കാഞ്ഞങ്ങാട് നഗരസഭ ഒട്ടുമുക്കാൽ നിർമ്മാണവും ഒരു കരാറുകാരന്

കാഞ്ഞങ്ങാട്: നഗരസഭയിൽ പോയ നാലര വർഷക്കാലം നടത്തിയ 80 ശതമാനം നിർമ്മാണ ജോലികളും ഏറ്റെടുത്ത് നടത്തിയത് ഒരേയൊരു കരാറുകാരൻ. 

നഗരസഭ ചെയർമാന്റെ  വിശ്വസ്തനായ കോൺട്രാക്ടർ ചന്ദ്രനാണ് റോഡും കൽവർട്ടുകളും അടക്കമുള്ള ഒട്ടുമുക്കാൽ നിർമ്മാണ ജോലികളും ഏറ്റെടുത്ത് നടത്തിയത്.

ചെയർമാൻ വി.വി. രമേശന്റെ വാർഡ് നെല്ലിക്കാട്ട് പ്രദേശത്ത് ചന്ദ്രൻ സിമന്റ് റോഡ് പണിതത് തീർത്തും അശാസ്ത്രീയമായാണ്. കോൺക്രീറ്റ് റോഡ് സാധാരണ ഗതിയിൽ നിർമ്മിക്കാറുള്ളത് റോഡിൽ പലകകൊണ്ട് അച്ചുകെട്ടിയുണ്ടാക്കി കോൺക്രീറ്റ് വാർക്കുകയാണ്.

നെല്ലിക്കാട്ട് വാർഡിലും, കാഞ്ഞങ്ങാട് ടൗൺ ബസ്്സ്റ്റാൻഡിന് പിന്നിലുള്ള 200 മീറ്റർ റോഡും ‘റ’ വട്ടത്തിലാണ് പണിതത്.

നെല്ലിക്കാട്ട് ‘റ’ മാതൃകയിൽ പണിത സിമന്റ് റോഡ് ഈ മഴയിൽ പാടെ പൊട്ടിപ്പൊളിയുകയും ചെയ്തു.

അതിയാമ്പൂര് വാർഡിലുള്ള റോഡ് മുഴുവൻ ടാറിട്ട് വെടിപ്പാക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് വി.വി. രമേശൻ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും, അതിയാമ്പൂരിൽ നിന്ന് മാങ്ങോട്ടേക്ക് പോകുന്ന പ്രധാന റോഡ് ഇപ്പോഴും ചെളി നിറഞ്ഞ മൺനിരത്താണ്.

തൽസമയം, ചെയർമാന്റെ കാർ ഡ്രൈവർ ഷാലുവിന്റെ വീട്ടിലേക്ക് പോകുന്ന റോഡ് 300 മീറ്റർ ദൂരം കോൺക്രീറ്റ് ചെയ്തുകൊടുത്തിട്ടുണ്ട്.

4 മീറ്റർ ടാർ റോഡ് നേരത്തെ ഉണ്ടായിരുന്ന ‘ഷാലു റോഡ്’  ഇപ്പോൾ 3 മീറ്ററായി ചുരുക്കിയാണ് കോൺട്രാക്ടർ ചന്ദ്രൻ സിമന്റ് റോഡാക്കി മാറ്റിയത്.

കിഴക്കുംകരയിൽ നിന്ന് അതിയാമ്പൂരിലേക്കുള്ള  പാർക്കോ ക്ലബ്ബ് റോഡും ‘റ’ മാതൃകയിലാണ് ചന്ദ്രൻ പണി തീർത്തത്.

ഈ റോഡിലൂടെ ഇപ്പോൾ രണ്ടുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

കാരണം, ‘റ’ മാതൃകയിൽ പണിതുവെച്ചിട്ടുള്ള റോഡിൽ മറ്റൊരു വാഹനത്തിന്  സൈഡ് കൊടുക്കുമ്പോൾ, ഇരു വാഹനങ്ങളും പൂർണ്ണമായും മറിഞ്ഞുവീഴാൻ പാകത്തിൽ ചെരിയുകയാണ്.

ഈ റോഡിൽ വാഹനങ്ങൾ മറിയാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ ഒരറ്റത്തുനിന്ന് ഒരിഞ്ച് ഘനത്തിൽ ആരംഭിക്കുന്ന സിമന്റ് റോഡ് നേരെ മുകളിലേക്ക് 8 ഇഞ്ച് ഘനത്തിലാണ് ഉയർന്നു നിൽക്കുന്നത്. അപ്പുറത്ത് വീണ്ടും ഒരിഞ്ചുഘനത്തിലേക്ക് താഴ്ന്നും നിൽക്കുന്നു.

ലോകത്തൊരിടത്തും ‘റ’ മാതൃകയിലുള്ള റോഡ് ഇന്നുവരെ ഒരു കരാറുകാരനും പണിതിട്ടില്ല.

നഗരസഭ എഞ്ചിനീയർ എങ്ങിനെയാണ് അപകടം ക്ഷണിച്ചുവരുത്തുന്ന ‘റ’ മോഡൽ സിമന്റ്  റോഡ് നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് ചോദിച്ച് നാട്ടുകാർ അന്തം വിട്ടു നിൽക്കുകയാണ്.

ചെയർമാൻ സ്വന്തം വാർഡിൽ കാട്ടിക്കൂട്ടിയ പ്രവൃത്തികളും മാങ്ങോട്ട് റോഡിനോട് കാണിച്ച പക്ഷഭേദവും ഈ വരുന്ന തിരഞ്ഞെടുപ്പിൽ ശക്തമായി വോട്ടിംഗിൽ പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടി.

നഗരസഭ സിപിഎം ചെയർപേഴ്സൺ സ്ഥാനാർത്ഥി വി.വി.  പ്രസന്നകുമാരി അതിയാമ്പൂര് 4-ാം വാർഡിൽ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.

LatestDaily

Read Previous

കേസ്സ് നിലനിൽക്കില്ലെന്ന് അഭിപ്രായം കിട്ടി

Read Next

ഫാഷൻ ഗോൾഡ് കേസ്സ് നിൽക്കില്ല: ജില്ലാ പോലീസ് മേധാവി