നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കള്ളപ്പുലി വനപാലകരുടെ ക്യാമറയിൽ കുടുങ്ങി

കാഞ്ഞങ്ങാട്: നാട്ടുകാരെ ആഴ്ചകളായി ഭീതിയിലാഴ്ത്തി വനപാലകരെ വട്ടം കറക്കിയ കള്ളപ്പുലി ഒടുവിൽ വനപാലകർ സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങി. പെരിയ ചെറക്കപ്പാറയിലെ ഒരു വീടിന്റെ പരിസരത്ത് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഷറഫിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ക്യാമറയിലാണ് ‘പുലിയുടെ’ ദൃശ്യം ലഭിച്ചത്. ചെറക്കപ്പാറ വീട്ടുപരിസരത്ത് പുലിയെ കണ്ടതായി വീട്ടുകാർ വനപാലകരെ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.

മാവുങ്കാൽ കല്ല്യാൺ റോഡ് മുത്തപ്പൻതറയിലും, അമ്പലത്തറ മീങ്ങോത്തും, മൂന്നാംമൈൽ സ്കൂൾ പരിസരത്തും, മേലടുക്കത്തും നാട്ടുകാർ കണ്ട പുലിയെ ഒടുവിൽ പെരിയ ചെറക്കപ്പാറയിൽ നാട്ടുകാരും നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചെറക്കപ്പാറയിലെ വീട്ടിലെ കോഴിക്കൂടിന് സമീപത്താണ് പുലിയെ കണ്ടതെന്ന് വീട്ടുടമസ്ഥൻ വനപാലകരെ അറിയിച്ചിരുന്നു. എന്നാൽ പുലിക്ക് കോഴിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.

കോഴിയെ തേടി ഇതേസ്ഥലത്ത് വീണ്ടും പുലിയെത്തുമെന്ന് മനസ്സിലാക്കിയ വനപാലകർ അന്ന് തന്നെ ചെറക്കപ്പാറയിലെ വീട്ടിലെ കോഴിക്കൂടിനോട് ചേർന്ന് ക്യാമറ സ്ഥാപിച്ചു.  വനപാലകർ പ്രതീക്ഷിച്ചതുപോലെ രാത്രി കോഴിയെ തേടി പുലി കോഴിക്കൂടിനടുത്തെത്തി. പുലി വനപാലകർ സ്ഥാപിച്ച ക്യാമറയിൽ കുടുങ്ങുകയും ചെയ്തു. ക്യാമറ പരിശോധിച്ച വനപാലകർ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പുലിയുടേതല്ലെന്നും വലിപ്പമുള്ള കാട്ടുപൂച്ചയുടേതാണെന്നും ഉറപ്പാക്കി. ഒറ്റ നോട്ടത്തിൽ പുലിയാണെന്ന് തോന്നിക്കുന്ന കാട്ടുപൂച്ചയ്ക്ക് ആറ് സെന്റിമീറ്റർ നീളവും അഞ്ച് സെന്റിമീറ്റർ ഉയരവുമുണ്ട്. വലിയ പട്ടിയുടെ വലിപ്പം വരുന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കാട്ടുപൂച്ച.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 20 കിലോ മീറ്റർ ചുറ്റളവിൽ വിവിധ സ്ഥലങ്ങളിലായി നാട്ടുകാർ കണ്ട് ഭയപ്പെട്ടത് പുലിയെയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനപാലകർ പറഞ്ഞു.  കാട്ടുപൂച്ച ഉപദ്രവകാരിയല്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും ഫോറസ്റ്റ് ഓഫീസർ കെ. അഷറഫ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി പുലിയെ കണ്ടെത്താൻ വിശ്രമമില്ലാതെ ഓട്ടത്തിലായിരുന്ന വനപാലകർ കള്ളപ്പുലി ക്യാമറയിൽ കുടുങ്ങിയ ആശ്വാസത്തിലാണ്. മുത്തപ്പൻ തറയിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വനപാലകർ ക്യാമറകൾ സ്ഥാപിച്ചിരുന്നുവെങ്കിലും, ഈ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറ കണ്ണുകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞതുമില്ല.

LatestDaily

Read Previous

ദന്ത ഡോക്ടറുടെ കാർ കവർന്നു

Read Next

സരിതനായരെ കാഞ്ഞങ്ങാട് ജയിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി