ബിജെപി‑സിപിഎം വോട്ടിടപാട് പകൽ പോലെ വ്യക്തം

കാഞ്ഞങ്ങാട് : നഗരസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിലെ 13, 14, 17 വാർഡുകളിൽ ബിജെപിയും സിപിഎമ്മും നടത്തിയ അവിശുദ്ധ വോട്ടിടപാട് ജനമറിഞ്ഞതിന്റെ ജാള്യത മറക്കാൻ പാർട്ടി പത്രത്തിൽ കൊണ്ടു പിടിച്ച ശ്രമം. 13– ാം വാർഡിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജിനും 14 –ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച ബൽരാജിന്റെ ഭാര്യ വന്ദന റാവുവിനും സിപിഎം വോട്ട് മറിച്ചുവെന്നത്. പകൽ പോലെ വ്യക്തമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത്തവണയും സിപിഎമ്മിനും,‑ ബിജെപിക്കും ലഭിച്ച വോട്ടുകളുടെ കണക്ക് പരിശോധിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണിത്. ഇപ്രകാരം മുൻ നഗരസഭ ചെയർമാൻ വി. വി. രമേശന് ബിജെപി വോട്ട് ലഭിച്ചു എന്നതും കണക്കുകളുടെ ബലത്തിൽ നിഷ്പ്രയാസം തെളിയിക്കാനാവും.  ഇടതു ജനാധിപത്യ മുന്നണി സംസ്ഥാനത്ത് സ്വീകരിച്ച പൊതുവായ സമീപനങ്ങൾക്ക് വിരുദ്ധമായി കാഞ്ഞങ്ങാട് നഗരസഭയിൽ നീക്കു പോക്ക് നടത്തിയതിന്റെ പേരിൽ പാർട്ടി അണികളിൽ നിന്നുയർന്ന വിമർശനങ്ങൾക്ക് വിശദീകരണം നൽകാനാവാതെ വന്നപ്പോഴാണ് ലേറ്റസ്റ്റിനെതിരെ തെറ്റായ പ്രചാരണം നടത്തി രക്ഷപ്പെടാനുള്ള നീക്കം ഒരു വിഭാഗം പാർട്ടി നേതാക്കൾ നടത്തിയത്.

എത്ര നിഷേധിച്ചാലും മായ്ക്കാൻ കഴിയാത്ത വിധം ശരിയായ വസ്തുതകളാണ് ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇടതു മുന്നണിയുടെ നയ സമീപനങ്ങളിൽ നിന്നു വ്യതിചലിച്ച് ബിജെപിയുമായുണ്ടാക്കിയ അവിശുദ്ധ ബാന്ധവം ചൂണ്ടിക്കാണിച്ചത് ഒരപരാധമല്ല. വസ്തുതകൾ മറച്ചുവെച്ച് ലേറ്റസ്റ്റിനെതിരെ നടത്തുന്ന പ്രചാരണങ്ങൾ മാന്യ വായനക്കാർ അവജ്ഞതയോടെ തള്ളിക്കളയുമെന്നതിൽ സംശയമില്ല.  സിപിഎമ്മിലെ ചിലർ ബിജെപിയുമായി നടത്തിയ വോട്ടിടപാടിനെ തള്ളിപ്പറയുന്നതിന് പകരം തെറ്റുകൾ പാർട്ടി ഏറ്റെടുത്ത് തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ അവഹേളിക്കുന്ന സമീപനമാണ് കാഞ്ഞങ്ങാട്ടുണ്ടായത്.

വോട്ടിടപാട് പകൽ പോലെ വെളിച്ചത്തുേ വന്നത് സിപിഎം അണികൾക്കിടയിൽ വ്യാപക ചർച്ചയാവുകയും നേതാക്കളോട് പ്രവർത്തകർ വിശദീകരണമാരായുകയും ചെയ്തപ്പോൾ, വാർത്ത പ്രസിദ്ധീകരിച്ച ലേറ്റസ്റ്റിനെ കുറ്റപ്പെടുത്തിക്കൊണ്ട് നേതൃത്വം കൈ കഴുകുകയായിരുന്നു.  ഒപ്പം സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ ബിജെപി സിപിഎം വോട്ടിടപാട് വിവരം എത്താതിരിക്കാൻ വാർത്ത വരുന്നത് തടയാനും വി. വി. രമേശനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു.

സംസ്ഥാനത്തുടനീളം ഇടതു ജനാധിപത്യ മുന്നണി ബിജെപിക്കും, യുഡിഎഫിനുമെതിരെ ജനങ്ങളെ അണിനിരത്തിയപ്പോൾ, മതനിരപേക്ഷതയ്ക്കൊപ്പം നിൽക്കാൻ ബാധ്യസ്ഥരായ കാഞ്ഞങ്ങാട്ടെ സിപിഎം നേതൃത്വം ബിജെപിക്കൊപ്പം വോട്ടിടപാട് നടത്തി സ്വന്തം അണികളെയും, സിപിഎമ്മിൽ വിശ്വാസമർപ്പിച്ച ന്യൂനപക്ഷ വിഭാഗങ്ങളെയും വഞ്ചിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ നാല് വോട്ടിന് വേണ്ടി സിപിഎം നേതൃത്വം നടത്തിയ അവിശുദ്ധ ഇടപാടിനെ കാഞ്ഞങ്ങാട്ടെ പാർട്ടി എത്ര ന്യായീകരിച്ചാലും വരും നാളുകളിൽ കാഞ്ഞങ്ങാട്ടെ സിപിഎം നേതൃത്വം ഇതിന് കണക്ക് പറയേണ്ടി വരും.

LatestDaily

Read Previous

വോട്ട് മറിച്ച ലീഗ് കൗൺസിലർമാരോട് രാജിക്കത്ത് വാങ്ങിയത് രാഷ്ട്രീയ നാടകം

Read Next

ഔഫ് അബ്ദുറഹ്മാൻ കൊലചെയ്യപ്പെട്ട് 24 മണിക്കൂറിനകം ഏ. ഹമീദ്ഹാജി മംഗളൂരുവിൽ പുറത്തുവിട്ട ശബ്ദരേഖ