വഴി വിളക്കുകൾ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി പരിഹാരമില്ല; ദിവസവും കൂടുതൽ വിളക്കുകൾ കേടാവുന്നു

കാഞ്ഞങ്ങാട്: നഗരത്തിലെ വഴി വിളക്കുകൾ കണ്ണ് ചിമ്മി മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ  കണ്ണ് തുറന്നില്ല. പുതിയകോട്ട സ്മൃതി മണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള നാലുവരിപ്പാതയിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച സോളാർ വിളക്കുകളാണ് കണ്ണ് ചിമ്മിയവിളക്കുകളിലേറെയും .

കത്താത്ത വിളക്കുകൾ നന്നാക്കാനുള്ള യാതൊരു  നടപടിയും അധികൃതർ എടുക്കുന്നില്ല. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിളക്കുകൾ പ്രവർത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ്. കോട്ടച്ചേരി മുതൽ ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെയാണ് കൂടുതൽ വിളക്കുകൾ കണ്ണ് ചിമ്മിയിട്ടുള്ളത്. റമദാൻ കാലമായതോടെ പുലർച്ചെ പള്ളികളിലെത്തുന്നവർക്ക് ഉൾപ്പെടെ വെളിച്ചക്കുറവ് വലിയ പ്രയാസമുണ്ടാക്കുന്നു.

തിരക്കേറിയ നഗരവീഥികളിലെ വിളക്കുകൾ തകരാറിലായത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബന്ധപ്പെട്ടവർ കണ്ണ് തുറക്കാത്തതും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെയും അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. അതിഞ്ഞാൽ മാണിക്കോത്ത് വരെയുള്ള തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരാഴ്ച്ച പിന്നിട്ടു.

കഴിഞ്ഞയാഴ്ച ശക്തിയായ ഇടിമിന്നൽ ഉണ്ടായ ദിവസം  അർദ്ധരാത്രിയിലാണ് റോഡ് വക്കിലെ വിളക്കുകൾ കെട്ട് പോയത്. ഒരു ലൈനിലെ മുഴുവൻ തെരുവ് വിളക്കുകളും കത്താതിരുന്നിട്ടും വിളക്കുകൾ പൂർവ്വ സ്ഥിതിയിലാക്കാനുള്ള യാതൊരു നടപടിയും ഇതേവരെയുണ്ടായില്ല. രാത്രി കാലത്ത് മുഴുവൻ വാഹനങ്ങൾ ചീറിപ്പായുന്ന കെ,എസ്ടിപി റോഡിൽ തെരുവ് വിളക്കുകൾ കൂട്ടത്തോടെ കെട്ട് പോയിട്ടും അധികൃത ശ്രദ്ധ ഇതേവരെ ഇവിടേക്ക് പതിഞ്ഞിട്ടില്ല.

LatestDaily

Read Previous

ദേശീയ പാതയിലും, സംസ്ഥാന പാതയിലും പോലീസ് പരിശോധന കർശനമാക്കി

Read Next

മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് മറിഞ്ഞു