ലേറ്റസ്റ്റിനെതിരായ സിപിഎം പ്രസ്താവന പിച്ചും പേയും

ലേറ്റസ്റ്റ് പത്രത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടേതായി ഇന്ന് പാർട്ടി പത്രത്തിൽ  അച്ചടിച്ചുവന്ന പ്രസ്താവന മരണശയ്യയിൽ കിടക്കുന്ന വൃദ്ധന്റെ പിച്ചും    പേയും മാത്രമായി ജനങ്ങൾ ചർച്ച ചെയ്യുന്നു. ലേറ്റസ്റ്റ് എല്ലാ നിയന്ത്രണങ്ങളും കൈവിട്ട നിലയിൽ പാർട്ടിക്കെതിരെ അധിക്ഷേപം തുടരുന്നതിൽ പാർട്ടി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചതായിട്ടാണ് ഇന്നത്തെ സിപിഎം പ്രസ്താവന. തൽസമയം ഏത്  വാർത്തയാണ് ലേറ്റസ്റ്റ് പാർട്ടിക്കെതിരെ നിയന്ത്രണങ്ങൾ കൈവിട്ട നിലയിൽ പ്രസിദ്ധീകരിച്ചതെന്ന് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ ഒരിടത്തും പറയുന്നില്ല.

പത്ര ധർമ്മവും സാമാന്യ മര്യാദയും ലേറ്റസ്റ്റ് കാറ്റിൽപ്പറത്തിയെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറയുമ്പോൾ,  പത്രധർമ്മം കാറ്റിൽപ്പറത്തിയ വാർത്ത ഏതാണെന്ന സൂചന പോലും പ്രസ്താവനയിലില്ല. നഗരസഭ തിരഞ്ഞെടുപ്പിൽ ലേറ്റസ്റ്റ് പത്രാധിപർക്ക് സീറ്റ് നിഷേധിച്ചതിന് ശേഷമാണ് പാർട്ടി വിരുദ്ധ വാർത്തകൾ ലേറ്റസ്റ്റിൽ കുത്തിനിറക്കുന്നതെന്നാണ്  ജില്ലാ കമ്മിറ്റിയുടെ മറ്റൊരാരോപണം.

നഗരസഭ തിരഞ്ഞെടുപ്പിൽ ലേറ്റസ്റ്റ് പത്രാധിപരോട് മത്സരിക്കാൻ ആവശ്യപ്പെട്ട സീറ്റ് പത്രാധിപർ സ്നേഹപൂർവ്വം നിരസിച്ചുവെന്നതാണ് ഇക്കാര്യത്തിലുള്ള യാഥാർത്ഥ്യം.നേതാക്കളെയും ജന പ്രതിനിധികളായ വനിതകളെയും മടിക്കൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ഹീനമായ ഭാഷയിൽ ലേറ്റസ്റ്റ് അധിക്ഷേപിക്കുന്നുവെന്ന മറ്റൊരു ബാലിശമായ ആരോപണവും ഇന്നത്തെ പ്രസ്താവനയിലുണ്ട്.

ഇതിൽ നേതാവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്  ആരെയാണെന്ന് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ ബോധപൂർവ്വം ഒളിച്ചുവെക്കുമ്പോൾ, നേതാവും അദ്ദേഹത്തിന്റെ അരുമയായ വനിതാ നേതാവും ആരാണെന്ന് ജില്ലയിലെ ഒട്ടുമുക്കാൽ പാർട്ടി പ്രവർത്തകർക്കും, അനുഭാവികൾക്കും,  ഇതര മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവർക്കും നന്നായറിയാവുന്ന വസ്തുതയാണ്.

മടിക്കൈ പ്രദേശത്തെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ചുവെന്നതാണ്  പ്രസ്താവനയിലുള്ള മറ്റൊരു ആരോപണം. ഇത്  താളിന് പുറത്തൊഴിച്ച വെള്ളമാണ്. മടിക്കൈ പ്രദേശത്തെ ലേറ്റസ്റ്റ് പോലുള്ള പത്രം അധിക്ഷേപിച്ചു എന്ന് പറയുമ്പോൾ, തന്നെ ഈ പ്രസ്താവന പാർട്ടിയിൽ നിൽക്കക്കള്ളിയില്ലാത്ത ചിലരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന്  പകൽപോലെ വ്യക്തമാകുന്നുണ്ട്. ദുഷിച്ച ഭാവനയിലാണ് ലേറ്റസ്റ്റ് ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ പുതിയ കണ്ടുപിടുത്തം.

ഭർത്താവ് അകലം പാലിച്ചുനിർത്തിയ  യുവ ഭർതൃമതിയെ സ്വാധീനിക്കാൻ ഓണപ്പുടവ  കൊടുത്തയച്ചതും, ” എനിക്ക് ഒരുത്തന്റേയും ഓണപ്പുടവ വേണ്ടെന്ന് പറഞ്ഞ്”  യുവഭർതൃമതി ആ ഓണപ്പുടവ അതേപടി നേതാവിന്റെ വീട്ടിലേക്ക് തിരിച്ചുകൊടുത്തുവിട്ടതും ദുഷിച്ച ഭാവനയല്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിക്ക് പാർട്ടി സഖാക്കളോട് തുറന്നുപറയാൻ കഴിയുമോ-? പാർട്ടി നടപടിക്ക്  വിധേയയായ യുവ ഭർതൃമതിയോട് ” പുലർച്ചെ ബ്രസീലിന്റെ കളികണ്ട ശേഷം തന്നെ വിളിക്കണമെന്ന്” പാതിരാക്ക് ഫേയ്സ്ബുക്ക് പോസ്റ്റിട്ട നേതാവിന്റെ നടപടി ദുഷിച്ചതാണെന്ന് പറയാൻ സിപിഎം ജില്ലാ കമ്മിറ്റി ഇനിയെങ്കിലും ആർജ്ജവം കാണിക്കട്ടെ.

പാതിരായ്ക്ക് പെണ്ണുങ്ങൾക്ക് ഫേസ്ബുക്കിൽ പോസ്റ്റിടലാണോ ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മുഖ്യ ഉത്തരവാദിത്തമെന്ന് തുറന്നുപറയാൻ ലേറ്റസ്റ്റിനെതിരെ പ്രസ്താവന ഇറക്കിയ സിപിഎം ജില്ലാ കമ്മിറ്റിക്ക് ധൈര്യമുണ്ടാകണം. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി തീരുമാനം മറി കടന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അള്ളിപിടിച്ചു നിൽക്കുന്ന ഇതര പദവികൾ പാർട്ടിയിലെ തൊഴിലില്ലാത്ത സഖാക്കൾക്ക് നൽകണമെന്ന് പറയാനുള്ള ചങ്കൂറ്റം ജില്ലാ കമ്മിറ്റിക്ക് ഇനിയെങ്കിലും  സ്വീകരിക്കാൻ കഴിയുമോ-?

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ  കനത്ത  തിരിച്ചടികൾക്ക് പിന്നിൽ പാർട്ടിയെ അടക്കി ഭരിക്കുന്ന ഒരു നേതാവിന്റെ ചെയ്തികളല്ലെന്ന് പാർട്ടി തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ, ജില്ലയിലെ വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന സത്യം മനസ്സിലാക്കാതെ ഒരു വനിതയ്ക്കും മറ്റൊരു നേതാവിനും വേണ്ടിയുള്ള ബാലിശമായ പ്രസ്താവനയാണ്, പ്രസിദ്ധീകരണ രംഗത്ത് നാലുപതിറ്റാണ്ട് പിന്നിട്ട ലേറ്റസ്റ്റ പത്രത്തിനെതിരെ ഇന്ന് പാർട്ടി പത്രം പുറത്തുവിട്ട ജില്ലാ കമ്മിറ്റിയുടെ ഹീനമായ  പ്രസ്താവന.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടെ യുവാക്കളെ വിളിച്ചുവരുത്തി മർദ്ദിച്ചു

Read Next

കൊല്ലത്ത് കാർ ബൈക്കിലിടിച്ച് കാഞ്ഞങ്ങാട് സ്വദേശിനി അടക്കം 2 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു