ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പിടിയിലായത് കാരാട്ട് നൗഷാദും സംഘവും∙ ഫോണുകൾ കണ്ടെടുത്തു∙ ഓട്ടോ കസ്റ്റഡിയിൽ∙ അലാമിപ്പള്ളി കവർച്ചയ്ക്കും തുമ്പ്∙ പ്രതികളെ കാഞ്ഞങ്ങാട്ടെത്തിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നയാബസാറിലെ മെജിസ്റ്റിക് മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ മൊബൈൽഫോണുകളും അലാമിപ്പള്ളിയിൽ നീതി മെഡിക്കൽ ഷോപ്പ് കുത്തിത്തുറന്ന് 70,000 രൂപയും കവർച്ച ചെയ്ത കുപ്രസിദ്ധ ക്രിമിനൽ കാരാട്ട് നൗഷാദിനെയും മറ്റൊരു പ്രതിയെയും കർണ്ണാടകയിൽ ഹൊസ്ദുർഗ്ഗ് സബ്ബ് ഇൻസ്പെക്ടർ കെ. പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളിൽ ഒരാളെ കാസർകോട്ടും പോലീസ് അറസ്റ്റ് ചെയ്തു. കവർച്ച ചെയ്ത 15 ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോണുകളിൽ മുക്കാൽ ഭാഗം ഫോണുകളും പോലീസിന് കണ്ടെടുക്കാനായി. കർണ്ണാടകയിൽ അറസ്റ്റിലായ കാരാട്ട് നൗഷാദടക്കമുള്ള പ്രതികളെ ഇന്ന് പുലർച്ചെ പോലീസ് കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. മെജിസ്റ്റിക് മൊബൈൽ ഷോപ്പിൽ നിന്നും കവർച്ച 30 ഓളം ഫോണുകൾ പ്രതികളുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കാരാട്ട് നൗഷാദിന് പുറമെ എറണാകുളം സ്വദേശി ടോമി എന്ന സിജോ ജോർജ്ജാണ് 45, പിടിയിലായ മറ്റൊരു പ്രതി. ടോമി എറണാകുളം സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാട് ഭാഗത്ത് താമസിച്ച് നൗഷാദിനും മറ്റ് പ്രതികൾക്കുമൊപ്പം കറങ്ങി നടക്കുകയാണ് പതിവ്.
ചെർക്കള അറന്തോട് സ്വദേശി ഷരീഫാണ് 40, കാഞ്ഞങ്ങാട്ടെ കവർച്ചാ കേസ്സിൽ അറസ്റ്റിലായ മൂന്നാമൻ. വിദ്യാനഗർ പോലീസ് ഷെരീഫിനെ ഓട്ടോയിൽ കറങ്ങുന്നതിനിടെ കാസർകോട്ട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഷരീഫിൽ നിന്നും ഇരുപതോളം മൊബൈൽഫോണുകൾ പോലീസ് കണ്ടെത്തി. പ്രതി സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലാണ്. ഇതേ ഓട്ടോയിലാണ് പ്രതികൾ അലാമിപ്പള്ളിയിൽ കവർച്ചക്കെത്തിയതെന്ന് വ്യക്തമായി. ഓട്ടോയുടെ സിസിടിവി ദൃശ്യം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. വ്യാഴാഴ്ച അർദ്ധരാത്രി കഴിഞ്ഞാണ് നയാബസാറിലും, അലാമിപ്പള്ളിയിലും കവർച്ച നടന്നത്. മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താറിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയുടെ ഷട്ടർ തകർത്തായിരുന്നു കവർച്ച. കാഞ്ഞങ്ങാട്ട് നടന്ന മുഴുവൻ കവർച്ചകൾക്ക് പിന്നിലും പ്രവർത്തിച്ചത് അഞ്ചംഗ സംഘമാണ് പോലീസ് ഉറപ്പാക്കി. പ്രതികളിൽ രണ്ട് പേർ ഒളിവിലാണ്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന മറ്റ് കവർച്ചകളിലും പ്രതികൾക്കുള്ള പങ്കിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.