തെരുവ് വിളക്കുകൾ കണ്ണടച്ചു; ഇരുട്ടിൽ തപ്പി നഗരം

ആധുനിക സിഗ്നൽ സംവിധാനവും താറുമാറിൽ

കാഞ്ഞങ്ങാട്: തെരുവ് വിളക്കുകൾ അപ്പാടെ മിഴി ചിമ്മിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നഗരസഭയ്ക്ക് കുലുക്കമില്ല. കൂരിരിട്ടിലാണ് കാഞ്ഞങ്ങാട് നഗരം. നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ  ജംഗ്ഷൻ മുതൽ നഗരസഭാ പുതിയ ബസ്്സ്റ്റാന്റ് വരെയുള്ള നഗരത്തിൽ ആൾ തിരക്കുള്ള വാണിജ്യ വ്യാപാര മേഖലകളുൾപ്പെടുന്ന കെഎസ്ടിപി റോഡിൽ സ്ഥാപിച്ച സോളാർ വിളക്കുകളാണ് അപ്പാടെ മിഴി ചിമ്മിയത്.

സന്ധ്യ കഴിയുമ്പോൾ നഗരം ഇരുട്ടിൽ മൂടപ്പെടും. പ്രധാന വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കൂടി താഴുന്നതോടെ നഗരം പൂർണ്ണമായും ഇരുട്ടിലാണ്. മീറ്ററുകൾ വ്യത്യാസത്തിലാണ് ആധുനിക സോളാർ വിളക്കുകൾ കെഎസ്ടിപി റോഡിൽ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഗുണകരമാകുന്നില്ലെന്നാണ് ആക്ഷേപം. ചില സ്ഥലങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ മാത്രമാണ് നാട്ടുകാർക്ക് ആശ്വാസം.

നഗരത്തിലും കെഎസ്ടിപി റോഡിലും സ്ഥാപിച്ചിട്ടുള്ള സോളാർ സിഗ്നൽ സംവിധാനവും താളം തെറ്റി. പലതും ചത്തു കിടക്കുന്നത് നാളുകളായി. ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമുണ്ടായിട്ടില്ല. വാഹനങ്ങളിടിച്ച്  തകർന്ന സിഗ്നൽ വിളക്കു കാലുകൾ പലഭാഗത്തും റോഡിൽ കിടക്കുന്നത് മാസങ്ങളായുള്ള കാഴ്ചയാണ്.

Read Previous

അമ്മയും കുഞ്ഞും ആശുപത്രിയിൽ എല്ലാം റെഡി; നിയമനമൊഴികെ

Read Next

കാഞ്ഞങ്ങാട്- പാണത്തൂർ പാത: കിഫ്ബി പരിശോധിച്ചു