മഞ്ഞംപൊതിക്കുന്നിൽ ഇക്കോ ടൂറിസം യാഥാർത്ഥ്യമാകുന്നു

കാഞ്ഞങ്ങാട്: മാവുങ്കാൽ മഞ്ഞംപൊതിക്കുന്ന് ഇക്കോ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 7 ന് ടൂറിസം വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നതോടെ മഞ്ഞംപൊതിക്കുന്നിനെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സർക്കാർ പദ്ധതികൾക്ക് തുടക്കമാകും. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് മഞ്ഞംപൊതിക്കുന്ന് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നത്. കാഞ്ഞങ്ങാട് നിയമ സഭാമണ്ഡലം എംഎൽഏ കൂടിയായ ഇ. ചന്ദ്രശേഖരന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് മഞ്ഞംപൊതിക്കുന്ന് ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്നത്.

റവന്യു വകുപ്പിന്റെ അധീനതയിലുള്ള മഞ്ഞംപൊതിക്കുന്നിൽ വൻകിട നിർമ്മാണ പ്രവർത്തനങ്ങളൊഴിവാക്കിയാണ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. കുന്നിന്റെ പാരിസ്ഥിക തനിമ നില നിർത്തി വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, വേലിക്കെട്ടുകൾ, പാർക്കിംഗ് ഏരിയ മുതലായവ നിർമ്മിക്കും. അതേസമയം , മഞ്ഞംപൊതിക്കുന്നിൽ 13 കോടി ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മഞ്ഞംപൊതിക്കുന്ന് ഹനുമാൻ ക്ഷേത്രം അധികൃതർ ലക്ഷ്യമിടുന്നുണ്ട്. റവന്യു അധീനതയിലുള്ള ഭൂമിയിൽ ക്ഷേത്രം അധികൃതർ പ്രഖ്യാപിച്ച പദ്ധതി എത്രമാത്രം പ്രായോഗികമാകുമെന്നതിൽ സംശയമുണ്ട്.

മഞ്ഞംപൊതിക്കുന്നിൽ 900 പടികൾ നിർമ്മിക്കാനാണ് ക്ഷേത്രം അധികൃതർ ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾക്ക് റവന്യുവകുപ്പ് അനുമതി കൊടുക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മഞ്ഞംപൊതിക്കുന്നിന്റെ പരിസര പ്രദേശങ്ങളിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റവന്യു വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ഇക്കോ ടൂറിസം പദ്ധതിക്ക് പുറമെ ക്ഷേത്രം അധികൃതർ പ്രഖ്യാപിച്ച പദ്ധതി കൂടെ നടപ്പിലാകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണ്ടത് റവന്യു വകുപ്പാണ്.

Read Previous

സോഷ്യൽ മീഡിയ വഴി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്

Read Next

കാണിയൂർ പാതയിൽ മന്ത്രി ചന്ദ്രശേഖരൻ പറയുന്ന അവ്യക്തത 2018-ൽ കേരള സർക്കാർ നീക്കിയിരുന്നു