ദേശീയ പാതയിലും, സംസ്ഥാന പാതയിലും പോലീസ് പരിശോധന കർശനമാക്കി

കാഞ്ഞങ്ങാട്:  കോവിഡ് വ്യാപനം ശക്തമായതോടെ ദേശീയ പാതയിലും, സംസ്ഥാന പാതയിലും പോലീസ് പരിശോധന കർശനമാക്കി. ദേശീയ പാതയിൽ നീലേശ്വരത്തും, സംസ്ഥാന പാതയിൽ കാഞ്ഞങ്ങാട് സൗത്തിലും ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പോലീസ് പരിശോധന. കാഞ്ഞങ്ങാട്, നീലേശ്വരം, കാസർകോട്, ഉപ്പള മുതലായ ടൗണുകളിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ജില്ലാകലക്ടറുടെ നിർദ്ദേശം വന്നതിന് പിന്നാലെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധനാ സൗകര്യത്തിനായി ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു.

ജില്ലാ കലക്ടറുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പ്രശ്നത്തിലിടപ്പെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. മാസ്ക് ധരിക്കാതെയും, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും യാത്ര ചെയ്യുന്നവരെ പിടികൂടി കർശന നടപടി സ്വീകരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിനെത്തുടർന്നാണ് നിലവിലെ പരിശോധന. മാസ്ക് കൃത്യമായി ധരിക്കാത്തവരെ ബോധവൽക്കരിക്കാനും, മാസ്ക് ധരിക്കാതെയെത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുമാണ് ദേശീയ പാതയിലും, സംസ്ഥാന പാതയിലും ഇപ്പോൾ പരിശോധനകൾ നടക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത പൊതുജനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസുദ്യോഗസ്ഥർ പൊരിവെയിലിൽ കഷ്ടപ്പെടുമ്പോഴും നിയമങ്ങൾ പാലിക്കാൻ തയ്യാറാകാത്ത ഒരു ന്യൂനപക്ഷം  ഇപ്പോഴും കേരളത്തിലുണ്ടെന്നാണ് പോലീസിനെ വലയ്ക്കുന്നത്. ക്രമസമാധാന ചുമതലകൾ നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥർക്ക് കോവിഡ് ഡ്യൂട്ടി കൂടി ലഭിച്ചതോടെ പോലീസിന്റെ ജോലി സമ്മർദ്ദവും, ജോലി ഭാരവും ഇരട്ടിയായി.

LatestDaily

Read Previous

ഇ. ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച നേതാക്കളോട് സിപിഐ വിശദീകരണം തേടി

Read Next

വഴി വിളക്കുകൾ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി പരിഹാരമില്ല; ദിവസവും കൂടുതൽ വിളക്കുകൾ കേടാവുന്നു