അടിയൊഴുക്കുകൾ കാഞ്ഞങ്ങാട്ട് വിധി എഴുതും

കാഞ്ഞങ്ങാട് : 78.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ കാഞ്ഞങ്ങാട് നഗരസഭയിൽ ഇത്തവണ വിധിയെഴുത്തിന്റെ മുഖ്യ ഘടകം അടിയൊഴുക്കുകളായിരിക്കും.  കഴിഞ്ഞ തവണ ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് ഇടതു മുന്നണി പിടിച്ചെടുത്ത കാഞ്ഞങ്ങാട് നഗരസഭയിൽ ഏഴ് വാർഡുകളിലെ ഫലം ഇരു മുന്നണികൾക്കും, ബിജെപിക്കും നിർണ്ണായകമാണ്. ഐഎൻഎൽ മൽസരിക്കുന്ന വാർഡുകളിൽ വിജയ പരാജയം ഇടതു മുന്നണിക്ക് മാത്രമല്ല, ഐഎൻഎല്ലിന് തന്നെയും ഏറെ നിർണ്ണായകമായിരിക്കും.

പോളിംഗ് ശതമാനം കഴിഞ്ഞ തവണ 79.56 ഉണ്ടായിരുന്നത് ഇത്തവണ 78.43 ശതമാനമായി കുറഞ്ഞതും വിധി നിർണ്ണയത്തെ ബാധിക്കുന്ന ഘടകമാണ്. മുൻ നഗരസഭ ചെയർമാൻ വി. വി. രമേശൻ മൽസരിച്ച 17– ാം വാർഡ് ബിജെപി ജില്ലാ ജനറൽ സിക്രട്ടറി എം. ബൽരാജ് മൽസരിച്ച 13– ാം വാർഡ് ഇടതു സ്വതന്ത്ര ടി. വി. ശൈലജയും, ബിജെപി ജില്ലാ സിക്രട്ടറി ബൽരാജിന്റെ ഭാര്യ വന്ദനാറാവു മൽസരിക്കുന്ന 14– ാം വാർഡ് എന്നിവിടങ്ങളിൽ ബിജെപിയുമായി ഇടതു മുന്നണി നീക്ക് പോക്കുകൾ നടത്തിയതായ ആരോപണം ശക്തമാണ്. ഇതെത്രത്തോളം പ്രായോഗികമായി എന്നതിനെ ആശ്രയിച്ചായിരിക്കും വിജയ പരാജയങ്ങൾ.

ഇപ്രകാരം ഇടതു മുന്നണി സ്വതന്ത്രൻ മഹമ്മൂദ് മുറിയനാവി മൽസരിക്കുന്ന 36– ാം വാർഡും കഴിഞ്ഞ തവണ മഹമ്മൂദ് ലീഗ് വിമതനായി മൽസരിച്ചപ്പോൾ, ഒപ്പം നിന്ന മുസ്്ലീം ലീഗിനും ഇടതിനും നിർണ്ണായകമായിരിക്കും. മുസ്്ലീം ലീഗിന്റെ മുൻ മണ്ഡലം പ്രസിഡന്റും ലീഗ് ജില്ലാ പ്രവർത്തക സമിതിയംഗവുമായിരുന്ന എം. ഇബ്രാഹിമാണ് മൽസരിക്കുന്നത്.

മഹമ്മൂദിന്റെയും, അഷറഫിന്റെയും വിജയം ഉറപ്പിക്കാൻ ഇടതു വലതു മുന്നണിയുമായി ബന്ധമുള്ളവരും സമൂഹത്തിൽ സ്വാധീനമുള്ളവരുമായ പണച്ചാക്കുകളുടെ സഹായത്തോടെ വോട്ട് കച്ചവടം നടത്തിയതായി പ്രചാരണമുണ്ട്. ഈ ഇടപാടിന്റെ സാധൂകരണം എത്രത്തോളമുണ്ടാവും എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഈ വാർഡുകളിലെ ഫലം പുറത്തു വരിക.

LatestDaily

Read Previous

സിബിഐ സംഘം പെരിയയിൽ ഡമ്മി പരീക്ഷിച്ചു

Read Next

ഇടിച്ചിട്ട വാഹനം കസ്റ്റഡിയിൽ; ഡിവൈഎസ്പിക്ക് ഇന്ന് ശസ്ത്രക്രിയ