും, രമേശന് താൽപ്പര്യമുള്ള ചില മാധ്യമങ്ങൾക്ക് അജണ്ഡ വാട്സാപ്പിൽ അയച്ചിരുന്നു. ഇപ്പോൾ കെ. വി. സുജാത അധ്യക്ഷ പദവിലെത്തിയ ശേഷം മൂന്ന് കൗൺസിൽ യോഗങ്ങൾ ചേർന്നു. സുജാത സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ലേറ്റസ്റ്റ് പ്രതിനിധി അധ്യക്ഷയെ നേരിൽക്കണ്ട് അജണ്ട യഥാസമയം മാധ്യമങ്ങൾക്ക് നൽകണമെന്ന് അഭ്യത്ഥിച്ചിട്ടും ആദ്യം ചേർന്ന യോഗത്തിലെ അജണ്ഡ ലേറ്റസ്റ്റിന് മാത്രം നൽകിയില്ല. ഇതേ തുടർന്ന് ലേറ്റസ്റ്റ് പത്രാധിപർ തന്നെ സുജാതയെ ഫോണിൽ വിളിച്ച് അജണ്ഡ ലേറ്റസ്റ്റിന് നൽകണമെന്ന് ചെയർപേഴ്സണോട് അപേക്ഷിച്ചിരുന്നു.

സുജാത ഭരണത്തിന്റെ മൂന്നാമത്തെ കൗൺസിൽ യോഗം ഇന്നലെ ചേർന്നിരുന്നുവെങ്കിലും, കാഞ്ഞങ്ങാട്ടെ ഒരു മാധ്യമത്തിനും ഇന്നലെ നടന്ന അജണ്ഡയുടെ കോപ്പി മെയിലിൽപ്പോലും അയക്കാതെ മറച്ചുവെക്കുകയായിരുന്നു. ഇന്നലെ നഗരസഭ കൗൺസിൽ യോഗം ചേരുന്നുണ്ടെന്ന് ചില കൗൺസിലർമാരിൽ നിന്ന് മനസ്സിലാക്കിയ ചുരുക്കം ചില മാധ്യമപ്രവർത്തകർ ഇന്നലെ കൗൺസിൽ യോഗത്തിനെത്തുകയായിരുന്നു. 2017‑18 വർഷം നഗരസഭയിൽ വി. വി. രമേശൻ ഭരണത്തിൽ നടന്ന നടുക്കുന്ന അഴിമതികൾ നിറഞ്ഞ ഓഡിറ്റ് റിപ്പോർട്ടിന്റെ ചർച്ചയാണ്

ഇന്നലെ മുഖ്യമായും ചർച്ചയ്ക്രുക്ക് വെച്ചിരുന്ന അജണ്ഡ. ഈ ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ കൗൺസിൽ യോഗത്തിൽ മാധ്യമപ്രവർത്തകർ എത്താതിരിക്കാനാണ് ഇന്നലത്തെ കൗൺസിൽ അജണ്ട മാധ്യമങ്ങൾക്ക് നൽകാതിരുന്നത്.  ചെയർപേഴ്സൺ കെ. വി. സുജാതയെ നോക്കുക്കുത്തിയാക്കി വി. വി. രമേശൻ തന്നെയാണ് ഇപ്പോഴും നഗരഭരണം നടത്തുന്നതെന്നതിന് പ്രകടമായ തെളിവാണ് ഓഡിറ്റ് റിപ്പോർട്ട് ചർച്ചയുടെ അജണ്ഡ മാധ്യമങ്ങളിൽ നിന്ന് ഒളിപ്പിച്ചുവെച്ച സംഭവം. രമേശന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ ഒരു ഉദ്യോഗസ്ഥനാണ് ഇന്നലത്തെ അജണ്ഡ മാധ്യമങ്ങളിൽ നിന്ന് മറച്ചുവെക്കാൻ മുൻകൈയെടുത്തത്. നഗര ഭരണത്തിൽ പിടിമുറുക്കി ചെയർപേഴ്സണെ നോക്കുക്കുത്തിയാക്കാനുള്ള വി. വി. രമേശന്റെ നീക്കത്തിൽ അധ്യക്ഷ കെ. വി. സുജാത അസ്വസ്ഥയാണ്.

LatestDaily

Read Previous

ടാങ്കർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Read Next

വിദ്യാർത്ഥി കവർച്ചക്കാരനായത് തൊരപ്പൻ സന്തോഷുമായുള്ള ജയിലിലെ പരിചയത്തിൽ