കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്റ്റാന്റിന് നഗരസഭ നൽകുന്ന വാർഷിക പലിശ 13 ലക്ഷം

ഹഡ് കോയിൽ  നിന്ന് കടമെടുത്തത് 15 കോടി

കാഞ്ഞങ്ങാട്: തറക്കല്ലിട്ട് ഒന്നരപതിറ്റാണ്ടിന് ശേഷം നിർമ്മാണം  പൂർത്തിയാക്കിയ അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിട മുറികൾ ആർക്കും വേണ്ടാതായതോടെ, കാഞ്ഞങ്ങാട് നഗരസഭ പ്രതിസന്ധിയിൽ. ബാങ്ക് വായ്പയുടെ പലിശ ഇനത്തിൽ മാത്രം കോടികൾ ചെലവഴിച്ച നഗരസഭയ്ക്ക് ഉദ്ഘാടനം കഴിഞ്ഞ് വർഷം രണ്ട് കഴിഞ്ഞിട്ടും ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും ചില്ലിക്കാശ്  പോലും ലഭിച്ചില്ല.

നഗരവാസികളുടെ  ക്ഷേമത്തിനും വികസന പ്രവർത്തനങ്ങൾക്കും ചെലവഴിക്കേണ്ട  കോടികൾ വകമാറ്റി ചെലവഴിച്ചാണിപ്പോൾ, നഗരസഭ 15 കോടിരൂപ  വായ്പയുടെ പലിശ അടക്കുന്നത്. പലിശയിനത്തിൽ ലക്ഷക്കണക്കിന് രൂപ പ്രതിമാസം പാഴായി പ്പോകുമ്പോൾ, നഗരസഭയ്ക്ക് വികസന പ്രവർത്തനങ്ങൾ പലതും വേണ്ടെന്ന് വെക്കേണ്ടി വന്നു. 1996– ലാണ് അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദൻ അലാമിപ്പള്ളി ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിന് തറക്കല്ലിട്ടത്.

1996 –ൽ പ്രാരംഭഘട്ടത്തിൽ ഒന്നേമുക്കാൽ കോടി രൂപയായിരുന്നു ഹഡ്കോയിൽ നിന്നും നഗരസഭ 8.9 ശതമാനം പലിശയ്ക്ക് വായ്പ വാങ്ങിയത്. നിർമ്മാണം പുരോഗമിക്കുന്നതിനിടെ നഗരസഭ  എട്ട് കോടി രൂപ ഹഡ്കോയിൽ നിന്നും വീണ്ടും വായ്പ വാങ്ങി. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തിയാക്കുന്നതിന് മുമ്പ് മൊത്തം 15 കോടി രൂപയായി ഹഡ്കോയിലെ കട ബാധ്യത ഉയർന്നു.

15 കോടി രൂപയ്ക്ക് പ്രതിവർഷം  13 ലക്ഷത്തിലേറെ രൂപ പലിശ മാത്രം നഗരസഭ ഹഡ്കോയിലടക്കുന്നുണ്ട്. ഈ പണം 1996 മുതൽ അടച്ചുവരികയാണ്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും വിവിധ പദ്ധതികൾക്കായി സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്കനുവദിക്കുന്ന തുകയിൽ നിന്നും പണം വകമാറ്റി ചെലവഴിച്ചാണിപ്പോൾ നഗരസഭ ഹഡ്കോയിൽ പലിശയടക്കുന്നത്. ഇത് തീർത്തും  ചട്ടലംഘനമാണ്. ഇതിനോടകം 15 കോടി മുതലിന് സമാനമായ തുക പലിശയിനത്തിൽ ഹഡ്കോയിൽ നഗരസഭ അടച്ചിട്ടുണ്ട്,  ഷോപ്പിംഗ് കോംപ്ലക്സിൽ  നിന്നും  2019 മുതൽ ചില്ലിക്കാശ് പോലും വരുമാനമുണ്ടായിട്ടില്ല.

15 കോടി രൂപയുടെ മുതൽ മാത്രം ഹഡ്കോയിൽ അടക്കാൻ ഇനിയും ബാക്കി കിടക്കുന്നു. ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഇഴഞ്ഞു നീങ്ങിയതും പിന്നീട് ഉദ്ഘാടനം നീണ്ടതും നഗരസഭയ്ക്കുണ്ടായ നഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. 5 വർഷക്കാലം വി. വി. രമേശനും, ഇപ്പോൾ 8 മാസം കെ. വി. സുജാതയും നഗരം ഭരിച്ചിട്ടും 15 കോടി ചിലവിട്ട് നിർമ്മിച്ച പുതിയ ബസ്സ്റ്റാന്റിൽ ബസ്സുകളിറക്കാൻ പോലും ഇരുവർക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

ത്രിവേണി സൂപ്പർ മാർക്കറ്റിൽ കവർച്ച

Read Next

സഫിയാ ഫാത്തിമ കേസിൽ ചാറ്റിങ്ങിലേർപ്പെട്ട അധ്യാപകനെതിരെ തെളിവു ലഭിച്ചു