മദ്യം പിടികൂടിയ കേസിൽ ജ്വല്ലറിയുടമ മുങ്ങി

കാഞ്ഞങ്ങാട്:  സ്വന്തം വീട്ടിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 50 പാക്കറ്റ് കർണ്ണാടക മദ്യം അതിയാമ്പൂര് ഉദയംകുന്നിലെ ബനീഷിന്റെ 36, വീട്ടിൽ നിന്ന് ഹൊസ്ദുർഗ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട് ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ്  ഇൻസ്പെക്ടർമാരായ ശ്രീജേഷ്, സതീഷ് എന്നിവരുടെ സമർത്ഥമായ റെയ്ഡിലാണ് മദ്യപാനികൾ ഫ്രൂട്ടി എന്ന് വിളിക്കുന്ന കർണ്ണാടക വിസ്ക്കിയുടെ 50 പാക്കറ്റുകൾ പിടികൂടിയത്.

കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പിറകിലുള്ള അർച്ചന ജ്വല്ലറിയുടമയാണ് കോവിഡ് കാലത്ത്   മദ്യക്കച്ചവടം തുടങ്ങിയ  ബനീഷ്. യുവാവ് മൂന്നു ദിവസമായി ഒളിവിലാണ്. പോലീസ് ബനീഷിന്റെ പിറകിൽ തന്നെയുണ്ട്. മുൻകൂർ ജാമ്യത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശീതളപാനീയം ഫ്രൂട്ടിയുടേതു പോലുള്ള പേപ്പർ പായ്ക്കറ്റിൽ 180 മില്ലി ലിറ്റർ വരുന്ന വിസ്ക്കിയുടെ 50 പാക്കറ്റുകളാണ് ബനീഷിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.

കർണ്ണാടകയിൽ നിന്നും  ഉദയംകുന്നിലെത്തിച്ച പാക്കറ്റ് മദ്യം വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് വിതരണം  ചെയ്തു വരികയായിരുന്നു. കർണ്ണാടകയിൽ 50 രൂപ വിലയുള്ള ഒരു പാക്കറ്റ് ഫ്രൂട്ടി മദ്യം കാഞ്ഞങ്ങാട്ട് വിൽപ്പന നടത്തുന്നത്  പാക്കറ്റിന് 250 രൂപയ്ക്കാണ്. ലോക് ഡൗണിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കർണ്ണാടക ഫ്രൂട്ടി മദ്യമെത്തിച്ചിരുന്നു. ബനീഷിനെതിരെ പോലീസ് കേസ്സെടുത്തു. പ്രതിയെ പിടികൂടാനായില്ല.

Read Previous

അലാമിപ്പള്ളി ബസ് സ്റ്റാന്റിൽ മദ്യസേവ

Read Next

ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പത്തോളം വീടുകൾ വെള്ളത്തിൽ