കാഞ്ഞങ്ങാട്ട് ഐഎൻഎൽ 6 സീറ്റിൽ എൽ.സുലൈഖ വാർഡ് 27-ൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് ഇത്തവണ ഐഎൻഎൽ ആറ് സീറ്റുകളിൽ മൽസരിക്കും. വൈസ് ചെയർപേഴ്സൺ എൽ. സുലൈഖ  കഴിഞ്ഞ തവണ മൽസരിച്ച് വിജയിച്ച കരുവളം  31-ാം വാർഡ് പുരുഷവാർഡായതോടെ ഇത്തവണ സുലൈഖ സ്ത്രീസംവരണ വാർഡായ പടന്നക്കാട് 27-ൽ ജനവിധി തേടും.

43 നഗരസഭ വാർഡുകളിൽ കഴിഞ്ഞ തവണ രണ്ട് സ്ത്രീസംവരണ വാർഡുകളിലുൾപ്പെടെ, നാല് വാർഡുകളിലാണ് ഐഎൻഎൽ മൽസരിച്ചത്. ഇത്തവണ ആറ് സീറ്റ് ആവശ്യപ്പെട്ട ഐഎൻഎല്ലിനോട് എൽഡിഎഫ് യോഗത്തിൽ സിപിഎം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

എൽ. സുലൈഖ വിജയിച്ച 31, കൗൺസിലർ ലത വിജയിച്ച കൂളിയങ്കാൽ 12-ാം വാർഡ്,  സഹായി അസിനാർ പരാജയപ്പെട്ട കല്ലൂരാവി 35-ാം വാർഡ്, ഇപ്പോഴത്തെ ഐഎൻഎൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബിൽടെക് അബ്ദുള്ള 24 വോട്ടിന്  പരാജയപ്പെട്ട പടന്നക്കാട് 27-ാം വാർഡിനും,  പുറമെ, ബല്ലാകടപ്പുറം 2-ാം വാർഡിലും, ഞാണിക്കടവ് 33-ാം വാർഡിലുമാണ് ഐഎൻഎൽ മൽസരിക്കുക.  ബല്ലാ കടപ്പുറം ഞാണിക്കടവ് വാർഡുകളിൽ കഴിഞ്ഞ  തവണ ഐഎൻഎല്ലിന് താൽപ്പര്യമുള്ള സ്വതന്ത്രരായ പൊതുസമ്മതരെയാണ് സിപിഎം കളത്തിലിറക്കിയത്.

ഇത്തവണ ഈ രണ്ട് സീറ്റുകളിലും ഐഎൻഎൽ സ്ഥാനാർത്ഥികൾ മൽസരിക്കുന്നതിൽ സിപിഎം അനുകൂല നിലപാടെടുത്തതോടെയാണ്,  ഐഎൻഎല്ലിന് രണ്ട് സീറ്റുകൾ കൂടുതൽ ലഭിക്കുമെന്നുറപ്പായത്.

മുസ്ലീം ലീഗിലെ നിലവിലുള്ള കൗൺസിലർ റസാഖ് തായലക്കണ്ടിയുടെ പടന്നക്കാട് വാർഡിൽ റസാഖിന്റെ ഭാര്യ മുസ്ലീം ലീഗ് സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ സുലൈഖ കൂടി ഈ വാർഡിലെത്തുന്നതോടെ 27-ാം വാർഡിൽ മൽസരം കനക്കും. ഐഎൻഎൽ മൽസരിക്കുന്ന ആറ് വാർഡുകളിൽ 31, 12 എന്നിവ മാത്രമാണ് പുരുഷ  വാർഡുകൾ.  ശേഷിച്ച 4 വാർഡുകളും സ്ത്രീസംവരണ വാർഡുകളാണ്.

തങ്ങളുടെ എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയുണ്ടായിട്ടുണ്ടെങ്കിലും, അടുത്ത മാസം ആദ്യവാരം വാർഡ് തല കൺവെൻഷനുകൾ പൂർത്തിയാക്കിയ ശേഷം മാത്രമായിരിക്കും ഐഎൻഎൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.

രണ്ട് സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതോടൊപ്പം കഴിഞ്ഞ തവണ നിസ്സാര വോട്ടുകൾക്ക് നഷ്ടപ്പെട്ട കല്ലൂരാവി-പട്ടാക്കാൽ വാർഡും പടന്നക്കാട് 27-ാം വാർഡും തിരിച്ച് പിടിക്കാനും പുതുതായി മൽസരിക്കുന്ന രണ്ട് വാർഡുകളിൽ കരുത്ത് കാട്ടാനുമാണ് ഐഎൻഎൽ ശ്രമം.

LatestDaily

Read Previous

കമ്പാർട്ട്മെന്റ് മാറിക്കയറാൻ ശ്രമം രെയിനിൽ നിന്ന് വീണ് യുവാവിൻെറ കാൽപ്പാദം അറ്റു

Read Next

പ്രതികളെ പിടികൂടാനെത്തിയ പോലീസിനെ ലീഗ് പ്രവർത്തകർ തടഞ്ഞു