കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതയും കെ. സുരേന്ദ്രനും

2018 മെയ് നാലിന് കാഞ്ഞങ്ങാട് – കാണിയൂർ പാത വിഷയത്തിൽ കേന്ദ്ര റെയിൽപാത മന്ത്രാലയവും കേരള- കർണ്ണടാക സർക്കാറുകളും കാട്ടുന്ന അലംഭാവ സമീപനത്തിന് അറുതി വരുത്തി പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി.ദേവ് നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം പാണത്തൂരിൽ നടക്കുകയായിരുന്നു.

മെയ് മൂന്നിന് വ്യാഴാഴ്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പി.ജി.ദേവ് ആരംഭിച്ച പദയാത്ര കാഞ്ഞങ്ങാട് – കാണിയൂർപാത കടന്ന് പോകുന്ന ഹൊസ്ദുർഗ്ഗ് അസംബ്ലി മണ്ഡലത്തിന്റെ മലയോര മേഖലയിലൂടെ രണ്ട് ദിവസം നടന്ന് പോയാണ് പാണത്തൂരിൽ സമാപിച്ചത്.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഉച്ചതിരിഞ്ഞ് കാഞ്ഞങ്ങാട്ടെത്തിയ ഐഎൻടിയുസി ദേശീയ സിക്രട്ടറിയും കെപിസിസി ജനറൽ സിക്രട്ടറിയുമായ കെ. സുരേന്ദ്രനൊത്താണ് ഞാനും ഐഎൻടിയുസി ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ. എം.സി ജോസും പാണത്തൂരിലേക്ക് തിരിച്ചത്.

കാഞ്ഞങ്ങാട്ട് നിന്ന് പുറപ്പെട്ട് പാണത്തൂരിലെത്തി തിരിച്ച് കാഞ്ഞങ്ങാട്ടെത്തുന്നത് വരെയുള്ള അഞ്ച് മണിക്കൂർ നേരത്തെ ബന്ധമായിരുന്നു എനിക്ക് തൊഴിലാളി നേതാവ് കെ. സുരേന്ദ്രനുമായി ഉണ്ടായിരുന്നത്.

കാഞ്ഞങ്ങാട്ട് നിന്ന് ഞങ്ങൾ പുറപ്പെട്ട് പാണത്തൂരിലെത്തുന്നത് വരെ കാണിയൂർ പാതയുടെ വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കാനാണ് സുരേന്ദ്രൻ സമയം ചിലവഴിച്ചത്.

പാണത്തൂരിലെത്തുമ്പോഴേക്കും കാഞ്ഞങ്ങാട് – കാണിയൂർ പാത സംബന്ധിച്ച് വ്യക്തമായൊരു ചിത്രം സുരേന്ദ്രന്റെ മനസ്സിൽ പതിഞ്ഞിരുന്നു.

ഞങ്ങൾ പാണത്തൂരിലെത്തിയപ്പോൾ  പി.ജി ദേവിന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ പദയാത്രയുടെ സമാപന സമ്മേളനം തുടങ്ങാനുള്ള ചട്ടവട്ടങ്ങൾ പൂർത്തിയായിട്ടുണ്ടായിരുന്നു.

സുരേന്ദ്രന്റെ ഒരു മണിക്കൂർ നീണ്ട പ്രൗഢമായ പ്രഭാഷണം കേട്ട ഏതൊരാൾക്കും കാഞ്ഞങ്ങാട്ട് – കാണിയൂർ പാത യഥാർത്ഥ്യമായാൽ കാഞ്ഞങ്ങാട് നഗരത്തിനും മലയോര മേഖലക്കുമുണ്ടാവുന്ന വികസനത്തെ കുറിച്ചും കാഞ്ഞങ്ങാട്ട് നിന്ന് ബംഗളൂരുവിൽ എളുപ്പത്തിലും വേഗത്തിലും എത്താൻ കഴിയുന്ന റെയിൽപ്പാതയുടെ ആവശ്യകത സംബന്ധിച്ചും ബോധ്യപ്പെടുന്ന രീതിയിലായിരുന്നു.

തിരിച്ച് വരുമ്പോഴും കാണിയൂർപാതയെക്കുറിച്ച് കൂടുതൽ പഠിക്കാനായിരുന്നു സുരേന്ദ്രൻ താൽപ്പര്യമെടുത്തത്.

ഇടക്ക് ബളാന്തോടെത്തിയപ്പോൾ മിൽമയുടെ മേഖല ചെയർമാനായിരുന്ന സുരേന്ദ്രന്റെ ക്ഷണം സ്വീകരിച്ച് ചായ കഴിക്കാനെടുത്ത സമയം ഒഴിച്ച് നിർത്തിയാൽ ബാക്കി വന്ന സമയം മുഴുവൻ കാണിയൂർ പാതയിലൊതുങ്ങുന്നതായിരുന്നു സംസാരവിഷയം.

ഐഎൻടിയുസിയുടെ അടുത്ത ദേശീയ നിർവ്വാഹക സമിതി യോഗത്തിന് പോയാൽ ദേശീയ പ്രസിഡണ്ട് ഡോ. സജ്ജീവ റെഡ്ഡിയെ കാര്യങ്ങൾ  ധരിപ്പിച്ച് കേന്ദ്രസർക്കാരിലും കർണ്ണാടക സർക്കാരിലും കാണിയൂർപാതക്കായി സമ്മർദ്ദം ചെലുത്തുമെന്ന ഉറപ്പ് നൽകിയ സുരേന്ദ്രൻ അപ്രകാരം സജ്ജീവ റെഡ്ഡിക്കൊപ്പം കേന്ദ്ര റെയിൽമന്ത്രാലയത്തിലെത്തി ബന്ധപ്പെട്ടവരെ കാണുകയും കർണ്ണാടക തലസ്ഥാനമായ ബംഗളൂരുവിൽ പോയി കർണ്ണാടക മുഖ്യമന്ത്രിയെ കണ്ട് താൽപ്പര്യപ്പെടുകയുണ്ടായി.

ഇതാണ് കെ. സുരേന്ദ്രൻ എന്ന തൊഴിലാളി വർഗ്ഗ നേതാവിന്റെ പ്രവർത്തന ശൈലി. പി.ജി. ദേവ് നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. എന്നതിലുപരി കാഞ്ഞങ്ങാട് – കാണിയൂർ പാതയുടെ സന്ദേശവാഹകനാവാൻ ഒപ്പം കഴിഞ്ഞ മണിക്കൂറുകൾ കൊണ്ട് സുരേന്ദ്രൻ പ്രാപ്തനായി.

എന്നത് തന്നെയാണ് കാര്യങ്ങൾ മനസ്സിലാക്കാൻ അദ്ദേഹത്തിനുണ്ടായ കഴിവ് സൂചിപ്പിക്കുന്നത്.

തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴും  തൊഴിൽ സമരങ്ങൾ കൈകാര്യം ചെയ്യുമ്പോഴും തൊഴിലാളികളുടെ പക്ഷത്ത് ഉറച്ച് നിന്ന് കൊണ്ട് തന്നെ തൊഴിലിന്റെ മഹാത്മ്യം മനസ്സിലാക്കാനും പട്ടിണിയുടെ വിലയറിയാനും സുരേന്ദ്രന് കഴിഞ്ഞു എന്നത് അദ്ദേഹത്തിന്റെ പ്രവർത്തനപാടവും ജീവിതശൈലിയും കാണിച്ച് തരുന്നു.

കുട്ടിക്കാലത്ത് സഹിച്ച പട്ടിണിയാണ് തന്നെ പട്ടിണിക്കാരുടെ ദുരിതമറിയുന്ന നേതാവാക്കിയതെന്ന് പറഞ്ഞ് അഭിമാനം കൊണ്ട് സുരേന്ദ്രൻ കുട്ടിക്കാലത്ത് കണ്ണൂർ ഇന്ത്യൻ കോഫി ഹൗസിലെ ബ്രെഡ്സാന്റ്്വിച്ചിന് ത്രികോണാകൃതിയിൽ മുറിച്ചെടുക്കുമ്പോഴുണ്ടായവുന്ന  ബ്രെഡിന്റെ കഷണങ്ങളുടെ രുചിക്കായി കാത്തിരിക്കാറുള്ള കാര്യം പറയുമ്പോഴും സുരേന്ദ്രന്റെ മനസ്സിന്റെ അകത്തളങ്ങളിൽ പട്ടിണിക്കാരന്റെ ഹൃദയമിടിപ്പ് തന്നെയായിരുന്നു ഉണ്ടായത്.

ദേശീയരംഗത്തും സംസ്ഥാനത്തനകത്തും മികച്ച തൊഴിലാളി നേതാവായി പ്രവർത്തിക്കുമ്പോഴും കണ്ണൂർ ജില്ലയുടെ രാഷ്ട്രീയ മനസ്സ് കീഴടക്കാനും സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ടായിരുന്നു.

ഐഎൻടിയുസി നേതൃത്വത്തിൽ ഇക്കഴിഞ്ഞ 23 ന് നടക്കേണ്ടിയിരുന്ന ജീവിക്കാനുള്ള സമരം പരിപാടികളുടെ ഒരുക്കങ്ങൾക്കിടയിൽ അതിന്റെ തലേന്നാളാണ് യാദൃശ്ചികമായുണ്ടായ ഹൃദയാഘാതം വഴി സുരേന്ദ്രൻ എന്ന തൊഴിലാളി നേതാവിനെ മരണം തട്ടിയെടുത്തത്.

തന്റെ ശരീരം കറുത്തതാണെങ്കിലും അഴിമതിയുടെ കറുത്ത കറ തന്റെ മനസ്സിനില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ കെ. സുരേന്ദ്രൻ മണ്ണിൽ പണിയെടുക്കുന്നവന്റെയും ബീഡിത്തൊഴിലാളികളു

ടെയും നെയ്ത്ത്ക്കാരന്റെയും മാത്രമല്ല, സമസ്ത മണ്ഡലങ്ങളിലുമുള്ള  പാവപ്പെട്ടവരുടെയും മനസ്സറിഞ്ഞ  നേതാവായിരുന്നു.

LatestDaily

Read Previous

ബേക്കലിൽ 9 ലോഡ് മണൽ കടത്തി

Read Next

പ്രവാസികൾ ശത്രുക്കളല്ല