കാഞ്ഞങ്ങാട്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം; 6 പേർക്ക് ഗുരുതരം

അപകടം മംഗ്ളൂരുവിൽ ഡോക്ടറായ മകനെ കണ്ട് മടങ്ങവെ ∙ പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത് വാഹനം വെട്ടിപ്പൊളിച്ച് 

കാഞ്ഞങ്ങാട് : കെഎസ്ടിപി റോഡിൽ ലേറ്റസ്റ്റ് ഓഫീസിന് മുൻ വശം ഇന്നലെ രാത്രി 11 മണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കുട്ടികൾ ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റു. തൈക്കടപ്പുറം ഹൗസിംഗ് കോളനി റോഡിലെ എം. പി. തമ്പാന്റെ ഭാര്യ അനിത 45, മകൾ നിമിത 26, മകളുടെ ഭർത്താവ് വിനീഷ് 36, ഇവരുടെ മക്കളായ വൈദേഹി 7, കാശി 2, എന്നിവരെ സാരമായ പരിക്കുകളോടെ മംഗ്ളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട മറ്റൊരു വാഹനം ഒാടിച്ചിരുന്ന പാലക്കുന്ന് ഹിദായത്ത് നഗറിലെ ആഷിഖിനെ 30, ഗുരുതര നിലയിൽ കാസർകോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരണപ്പെട്ട തമ്പാന്റെഏക മകൻ ഷിബിൻ എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രി മംഗ്ളൂരുവിൽ നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം.  എജെ മെഡിക്കൽ കോളേജിൽ നടന്ന ആഘോഷച്ചടങ്ങിൽ പങ്കെടുത്ത് തൈക്കടപ്പുറത്തെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോക്ക്   എതിരെ നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന സുമോ ഗ്രാന്റ് അതിശക്തിയായി ഇടിക്കുകയായിരുന്നു.

ആഷിഖ് ഓടിച്ച സുമോ ലോറിയെ മറികടക്കുന്നതിനിടെ സൈലോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ തമ്പാനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചു. മംഗ്ളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ജില്ലാ ആശുപത്രിയിൽ തമ്പാൻ മരണപ്പെടുകയായിരുന്നു. അരമണിക്കൂറോളം വാഹനത്തിനകത്തു  കുടുങ്ങിയ വിനീഷുൾപ്പെടെയുള്ളവരെ ഒാടിക്കൂടിയ നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ട് തവണ അഗ്നി രക്ഷാസേനയെ വിളിച്ചുവെങ്കിലും, എത്താൻ വൈകിയതിനെ തുടർന്ന് നാട്ടുകാർ നേരിട്ട് രക്ഷാപ്രവർത്തനത്തിലേർപ്പെടുകയായിരുന്നു.

പിന്നീട് സ്ഥലത്തെത്തിയ ഫയർ ഫോഴ്സിന്റെ വാഹനത്തിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹൊസ്ദുർഗ് എസ്ഐ, അരുണന്റെ നേതൃത്വത്തിൽ പോലീസ് എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.  ഏറെക്കാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച തമ്പാൻ രണ്ട് വർഷം മുൻപാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്. മൃതദേഹം ജില്ലാശുപത്രിയിൽ. കാലിന് ഗുരുഗതരമായി പരിക്കേറ്റ് ചികിൽസയിലുള്ള വിനീഷ് ക്രഷർ ഉടമയും പ്രമുഖ കരാറുകാരനുമായ ചായ്യോത്തെ സി. നാരായണന്റെ മകനാണ്. പരേതനായ തൈക്കടപ്പുറത്തെ അമ്മിണി, അമ്പു ദമ്പതികളുടെ മകനാണ് മരണപ്പെട്ട തമ്പാൻ. ഷിഹിനും നിമിതയും മാത്രമെ മക്കളായുള്ളൂ. സഹോദരങ്ങൾ കല്ല്യാണി, ജാനു, നാരായണൻ, കൃഷ്ണൻ. അപകടസമയത്ത് വാഹനത്തിലെ രണ്ട് എയർ ബാഗുകളും പ്രവർത്തിച്ചതിനാൽ, കൂടുതൽ അപകടങ്ങൾ ഒഴിവായി. വിനീഷാണ് വാഹനം ഒാടിച്ചിരുന്നത്.

LatestDaily

Read Previous

സർക്കാർ അഭിഭാഷകൻ പോക്സോ ഇരയെ ചൂഷണം ചെയ്തതായി പരാതി

Read Next

ജ്വല്ലറിപ്പണം തട്ടിയ റംല മുങ്ങി, ടവർ ലൊക്കേഷൻ കുടകിൽ