കെ. വി. സുജാത പൊതുരംഗത്ത് സുപരിചിത

കാഞ്ഞങ്ങാട് : കഴിഞ്ഞ നഗരസഭ ഭരണത്തിൽ ആസൂത്രണ സമിതിയംഗമെന്ന നിലയിൽ ഭരണ രംഗത്തും, അധ്യാപക സംഘടനയായ കെ. എസ്. ടി. എയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പ്രവർത്തകയെന്ന നിലയിൽ സംഘടനാ മേഖലയിലും സുപരിചിതയാണ് ഇന്ന് സത്യ പ്രതിഞ്ജ ചൊല്ലി നഗരസഭയുടെ സാരഥ്യമേറ്റെടുത്ത കെ. വി. സുജാത.

ദുർഗ്ഗ ഹയർസെക്കന്ററി സ്കൂൾ ചരിത്യാധ്യാപികയും, ബിരുദാനന്തര ബിരുദ ധാരിണിയുമായ സുജാത കാഞ്ഞങ്ങാടിന്റെ മരുമകൾ കൂടിയാണ്. സംസ്ഥാന എക്സൈസ് സർവ്വീസിൽ നിന്ന് വിരമിച്ച ഇൻസ്പക്ടർ കുഞ്ഞമ്പുവിന്റെ സഹധർമ്മിണിയായാണ് തൃക്കരിപ്പൂർ മാണിയാട്ട് സ്വദേശിനിയായ സുജാത കാഞ്ഞങ്ങാട്ടുകാരിയായി മാറിയത്.

ഉദിനൂർ ഗവ: ഹയർസെക്കന്ററി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയിൽ മികച്ച മാർക്ക് നേടിയ സുജാത പടന്നക്കാട് എസ്. എൻ. ടി. ടി. ഐയിൽ ടിടിസി പരീക്ഷ പാസായാണ് ദുർഗ ഹയർസെക്കന്ററിയിൽ പ്രൈമറി ടീച്ചറായി അധ്യാപക രംഗത്തേക്ക് കടന്നു വന്നത്. ജോലിക്കിടെ ബിരുദാനന്തര ബിരുദവും, ബിഎഡും നേടി ദുർഗ്ഗ ഹയർ സെക്കന്ററിയിൽ തന്നെ തുടരുകയായിരുന്നു.

പഠന കാലത്ത് എസ്എഫ്ഐ തൃക്കരിപ്പൂർ ഏരിയ സിക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായി പ്രവർത്തിച്ചു. നിലവിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗവും കെ. എസ്. ടി. എ ജില്ലാ ജോ: സിക്രട്ടറിയുമാണ്. പ്രാസംഗികയും മികച്ച സംഘാടകയുമാണ്. ബീഡി തൊഴിലാളികളായ തമ്പാൻ–തമ്പായി ദമ്പതികളുടെ ഇളയ മകളായ സുജാത ഉറച്ച സിപിഎം കോട്ടയായ അതിയാമ്പൂര് വാർഡിൽ നിന്നാണ് കാഞ്ഞങ്ങാട് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

Read Previous

മാറാത്ത നടുക്കമായി ഔഫിന്റെ കുടുംബം

Read Next

പ്രവാസി വ്യപാരിയുടെ വീട്ടിൽ ക്വട്ടേഷൻ ആക്രമം