മന്ത്രി ചന്ദ്രശേഖരന്റെ 3-ാം ഘട്ടം സിപിഐയിൽ മുറുമുറുപ്പ്

കാഞ്ഞങ്ങാട്: മന്ത്രി ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ മൽസരിക്കണമെന്ന സിപിഐ സംസ്ഥാനസമിതി തീരുമാനത്തിൽ, സിപിഐ പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും മുറുമുറുപ്പ്. സിപിഐക്ക് ആധിപത്യമുള്ള ജില്ലയിലെ വിവിധ പ്രദേശങ്ങളിലും, മടിക്കൈയിലുമാണ് മന്ത്രി ചന്ദ്രശേഖരനെതിരെ സിപിഐ അണികളിലും, പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിലും പ്രതിഷേധമുയർന്നിട്ടുള്ളത്. കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം കാൽ നൂറ്റാണ്ടുകാലം സംവരണ മണ്ഡലമായിരുന്നു.

മണ്ഡലത്തിനും ജില്ലക്കും പുറത്ത് കണ്ണൂർ ജില്ലക്കാരായ കെ. ടി. കുമാരനും, പള്ളിപ്രം ബാലനുമാണ് ഈ സംവരണ മണ്ഡലത്തിൽ നിന്ന് ആദ്യകാലത്ത് സിപിഐ പ്രതിനിധികളായി മൽസരിച്ചു ജയിച്ചത്. കെ. ടി. കുമാരനാണ് ആദ്യത്തെ ഹൊസ്ദുർഗ്ഗ് നിയമസഭാ മണ്ഡലത്തിലെ എംഎൽഏ. യുഡിഎഫിലെ പട്ടുവം രാഘവനെയാണ് 1970-ൽ സിപിഐയിലെ കെ. ടി. കുമാരൻ പരാജയപ്പെടുത്തിയത്. കെ. ടി. കുമാരൻ 10 വർഷം നിയമസഭയിൽ ഹൊസ്ദുർഗ്ഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.1980-ൽ സിപിഐയിലെ പള്ളിപ്രം ബാലനെ പരാജയപ്പെടുത്തി കോൺഗ്രസ്സിലെ എൻ. മനോഹരൻ മാസ്റ്റർ ഈ മണ്ഡലത്തിൽ വിജയിച്ചു.

1985-ൽ കോൺഗ്രസ്സിലെ രാമചന്ദ്രനെ പരാജയപ്പെടുത്തി പള്ളിപ്രം ബാലൻ വിജയിച്ചു. പിന്നീട് മണ്ഡലത്തിൽ തന്നെയുള്ള സിപിഐക്കാരായ എം. നാരായണനും, സഹോദരൻ എം. കുമാരനും സംവരണ മണ്ഡലത്തിൽ നിന്നു തന്നെ ഈ സിപിഐ സീറ്റിൽ വിജയിച്ചു കയറി. ഇവരിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ തന്നെ താമസിക്കുന്ന എം. നാരായണൻ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. സംവരണ മണ്ഡലം മാറിയതിന് ശേഷം 2010-ലും 2015-ലും മണ്ഡലത്തിന് പുറത്ത് കാസർകോട് മണ്ഡലത്തിൽ പെരുമ്പളയിൽ താമസിക്കുന്ന ഇ. ചന്ദ്രശേഖരൻ മൽസരിക്കുകയും, പത്തു വർഷം പൂർത്തിയാക്കിയതിൽ 5 വർഷക്കാലം ചന്ദ്രശേഖരൻ മന്ത്രിയാവുകയും ചെയ്തു.

സിപിഐ സംസ്ഥാന നേതാക്കളിൽ ചന്ദ്രശേഖരന് മൂന്നാം തവണയും മൽസരിക്കാനുള്ള പച്ചക്കൊടി വീശിയത് സിപിഐ സംസ്ഥാന സമിതിയാണ്. നിലവിൽ പാർട്ടി ജില്ലാ സിക്രട്ടറിയായ ഗോവിന്ദൻ പള്ളിക്കാപ്പിൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൽസരിക്കണമെന്ന സിപിഐ പ്രവർത്തകരുടെ താൽപ്പര്യത്തിനാണ് മൂന്നാം തവണയും ഇ. ചന്ദ്രശേഖരന്റെ സ്ഥാനാർത്ഥിത്വം വിനയായത്.

സിപിഐയുടെ മുഴുവൻ സമയ പ്രവർത്തന ആവശ്യാർത്ഥം വിദ്യാഭ്യാസ വകുപ്പിലുണ്ടായിരുന്ന ഉദ്യോഗം രാജി വെച്ച് കഴിഞ്ഞ 3 വർഷക്കാലമായി പാർട്ടി ജില്ലാ സിക്രട്ടറി പദവിയിൽ പ്രവർത്തിച്ചുവരുന്ന ഗോവിന്ദൻ ബിരുദാനന്തര ബിരുദധാരിയും, നിയമബിരുദധാരിയുമാണ്.  കാഞ്ഞങ്ങാട് മണ്ഡലത്തിൽ അജാനൂർ രാവണേശ്വരത്ത് താമസിച്ചു വരുന്ന ഗോവിന്ദൻ അമ്പത്തിനാലുകാരനാണ്. ഗോവിന്ദന് പാർട്ടിയിൽ ന്യായമായും ലഭിക്കേണ്ട എംഎൽഏ പദവിക്ക് ഇ. ചന്ദ്രശേഖര ൻ വഴിമാറിക്കൊടുക്കണമെന്നാണ് കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം സിപിഐ പ്രവർത്തകരുടെയും, പ്രാദേശിക നേതാക്കളുടെയും ആവശ്യം.

LatestDaily

Read Previous

ഇന്റർനെറ്റ് വിപ്ലവം

Read Next

ഉദുമ ഉറപ്പിക്കാൻ രമേശന്റെ കരുനീക്കം നാലു നാൾ തിരുവനന്തപുരത്ത് തമ്പടിച്ചു