കുറുന്തൂർ കൂട്ടബലാത്സംഗം 1.20 ലക്ഷം നൽകി ഒതുക്കി

കാഞ്ഞങ്ങാട്: ഐങ്ങോത്തിന് പടിഞ്ഞാറ് കുറുന്തൂരിൽ അന്യ സംസ്ഥാന തൊഴിലാളി യുവതിയെ മൂന്നംഗ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവം 1,20000 രൂപ യുവതിക്ക് നൽകി ഒതുക്കി. കുറുന്തൂർ ക്ഷേത്രത്തിലേക്കുള്ള ജംഗ്ഷനിൽ വാടക വീട്ടിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരി യുവതിയെ ഒരാഴ്ച മുമ്പ് രാത്രിയിൽ വീട്ടിൽ നിന്നിറക്കി, കാറിലാണ് മറ്റൊരു രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. രഹസ്യ കേന്ദ്രത്തിൽ മൂന്നുപേർ മാറി മാറി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

രക്തസ്രാവമുണ്ടായതിനെ തുടർന്ന് വീട്ടിലെത്തിയ യുവതിയെ മാതാവും മറ്റും രാത്രിയിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഡോക്ടർ പരിശോധിച്ചശേഷം യുവതിയെ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയിട്ടും, രക്തസ്രാവം നിലക്കാതിരുന്നതിനാൽ, വിദഗ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അഞ്ചുദിവസം മുമ്പ് പരിയാരത്ത് നിന്ന് ഡിസ്ചാർജ് ചെയ്ത യുവതി ഇപ്പോൾ കുറുന്തൂരിലെ വാടക വീട്ടിലാണ്. യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവം പോലീസ് രഹസ്യമായി അന്വേഷിച്ചിരുന്നു.

ഇതോടെ യുവതിയുടെ പരാതിയിൽ കേസ്സ് ഉൽഭവിച്ചേക്കുമെന്ന് ഭയന്ന മൂന്നംഗ സംഘം കഴിഞ്ഞ ഒരാഴ്ചയായി നെട്ടോട്ടത്തിലായിരുന്നു. രണ്ടുദിവസം മുമ്പ് സ്ഥലം മുൻസിപ്പൽ കൗൺസിലറും മറ്റും യുവതിയുടെ ക്വാർട്ടേഴ്സിലെത്തി കാര്യങ്ങൾ തിരക്കി ബോധ്യപ്പെട്ടിരുന്നു. പോലീസിൽ പരാതിപ്പെടരുതെന്ന് യുവതിയുടെ കുടുംബത്തോട് സ്ഥലത്തെ ചില പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് യുവതിയെ പീഡിപ്പിച്ച മൂന്നുപേർ 40,000 രൂപ വീതം 1,20000 രൂപ ശനിയാഴ്ച വീട്ടിലെത്തി യുവതിയുടെ രക്ഷിതാക്കളെ ഏൽപ്പിച്ചു. യുവതിയെ രാത്രിയിൽ ക്വാർട്ടേഴ്സിൽ നിന്ന് ഇറക്കിക്കൊണ്ടുപോയത് ഒരു കാറിലാണ്.

പ്രദേശത്ത് ഒരു സ്ത്രീ വാടകയ്ക്ക് നൽകിവരുന്ന കാറാണ് യുവതിയെ കൊണ്ടുപോകാൻ മൂന്നംഗസംഘം ഉപയോഗിച്ചത്. കർണ്ണാടക, മഹാരാഷ്ട്ര അതിർത്തിയിൽ നിന്നെത്തി കത്തി വിറ്റും, മീൻ പിടിച്ചും ഉപജീവനം നടത്തി വരുന്ന കുടുംബമാണിത്. ഇരുപത്തിയഞ്ചുകാരിക്ക് മൂന്ന് ചെറിയ കുട്ടികളുണ്ട്. മറാത്തി കലർന്ന മലയാളം സംസാരിക്കുന്ന ഭർത്താവ് യുവതിയെ ഉപേക്ഷിച്ചുപോയത് ഒന്നര വർഷം മുമ്പാണ്.  പിതാവ് വീശുവല ഉപയോഗിച്ച് മത്സ്യം പിടിക്കുന്ന ആളാണ്. യുവതി തേപ്പു ജോലികൾക്ക് പോകാറുണ്ട്.

LatestDaily

Read Previous

റെയിൽവെ മതിൽ നിർമ്മാണം തടയാൻ ആഹ്വാനം

Read Next

സുനിൽ ഇറക്കിയ പലിശപ്പണം പത്തുകോടി സുനിലിന് പ്രതിമാസ പലിശ വരുമാനം 70 ലക്ഷം രൂപ